• അക്ഷരമുറ്റത്ത് നിന്ന് നാട്യവഴികളിലൂടെ

നാലു വയസു മുതൽ അമ്മയുടെ ശിക്ഷണത്തിൽ നൃത്തം പഠിച്ചിരുന്നു. എങ്കിലും, ഒരു നർത്തകിയാകണമെന്ന തീരുമാനമെടുത്തത് വളരെ വൈകിയാണ്. അമ്മ മറ്റു കുട്ടികളെ പഠിപ്പിക്കുമ്പോൾ അവർക്കൊപ്പം ചേർന്ന് അമ്മ പറയുന്നത് അനുസരിക്കുമെങ്കിലും വലിയൊരു ആഭിമുഖ്യം നൃത്തത്തോടു ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഞാൻ പുലർത്തിയിരുന്നില്ല. ഏഴാം വയസിൽ മറ്റു കുട്ടികൾക്കൊപ്പം ഗുരുവായൂരിലായിരുന്നു അരങ്ങേറ്റം. അന്നെനിക്ക് മുടി കുറവായിരുന്നു. ഇന്നത്തെപ്പോലെ വിഗ് ഉപയോഗിക്കുന്നത് അപൂർവം. അമ്മയ്ക്കാണെങ്കിൽ നല്ല തിരക്കും. അതുകൊണ്ട് ഒരാൺകുട്ടിയുടെ വേഷത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട്, കുറേ നാൾ അമ്മ മറ്റു കുട്ടികളെ പഠിപ്പിക്കുന്നതിനാപ്പം പഠിച്ചു. പത്താം വയസിൽ അതിനുമൊരു തടസമുണ്ടായി. നൃത്താധ്യാപിക എന്ന നിലയിൽ അമ്മ അച്ചടക്കത്തിന്റെ ആൾരൂപമാണ്. അമ്മയുടെ മറ്റു ശിഷ്യരുടെ കുറ്റങ്ങൾക്കു കൂടി ശിക്ഷ കിട്ടുക എനിക്കാവും. മറ്റു കുട്ടികളോടു പ്രകടിപ്പിക്കാനാത്ത ദേഷ്യം എന്നോടു കാണിച്ചതിൽ പ്രതിഷേധിച്ച് ഒരു ദിവസം ഞാൻ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നെ, രണ്ടു കൊല്ലം നൃത്തം പഠിച്ചില്ല. പതിമൂന്നാം വയസിലാണ് നൃത്തപഠനം വീണ്ടും ആരംഭിച്ചത്. എന്റെ നൃത്തം ആളുകൾ അംഗീകരിക്കുന്നു എന്നൊരു തോന്നൽ വന്നുതുടങ്ങിയത് അക്കാലത്താണ്. ഡിഗ്രി പഠനകാലത്താണ് ഗൗരവമായി നൃത്ത പഠനത്തിലേക്ക് എത്തുന്നത്.

ആറു വയസു മുതൽ സംഗീതവും പഠിച്ചിരുന്നു. ഞാൻ പാട്ടുകാരിയാകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയ്ക്കു സംഗീതം അത്രയ്ക്ക് ഇഷ്ടമായിരുന്നു. അമ്മയുടെ അമ്മയും അനിയത്തിയും നന്നായി പാടുമായിരുന്നു. ആ കാലഘട്ടത്തിൽ, എന്റെ മനസു നിറയെ സാഹിത്യവും പുസ്തകങ്ങളും ആയിരുന്നു. വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കാനായിരുന്നു മോഹം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം കഴിഞ്ഞ് എൻട്രൻസ് എഴുതി. ചെന്നൈയിൽ സീറ്റ് ലഭിച്ചു. എന്നാൽ, നൃത്തവിദ്യാലയത്തിലെ കാര്യങ്ങൾ അമ്മയ്ക്ക് ഒറ്റയ്ക്ക് നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. അവിടത്തെ കാര്യങ്ങൾ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ വിഷ്വൽ കമ്യൂണിക്കേഷൻ എന്ന സ്വപ്നം ഉപേക്ഷിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷിൽ മാസ്റ്റർ ഡിഗ്രിക്ക് ചേർന്നു. ഒപ്പം, നൃത്തപഠനവും തുടർന്നു.

‘നൃത്ത്യാലയ’ എന്നത് അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അച്ഛൻ തുടങ്ങിയ സ്ഥാപനമാണ്. പരിസ്ഥിതി സൗഹൃദത്തോടെ നിർമിച്ച കേരളത്തിലെ ആദ്യത്തെ വിദ്യാലയമാണത്. ബോധപൂർവമായ തെരഞ്ഞെടുപ്പ് എന്നതിനപ്പുറം സാഹചര്യങ്ങളും നിയോഗവുമാണ് എന്നെ ഇവിടേക്ക് എത്തിച്ചത്.

  • എം.ടി. വാസുദേവൻ നായർ എന്ന അച്ഛനും കലാമണ്ഡലം സരസ്വതി എന്ന അമ്മയും

ഭാഗ്യം ചെയ്ത മകളാണ് ഞാൻ. എട്ടാം ക്ലാസിലും പത്തിലും മലയാളം ക്ലാസിൽ അച്ഛന്റെ കഥകൾ പഠനവിഷയമായിരുന്നു. പാഠഭാഗമെടുക്കുമ്പോൾ ടീച്ചർ എന്നെ ഇടയ്ക്കിടെ നോക്കുന്നതും തിരിച്ച് ഞാൻ ടീച്ചറെ നോക്കുന്നതുമൊക്കെ ഇന്നും ഓർമയിലുണ്ട്. അച്ഛന്റെ പുസ്തകങ്ങൾ വായിച്ചുതുടങ്ങുന്ന പ്രായവുമതാണ്.

വീട്ടിലാണെങ്കിൽ, അച്ഛന്റെ സിനിമാ-സാഹിത്യ സുഹൃത്തുക്കൾ വരും. പുനത്തിൽ കുഞ്ഞബ്ദുള്ള, തിക്കോടിയൻ, എൻ.പി. മുഹമ്മദ് തുടങ്ങിയ വലിയ എഴുത്തുകാർ വീട്ടിൽ വരും. അവധിക്കാലം ചെലവഴിക്കുക ചെന്നൈയിലാണ്. അവിടെ, അച്ഛനൊരു ഫ്‌ളാറ്റുണ്ടായിരുന്നു. തിരക്കഥയുടെ ജോലികൾക്കായി അച്ഛനവിടെ ആയിരുന്നു. അമ്മയുടെ ഉന്നത പഠനവും ചെന്നൈയിലായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച്, പത്തു വയസു മുതൽ കലാമണ്ഡലത്തിൽ പഠിച്ച് ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ് അമ്മ. ഡോ. പത്മ സുബ്രമണ്യം, ചിത്ര വിശ്വേശ്വരൻ മുതലായ വലിയ ഇതിഹാസങ്ങളുടെ അടുത്ത്, അമ്മ പഠിക്കുന്നതും ഗുരുക്കന്മാർ പഠിപ്പിക്കുന്നതും കണ്ടിരിക്കാൻ സാധിച്ചത് പുണ്യം തന്നെയാണ്. ചിന്നസത്യം സാറിന്റെ ക്ലാസുകൾ കാണാൻ സാധിച്ചതെല്ലാം വലിയ ഭാഗ്യം തന്നെ.

subscribe