രണ്ടു മാത്തുക്കുട്ടികളും ഒരുമിച്ചുള്ള ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് ആർ.ജെ മാത്തുക്കുട്ടി കുറിച്ചു: ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി സേവ്യർ. കൺഗ്രാജുലേഷൻസ് ബ്രദർ. നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ… മാത്തുക്കുട്ടി സേവ്യറിന്റെ ആദ്യ ചിത്രം ഹെലനെപ്പറ്റി മറ്റൊരു പോസ്റ്റിൽ ആർ.ജെ മാത്തുക്കുട്ടി എഴുതി: മുണ്ട് മടക്കിക്കുത്തുമ്പോഴും മീശ പിരിക്കുമ്പോഴുമല്ല, മേലെ നിന്നൊരു സ്റ്റീൽ പാത്രം താഴെ വീഴുമ്പോൾ ഒരു തിയേറ്റർ മുഴുവൻ കൈയടിക്കുന്നത് കണ്ടിട്ടുണ്ടോ? ഹെലൻ കാണണം!
പൊള്ളുന്ന പകലുകളും നിയോൺ രാത്രികളുമില്ലാതെ നമുക്കൊരു തണുത്തുറഞ്ഞ ത്രില്ലർ സിനിമയുണ്ടാക്കാമോ?
ഹെലൻ കാണണം. എല്ലാ മരവിപ്പുകൾക്കും മീതെ സ്‌നേഹത്തിന്റെ ഊഷ്മളത വന്ന് പൊതിയുന്നത് അനുഭവിക്കണോ? ഹെലൻ കാണണം. അന്ന ബെൻ, ലാൽ, അജു വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച സർവൈവൽ ത്രില്ലർ ജോണറിലുള്ള ഹെലൻ ഒരു അത്ഭുത ചിത്രമാണ്. മാത്തുക്കുട്ടിയുടെ മനസിൽ സ്‌കൂൾ പഠനകാലത്തേ കയറിക്കൂടിയതാണ് സിനിമ. പഠനശേഷം നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യ ചിത്രം തിയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മാത്തുക്കുട്ടി.

  • സ്‌കൂളിലെ ഷോർട്ട് ഫിലിം

സ്‌കൂൾ പഠനകാലത്താണ് ആദ്യ ഷോർട്ട് ഫിലിം ചെയ്തത്. സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസുകൾ തുടങ്ങിയ കാലം. സ്‌കൂളിൽ ഒരു പ്രൊജക്ടർ ഉണ്ടായിരുന്നു. അതിന്റെ ആവേശത്തിലാണ് ആദ്യ ഷോർട്ട് ഫിലിം ഒരുക്കിയത്. അന്ന് ഓൺലൈനിൽ നോക്കി പഠിച്ചൊക്കെയാണ് എടുത്തത്. ആ പ്രായത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ കാണുമ്പോൾ പൊട്ടത്തരമായി തോന്നും. ഷോർട്ട് ഫിലിം എടുത്ത ശേഷം റിലീസ് ചെയ്യാനുള്ള അനുമതി വാങ്ങി. രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്. ഓരോ ക്ലാസിനും പ്രിവ്യൂ വച്ചു. പന്ത്രണ്ടാം ക്ലാസിലെ ചേട്ടന്മാർക്ക് ഞങ്ങളുടെ ഷോർട്ട് ഫിലിം കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാൽ, ചെറിയ ക്ലാസിലെ കുട്ടികൾ കൈയടിച്ചു. അതു നൽകിയ ആത്മവിശ്വാസവും സന്തോഷവും വലുതായിരുന്നു. അതാണ് സിനിമയിലേക്ക് വരാനുള്ള ആത്മവിശ്വാസം നൽകിയത്. പിന്നീട് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനാണ് പഠിച്ചത്.

  • സ്വപ്‌നമാണ് ഈ സിനിമ

ഹെലന്റെ കഥ വർഷങ്ങളായി മനസിലുണ്ട്. ഹെലന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആൽഫ്രഡിന് ന്യൂസ് പേപ്പർ ക്ലിപ്പിങ്‌സ് ശേഖരിക്കുന്ന സ്വഭാവമുണ്ട്. ചിത്രത്തിന്റെ ത്രെഡിൽ സന്ദർഭത്തിന് അനുസരിച്ച് ഈ വാർത്തകൾ ചേർത്തുവച്ചപ്പോഴാണ് ഹെലന്റെ തിരക്കഥ യാഥാർത്ഥ്യമായത്. കഴിഞ്ഞ ജനുവരിയിൽ തിരക്കഥ പൂർത്തിയാക്കി. പുതിയ ആശയങ്ങൾ വരുമ്പോൾ ഞങ്ങൾ വിനീതേട്ടനോട് പറയും. ഹെലന്റെ കഥ വിനീതേട്ടനോട് പറഞ്ഞു. ‘ഞാൻ നിർമിക്കാം’ എന്ന് അദ്ദേഹം ഇങ്ങോട്ടുപറയുകയായിരുന്നു.

subscribe