ഉറക്കമുണർന്നയുടൻ പുറത്തിറങ്ങി നോക്കാനാണ് തോന്നിയത്. രാത്രിയിൽ എത്തിയതിനാൽ പുറത്തെ അവസ്ഥ എന്താണെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. പൂർണമായി തടിയിൽ തീർത്ത ഒരു കെട്ടിടം ആയിരുന്നതിനാൽ അകത്ത് തണുപ്പുണ്ടായിരുന്നെങ്കിലും താങ്ങാൻ പറ്റുന്നതായിരുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങിയ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ചുറ്റും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ. വേറൊരു ലോകത്ത് വന്നെത്തിപ്പെട്ടതുപോലെ. കണ്ണെടുക്കാനേ കഴിഞ്ഞില്ല. അങ്ങനെ തന്നെ നിന്നു അവിടെ കുറെയേറെ നേരം. ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിക്കുന്നതാവും നല്ലത്. സമുദ്രനിരപ്പിൽനിന്ന് 6150 അടി ഉയരത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇവിടെ ഇങ്ങനെയാണെങ്കിൽ ഇനിയും മുകളിലേക്കു ചെല്ലുന്തോറും കാണാൻ പോകുന്ന കാഴ്ചകൾ എന്താവും എന്നോർത്ത് അത്ഭുതപ്പെട്ടു നിന്നു.

നിറങ്ങളുടെ ഉത്സവം
…………………………

രാവിലെ ജോൺസൺ അച്ചൻ തന്നെ ഞങ്ങളുടെ മുഖത്ത് നിറങ്ങൾ തേച്ചു ഹോളി ആഘോഷത്തിനു തുടക്കമിട്ടു. അച്ചന്റെ ആവേശം ഞങ്ങളും ഏറ്റെടുത്തു. പരസ്പരം മുഖത്ത് ചായം പൂശി ഞങ്ങളും ആഘോഷം തുടങ്ങി. ഗ്രാമഭംഗി ആസ്വദിക്കാനും സ്ഥലങ്ങൾ കാണിച്ചു തരാനും അച്ചനും ഞങ്ങൾക്കൊപ്പം കൂടി. മലയിടുക്കുകളിൽ തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചിരിക്കുന്നതു പോലെ നിരനിരയായി ചെറിയ വീടുകൾ. പരന്ന ആകൃതിയിലുള്ള കല്ലുകൾ അടുക്കിയാണ് മിക്ക പഴയ വീടുകളുടെയും മേൽക്കൂരകൾ നിർമിച്ചിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനുള്ള മാർഗമാണ് ഇത്. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ വരെ താമസിക്കുന്നുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർവരെ നിറങ്ങളുടെ ഉത്സവം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. കുട്ടികൾ വർണപ്പൊടികൾ വാരിയെറിയുകയും നിറങ്ങൾ വെള്ളത്തിൽ കലക്കി പരസ്പരം എറിഞ്ഞ് കളിക്കുമ്പോൾ കുടുംബത്തിലെ മുതിർന്ന ആണുങ്ങൾ എല്ലാം മദ്യലഹരിയിലാണ്. സ്ത്രീകളാകട്ടെ ഒരുമിച്ച് കൂടി പാട്ടും ഡാൻസുമായി ഇരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വരെ ആഘോഷം തകൃതിയായി നടക്കുന്നു. ഞങ്ങളങ്ങനെ കാഴ്ചകൾ കണ്ട് അച്ചനോടൊത്തു പൊതുനിരത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു നിറമഴപെയ്തു. അച്ചൻ ഓടിക്കോയെന്ന് വിളിച്ചു പറഞ്ഞതും ഞങ്ങൾ ചിതറിയോടി. പിന്നെയാണ് മനസിലാകുന്നത് കുട്ടികൾ വീടിന്റെ മുകളിൽ ഒളിച്ചിരുന്ന് താഴെക്കൂടെ പോകുന്നവരുടെ മേൽ നിറം കലക്കിയ വെള്ളം ഒഴിക്കുന്നതാണെന്ന്. പലപ്പോഴും ഓടിമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലാവരും നിറങ്ങളിൽ കുളിച്ചു.

ഹോളികയും ഗുജിയയും
………………..

ഹോളിയുടെ അന്നേദിവസം ഗുജിയ എന്ന പേരിൽ ഒരു പലഹാരം എല്ലാ വീടുകളിലും ഉണ്ടാക്കും ഹോളി സ്‌പെഷ്യൽ വിഭവമാണ്. നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന മടക്കപ്പം പോലെയിരിക്കും. ഇതിനുള്ളിൽ തേങ്ങയും മലരും പഞ്ചസാരയുമൊക്കെ മിക്‌സ് ചെയ്ത് നിറച്ച ഒരു വിഭവം. ഞങ്ങൾ സന്ദർശിച്ച വീടുകളിൽ നിന്നെല്ലാം ഗുജിയ കഴിച്ചു. അച്ചനോടൊപ്പം അവിടെയുള്ള വീടുകളും സ്‌കൂളും കോൺവെന്റും ഞങ്ങൾ സന്ദർശിച്ചതിനു ശേഷം ഉച്ചയോടു കൂടി തിരിച്ചു വീട്ടിലെത്തി. ഉച്ചകഴിയുന്നതോടു കൂടി ഹോളിയാഘോഷത്തിന്റെ പരിസമാപ്തി എന്ന രീതിയിൽ എല്ലാവരും കുളിച്ചു നിറങ്ങളൊക്കെ കഴുകിക്കളയും. അതോടുകൂടി ഹോളിയാഘോഷം അവസാനിച്ചു.
മൂന്ന് ലോകങ്ങൾ കീഴടക്കിയ ഹിരണ്യകശ്യപു മൂന്ന് ലോകത്തുള്ളവരും തന്നെ ആരാധിക്കണമെന്ന് ഉത്തരവിട്ടു. എന്നാൽ അഞ്ചരവയസുകാരൻ മകൻ പ്രഹ്ലാദൻ അച്ഛനെ അരാധിച്ചില്ല. ഇതിൽ കലിപൂണ്ട ഹിരണ്യകശ്യപു മകനെ കൊല്ലാൻ ഉത്തരവിടുകയും വിഷ്ണുഭക്തനായ പ്രഹ്ലാദനെ ആർക്കും കൊല്ലാൻ സാധിക്കാതെ വരുകയും ഒടുവിൽ ഹിരണ്യകശ്യപു സഹോദരി ഹോളികയുടെ സഹായം തേടുകയും ചെയ്തു. ഹോളിക അഗ്‌നിക്കിരയാകില്ല എന്ന വരം ഉപയോഗിച്ച് പ്രഹ്ലാദനുമായി തീയിൽ ചാടുകയും തെട്ടടുത്ത നിമിഷം ഹോളിക കത്തിയെരിയുകയും പ്രഹ്ലാദൻ രക്ഷപ്പെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളിക കത്തിയെരിഞ്ഞതിന്റെ പ്രതീകമായിട്ടാണ് ഹോളിയുടെ തലേന്ന് രാത്രി വിറകുകൾക്കൂട്ടി തീ കത്തിക്കുകയും പിറ്റേന്ന് നിറങ്ങൾ വാരിയെറിഞ്ഞ് സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നത്.

subscribe