മറക്കാനാവില്ല ആ കുട്ടിയെ; ഒരിക്കലും. വളർന്നു വലുതായപ്പോഴും രാജ്യം ബഹുമതികൾക്കൊണ്ട് ആദരിച്ചപ്പോഴും അവൻ എനിക്കു മുൻപിൽ കുട്ടി തന്നെയായിരുന്നു. ആറാമത്തെ വയസിൽ ജ്യേഷ്ഠന്റെ കൈയിൽ തൂങ്ങി ‘കളത്തൂർ കണ്ണമ്മ’യുടെ സെറ്റിലേക്ക് കടന്നുവന്ന ആ കൊച്ചുമിടുക്കനെ ആർക്കുമങ്ങനെ മറക്കാനാവില്ല. എ.വി.എം സ്റ്റുഡിയോ കാണണമെന്ന മോഹമായിരുന്നു അക്കാലത്ത് അവനുണ്ടായിരുന്നതെന്ന് ഒരിക്കൽ അവൻ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. അല്ലാതെ സിനിമയിലഭിനയിക്കാനുള്ള മോഹമൊന്നും ആ കുട്ടിക്കുണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടില്ല. അവന്റെ അച്ഛനുമമ്മയും സിനിമയുടെ വഴിയെ അവനെ പറഞ്ഞയച്ചതായിരുന്നില്ല. ഒരു ഡോക്ടർക്കൊപ്പമാണ് അന്ന് അവൻ എ.വി.എംലേക്ക് കയറിവന്നതെന്നു കേട്ടിട്ടുണ്ട്. അത് അവന്റെ സിനിമയിലേക്കുള്ള വഴി തുറന്നു. യാദൃശ്ചികമെങ്കിലും അനിവാര്യമായിരുന്നു ആ കുട്ടിയുടെ കടന്നുവരവ്. കാലം അതു തെളിയിച്ചു. പറഞ്ഞുവരുന്നത് കമൽഹാസനെ കുറിച്ചാണ്. നടി സുകുമാരിയുടെ ഭർത്താവ് ഭീംസിങ് ആയിരുന്നു കളത്തൂർ കണ്ണമ്മയുടെ സംവിധായകൻ. അദ്ദേഹം പറഞ്ഞുതന്നതുപോലെ അഭിനയിച്ചു എന്നാണ് ആ സിനിമാഭിനയത്തെ കുറിച്ച് കമൽ തന്നെ പറഞ്ഞത്. പക്ഷേ, ആ സിനിമ വലിയ വിജയമായി മാറുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. അവിടം മുതൽ സിനിമ അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അവൻ സിനിമയുടെയും.

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് കളത്തൂർ കണ്ണമ്മ നേടികൊടുത്തപ്പോൾ ആ പുരസ്‌കാരത്തിന്റെ മൂല്യം തിരിച്ചറിയാനുള്ള പ്രായമൊന്നും അന്ന് കമലിനുണ്ടായിരുന്നില്ല. ഒരുപാട് ചോക്ലേറ്റ് വാങ്ങിക്കൊടുക്കുമ്പോൾ ഒരു കുട്ടിക്കുണ്ടാകുന്ന സന്തോഷം, അതേ കമലിനും ഉണ്ടായിട്ടുള്ളു. പിന്നെ കുറേക്കാലം കഴിഞ്ഞ് കമൽ എന്നോടു പറഞ്ഞു, പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം അച്ഛനുമമ്മയും ജ്യേഷ്ഠന്മാരുമൊക്കെ ആഹ്ലാദിച്ചതിനെക്കുറിച്ച്. ആ രാത്രി അവരെല്ലാം ഉറങ്ങാതെയിരുന്നു സംസാരിച്ചത് കളത്തൂർ കണ്ണമ്മയിലെ അവന്റെ അഭിനയത്തെക്കുറിച്ചായിരുന്നുവത്രേ. അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനിൽ നിന്നാണ് കമൽ ആ പുരസ്‌കാരം സ്വീകരിച്ചത്. അവിടുന്നു തുടങ്ങിയതാണ് സിനിമയിൽ അവന്റെ യാത്ര. സിനിമയെ അറിഞ്ഞും പഠിച്ചും അനുഭവിച്ചും കടന്നുപോയ 59 വർഷങ്ങൾ. ഇന്നും സിനിമ തന്നെയാണ് കമലിന്റെ ശ്വാസവും ജീവനും.

