അറുപത്തിയേഴ് വർഷം മുമ്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാരണക്കാരുടെ പോലും ചുണ്ടിൽ നിന്ന് ഉതിർന്നു വീഴുകയും പലതരത്തിലുള്ള വേദികളിൽ ഉദ്ധരിക്കപ്പെടുകയും ചെയ്യുമ്പോൾ കവിക്കുണ്ടാകുന്ന ആത്മസംത്യപ്തി എത്രമാത്രമായിരിക്കും. എന്നാൽ, അക്കിത്തത്തിന് അത്രവലിയ ആത്മസംത്യപ്തിയൊന്നുമില്ല. എന്തൊക്കെയോ മഹാകാര്യങ്ങൾ താൻ ചെയ്‌തെന്ന ഭാവവുമില്ല. എഴുതേണ്ടതു മുഴുവൻ എഴുതിയിട്ടില്ലെന്നും ചെയ്യേണ്ടതു മുഴുവൻ ചെയ്തിട്ടില്ലെന്നുമുള്ള ഒട്ടൊരു അസംത്യപ്തിയും അപൂർണതാ ബോധവുമാണ് ഈ 93-ാം വയസിലും അദ്ദേഹത്തിനുള്ളത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാര ലബ്ധി അറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമില്ല. സന്തോഷത്തിന്റെ ചെറിയ തിരയിളക്കം പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ.

അക്കിത്തം അച്യൂതൻ നമ്പൂതിരി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിയത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ഇപ്പോൾ ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് രണ്ടു ദശകം കൂടി കടക്കുന്നു. പക്ഷേ, അത് ആസ്വാദകരുടെ നെഞ്ചിൽ കൊളുത്തുന്ന നാളങ്ങൾ ഈനൂറ്റാണ്ടിലും പഴയ അളവിൽത്തന്നെ.

”വെളിച്ചം ദുഃഖമാണുണ്ണി
തമസല്ലോ സുഖപ്രദം”
എന്നത് ഏറെ ഉദ്ധരിക്കപ്പെടുക മാത്രമല്ല ഏറെ ചിന്തകൾക്കു വഴിയൊരുക്കുക കൂടി ചെയ്തിട്ടുണ്ട്. ആ കവി വാക്യത്തിന്റെ മുഴക്കങ്ങൾ എത്രപേർ മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ വെളിച്ചം എങ്ങനെ ദുഃഖമാകുന്നുവെന്നും കവി പറയുന്നുണ്ട് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ദർശനമായിരുന്നു അത്. എത്രത്തോളം വിമർശിക്കപ്പെട്ടുവോ അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ വരികൾ. എന്നാൽ ആറര പതിറ്റാണ്ടുകൾക്കിപ്പുറവും ആ വീക്ഷണത്തിനു പ്രസക്തി നഷ്ട്ടപ്പെടുന്നില്ല, ഒരുപക്ഷേ ഏറുകയും ചെയ്തിരിക്കുന്നു. ബോധമനസിൽ നിന്നാണ് കവിത ജനിക്കുന്നതെന്നു പോലും കരുതാത്ത കവിക്കാകട്ടെ കവിതയാണ് ജീവിതമെന്ന ഭാവമില്ല. കാപട്യങ്ങളില്ലാത്ത മനസിൽ നിന്ന് ഒഴുകിവരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അക്കിത്തം അച്യൂതൻ നമ്പൂതിരി, സത്യധർമാദികളെപ്പോലെ കവിതയും ഏറെയൊന്നും ശേഷിച്ചിട്ടില്ലാത്ത പുതിയ കേരളീയ സമൂഹത്തിന്റെ പൂമുഖത്തു ചാരുകസേരയിലിരിക്കുന്നു.

subscribe