രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറുമൂടുമാണ് പ്രധാന വേഷത്തിൽ. റോബോട്ട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം മലയാളികളുടെ ഹൃദയം കവർന്നു. രതീഷ് സംസാരിക്കുന്നു.

  • എന്റെ നാടും കഥാപാത്രങ്ങളും

ഞാൻ പയ്യന്നൂർ സ്വദേശിയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ കഥാപാത്രങ്ങളെ കണ്ടെത്തിയത് എന്റെ നാടായ പയ്യന്നൂരിൽ നിന്നാണ്. നാട്ടിൽ എനിക്ക് പരിചിതമായ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്ങും. പയ്യന്നൂർ, അന്നൂർ ഭാഗങ്ങളിൽ നിരവധി നാടകനടന്മാരുണ്ട്. അവരെ സിനിമയിലെ കഥാപാത്രങ്ങളാക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. നാട്ടുകാരായ അഭിനേതാക്കളെ ഓഡിഷനിലൂടെ കണ്ടെത്തുന്നത് അങ്ങനെയാണ്. ഭൂരിഭാഗം അഭിനേതാക്കളും വടക്കൻ കേരളത്തിൽ നിന്നുള്ളവരാണ്. കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളുടെയും പൂർണതയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

  • സിനിമയിൽ പതിനഞ്ചു വർഷം

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സ്‌ക്രിപ്റ്റിന്റെ വർക്ക് തുടങ്ങിയിട്ട് നാലഞ്ചു വർഷമായി. ശരിക്കും ഞാൻ പ്രൊഡക്ഷൻ ഡിസൈനറാണ്. മുംബൈയിലാണ് വർക്ക് ചെയ്യുന്നത്. അസിസ്റ്റന്റായും ഇൻഡിപെന്റന്റായും സിനിമയിൽ പതിനഞ്ചു വർഷമായി ആർട്ട് ഡയറക്ടറാണ്. പത്ത് വർഷമായി മുംബൈയിലാണ്. പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചതാണ് സംവിധായകനാകാനുള്ള എന്റെ പരിചയം. പ്രൊഡക്ഷൻ ഡിസൈനർ എപ്പോഴും ഡയറക്ടറുടെ കൂടെയാണ് വർക്ക് ചെയ്യുന്നത്. ഒരു സിനിമയിൽ എങ്ങനൊക്കെ പ്രവർത്തിക്കാനാവുവോ അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്.

  • സംവിധാനം എന്ന സ്വപ്നം

സംവിധാനം നേരത്തെ മനസിലുണ്ടായിരുന്ന ആഗ്രഹമാണ്. ഈ കഥ എന്റെ സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോൾ വർക്കാവാൻ സാധ്യതയുണ്ടെന്നു ബോധ്യം വന്നതുകൊണ്ടാണ് പ്രോജക്ടുമായി മുന്നോട്ടുപോയത്. സിനിമയുടെ കാമറമാൻ ഷാനു ജോൺ വർഗീസിന്റെ സുഹൃത്തും സഹപാഠിയുമാണ് നിർമാതാവ് സന്തോഷ് ടി. കുരുവിള. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞ് ഷാനു വഴിയാണ് അദ്ദേഹത്തെ സമീപിച്ചത്. ആൻഡ്രോയിഡ് കുഞ്ഞപ്പനു മുമ്പു ചില തിരക്കഥകൾ എഴുതിയിരുന്നു എങ്കിലും ജോലിത്തിരക്കുമൂലം പൂർത്തിയാക്കാനായില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ആശയം തോന്നിയപ്പോൾ എഴുതിനോക്കി. പൂർത്തിയായപ്പോഴാണ് സൗബിനോട് പറഞ്ഞത്.

subscribe