സത്യൻ നായകനായ ‘കണ്ണും കരളും’ എന്ന എന്റെ സിനിമയിലെ ബാലതാരമായി അഭിനയിക്കാൻ കമലിനെ തെരഞ്ഞെടുക്കാൻ കാരണം കളത്തൂർ കണ്ണമ്മയിലെ അവന്റെ പ്രകടനം തന്നെയായിരുന്നു. അപ്പോഴേക്കും എം.ജി.ആറിനും ശിവാജി ഗണേശനുമൊപ്പവും കമൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. സ്വന്തം മകനോടു കാണിക്കുന്ന വാത്സല്യമാണ് ഞാൻ കമലിനു നൽകിയത്. പറഞ്ഞു കൊടുത്താൽ എല്ലാം അവൻ കൃത്യമായി ചെയ്യും. അതെല്ലാം സെറ്റിൽ വലിയ ചർച്ചയായിരുന്നു. കണ്ണും കരളിന്റെ ഷൂട്ടിങ് സെറ്റിലേക്ക് ആദ്യമായി സത്യൻ കടന്നുവന്നത് ഞാനിപ്പോഴും ഓർക്കുന്നു. വെള്ള അംബാസിഡർ കാറിൽ വന്നിറങ്ങിയ സത്യനെ ചൂണ്ടി ഞാൻ കമലിനോടു ചോദിച്ചു: ‘മോന് ഈ സാറിനെ അറിയാമോ?’ സത്യൻ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ‘അറിയില്ല’ എന്ന് അവൻ മറുപടി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു കൊടുത്തു: ‘മോനേ ഇതാണ് സത്യൻ. വലിയ നടനാണ്, മോൻ ഈ സിനിമയിൽ സത്യൻ സാറിനൊപ്പമാണ് അഭിനയിക്കുന്നത്.

അതുവരെ സത്യൻ ആരാണെന്നുപോലും കമലിനറിയില്ലായിരുന്നു. പിന്നീട്, സത്യനും അവനു ഗുരുവായി. ബാലതാരമായി കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ പിന്നെ കോറിയോഗ്രാഫറുടെ അസിസ്റ്റന്റായി വർക്ക് ചെയ്യാൻ തുടങ്ങിയ കമലിനു കുറേ ചിത്രങ്ങളിൽ ഡാൻസ് രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെന്നല്ലാതെ അഭിനയിക്കാനുള്ള അവസരങ്ങളുണ്ടായില്ല. പിന്നീട് അവന്റെ പതിനെട്ടാമത്തെ വയസിലാണ് ഞാൻ കമലിനെ വീണ്ടും കാണുന്നത്. ഒരു ദിവസം വീടിന്റെ പടികടന്നുവന്ന കമലിനെ എനിക്കു മനസിലായില്ല. അവൻ തന്നെ പറഞ്ഞു: ‘സർ, ഞാൻ കമലഹാസനാണ്, വെറുതെയൊന്ന് സാറിനെ കാണണമെന്നു തോന്നി വന്നതാണ്. ആ സമയത്ത് ഞാൻ എം.ടിയുടെ ‘കന്യാകുമാരി’ സിനിമയാക്കാനുള്ള പ്രവർത്തനങ്ങളിലായിരുന്നു. കന്യാകുമാരിയിലെ നായകനെ ഞാനപ്പോൾ തന്നെ കമലിൽ കണ്ടു. പെട്ടെന്നു തന്നെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. പിന്നീടൊരിക്കൽ കമൽ പറഞ്ഞു: ‘ അന്ന് സേതുസാർ കന്യാകുമാരിയിൽ അഭിനയിക്കുവാൻ വിളിച്ചില്ലായിരുന്നുവെങ്കിൽ തമിഴിൽ എനിക്ക് നായകനാവാൻ പറ്റുമായിരുന്നില്ല. വർഷം അമ്പത് കഴിഞ്ഞെങ്കിലും സേതു സാറിന്റെ മുന്നിൽ ഞാനിന്നും കുട്ടിയാണ്’.

subscribe