അച്ഛനു വേണ്ടി മകന്റെ പാട്ട്! വിനീത് ശ്രീനിവാസന്റെ സിനിമയിലെ തുടക്കം അങ്ങനെയാണ്, കിളിച്ചുണ്ടൻ മാമ്പഴത്തിലെ പാട്ടിലൂടെ. അച്ഛൻ തിരക്കഥ എഴുതിയ ഉദയനാണ് താരം എന്ന സിനിമയിലും വിനീത് ശ്രീനിവാസൻ അച്ഛനുവേണ്ടി പാടി. സൈക്കിൾ എന്ന ചിത്രത്തിലൂടെ വിനീത് നടനുമായി. പിന്നീട് നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങളായി വിനീത് സ്‌ക്രീനിൽ എത്തി. അതിനിടയിൽ മലർവാടി ആർട്‌സ് ക്ലബിലൂടെ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പാട്ടെഴുത്തുകാരന്റെയും തൊപ്പിയും അണിഞ്ഞു. ആനന്ദം, ഹെലൻ എന്നീ ചിത്രങ്ങൾ നിർമിച്ചു. അക്ഷരാർത്ഥത്തിൽ തന്നെ വിനീതിനെ അച്ഛന്റെ മകൻ എന്നുവിളിക്കാം. വിനീത് നായകനായ തണ്ണീർമത്തൻ ദിനങ്ങൾ വൻവിജയമായി. ഒടുവിൽ നിർമിച്ച ഹെലൻ മികച്ച ചിത്രമെന്ന അഭിപ്രായം നേടി. അന്നും ഇന്നും ലാളിത്യമാണ് വിനീതിന്റെ മുഖമുദ്ര.
സിനിമയിലേക്കു ആഗ്രഹം തോന്നിയപ്പോൾ മലർവാടി ആർട്‌സ് ക്ലബ് തന്നു. പിന്നീട് ഒരു ചവിട്ടുപടിയായി തട്ടത്തിൻ മറയത്ത് തന്നു. വർഷങ്ങൾ കഴിഞ്ഞു ഒരു മാറ്റം ആവശ്യമായി വന്നപ്പോൾ ഹെലനും തന്നു. ഒരൊറ്റ പേര് വിനീത് ശ്രീനിവാസൻ… മലർവാടിയിലൂടെ വിനീത് കൈപിടിച്ചുയർത്തിയ അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചതാണിത്. ഇതുപോലെയുള്ള സൗഹൃദങ്ങളാണ് വിനീതിന്റെ കരുത്ത്.

  • സൗഹൃദങ്ങൾ ഭാഗ്യം

നല്ല സൗഹൃദങ്ങൾ എക്കാലത്തും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവരവരുടെ കാര്യങ്ങളുമായി ചിലർ മാറിപ്പോയിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ മാറ്റം ഉണ്ടാവുമല്ലോ. അങ്ങനെയുള്ള ബന്ധങ്ങളും അതിനൊപ്പം ജീവിതത്തിൽ എല്ലാക്കാലത്തും കൂടെയുള്ളവയും ഉണ്ട്. സൗഹൃദങ്ങൾ ജീവിതത്തിനു ബലം നൽകുന്ന വലിയ ശക്തിയാണ്. കോളേജ് പഠനകാലം മുതൽ കൂടെയുള്ള സുഹൃത്തുക്കൾ മാത്രമല്ല, കഴിഞ്ഞ അഞ്ചാറു വർഷത്തിനിടയിൽ ഞാൻ പ്രവർത്തിച്ച സിനിമകളിൽ എനിക്കൊപ്പം നിന്നവരുമായും അടുത്ത സൗഹൃദമുണ്ട്. അങ്ങനെ ആ സൗഹൃദം വളരുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമാണ്. ഒരു പ്രായം കഴിഞ്ഞാൽ നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക എന്നത് പ്രയാസമാണ്. ലോകത്തെ കൂടുതൽ മനസിലാക്കുന്നതിന്റെ കുഴപ്പമാണത്. പക്ഷേ, അങ്ങനെയുള്ള സമയത്തുപോലും എനിക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നുണ്ട്. അത് എന്റെ ഭാഗ്യമാണ്. അജു വർഗീസും ഷാൻ റഹ്മാനും അൽഫോൺസ് പുത്രനും എനിക്കൊപ്പം സിനിമയിൽ വന്നവരാണ്. എന്റെ ചിത്രം നന്നാവണമെന്നു അവരും അവരുടെ ചിത്രം നന്നാവണമെന്നു ഞാനും ആഗ്രഹിക്കാറുണ്ട്. സുഹൃത്തുക്കൾ എന്നതിനപ്പുറം പരസ്പരം പിന്തുണയോടെ നിൽക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്കിടയിൽ മത്സരങ്ങളില്ല. സിനിമ ഒരു സീസണിൽ സംഭവിക്കുന്നതാണ്. എന്നാൽ, സൗഹൃദങ്ങൾ അങ്ങനെയല്ല; എന്നെന്നും കൂടെയുള്ളതാണ്.
സിനിമയുമായി ബന്ധപ്പെട്ടതെല്ലാം ഞാൻ ആദ്യം പറയുന്നത് ഭാര്യ ദിവ്യയോടാണ്. പിന്നെ ഷാൻ റഹ്മാനോടും നോബിൾ ബാബു തോമസിനോടും പറയും. എന്റെ എല്ലാക്കാര്യങ്ങളും അറിയുന്നത് ഈ മൂന്നുപേരാണ്. ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് ഇത്തരം സൗഹൃദങ്ങളാണ്.

subscribe