ഇന്ത്യൻ നിരത്തുകളുടെ പ്രിയ താരമാകാൻ മാരുതി സുസുക്കിയുടെ കുഞ്ഞൻ എസ്‌യുവി രംഗത്തെത്തി. 2018 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ച ഫ്യൂച്ചർ എസ് കൺസെപ്റ്റ് കാറിന്റെ പ്രൊഡക്ഷൻ പതിപ്പാണ് എസ് പ്രെസോ. വാഹനത്തിന്റെ സ്‌റ്റൈലും വിലയുമാണ് ഏറ്റവും ആകർഷണീയമായ ഘടകം. വാഹന പ്രേമികൾക്ക് എസ്‌യുവി മോഡലുകളോടുള്ള പ്രിയം വളരെ കൂടുതലാണ്. എസ് പ്രെസോ നിരത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ ബുക്കിങ് പതിനായിരം കടന്നു.

യുവാക്കളെ ആകർഷിക്കുന്ന മോഡലായ എസ് പ്രെസോയ്ക്ക് ഈ സെഗ്മെന്റിൽ ലഭ്യമായവയിൽ മികച്ച സുരക്ഷയാണ് മാരുതി ഒരുക്കിയിരിക്കുന്നത്. എബിഎസ് വിത്ത് ഇബിഡി, എയർബാഗ് തുടങ്ങി പത്തിലധികം സുരക്ഷാ സംവിധാനങ്ങൾ കമ്പനി ഒരുക്കിയിരിക്കുന്നു. മികച്ച സീറ്റുകൾ, സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകൾ എസ് പ്രെസോയ്ക്കുണ്ട്. എസ്‌യുവി സ്‌റ്റൈൽ വേണ്ടുവോളമുള്ള എസ് പ്രെസോയുടെ മുൻഭാഗവും പിൻ ഭാഗവും ഏറെ ബോൾഡാണ്. എസ്‌യുവി ലുക്കിനു വേണ്ടി മസ്‌കുലറായ വീൽ ആർച്ച്, ഉയർന്ന ബോണറ്റ്, വലിപ്പമുള്ള ബംപറുകൾ, സ്‌കഫ് പ്ലേറ്റുകൾ ഒരുക്കിയിരിക്കുന്നു. ഇന്റീരിയറിന്റെ ഭംഗി എടുത്തു പറയേണ്ടതാണ്. സ്‌റ്റൈലിഷായ ഡ്യുവൽ ടോൺ ഇന്റീരിയർ വാഹനത്തിനു നൽകിയിരിക്കുന്നു.

68 എച്ച്പിയും 90 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ആൾട്ടോ കെ 10 ന്റെ എൻജിനാണ് എസ് പ്രെസോയ്ക്കും കരുത്തു നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ, എജിഎസ് ഗിയർബോക്‌സുകളിൽ എസ് പ്രെസോ വിപണിയിൽ ലഭിക്കും. ലിറ്ററിന് 21.7 കി.മീ. മൈലേജ് മാരുതി വാഗ്ദാനം ചെയ്യുന്നു.

subscribe