ആ സ്‌നേഹം ഇപ്പോഴും കുറഞ്ഞിട്ടില്ല; പരിചയപ്പെട്ട നാളിൽ എങ്ങനെയായിരുന്നോ കമൽഹാസൻ അതുപോലെയാണ് ഇന്നും. അധികം കൂടിക്കാഴ്ചകളോ ഫോൺവിളികളോ ഒന്നും ഞങ്ങൾക്കിടയിലില്ല. എങ്കിലും കാണുമ്പോൾ ‘സാർ…’ എന്ന സ്‌നേഹത്തോടെയുള്ള കമലിന്റെ വിളിയിൽ എല്ലാമുണ്ട്. ചെന്നൈയിൽ നടന്ന ഇന്ത്യൻ സിനിമയുടെ നൂറാം പിറന്നാളാഘോഷവേളയിലാണ് ഞങ്ങൾ അവസാനമായി കണ്ടത്. ആ ദിവസം എന്റെ എൺപതാം പിറന്നാൾ കൂടിയായിരുന്നു. അതുകൊണ്ടാവാം ആ വേദിയിൽ എന്നെ ആദരിച്ചിരുന്നു. മോഹൻലാലും മമ്മൂട്ടിയും കമലും ചേർന്നാണ് എന്നെ ഹാരമണിയിച്ചത്. ആ ചടങ്ങിനിടയിൽ കമൽ ഒരുപാട് സംസാരിച്ചു. മലയാളസിനിമയിൽ കമൽ നിറഞ്ഞുനിന്ന കാലത്തെ ഓർമകളായിരുന്നു ഏറെയും പങ്കുവച്ചത്. വീണ്ടും ഒരു മലയാളചിത്രത്തിൽ അഭിനയിക്കാൻ കൊതിതോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്കത്ഭൂതം തോന്നി. ലോകസിനിമയിലെ തന്നെ നമ്പർ വൺ താരമാണ് കമൽഹാസൻ. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂർ പോലും തന്റെ ക്രിയേറ്റിവിറ്റിയ്ക്ക് പോരാ എന്നു വിശ്വസിക്കുന്ന കമലിനു പിന്നെ എങ്ങനെ ഒരു മലയാളസിനിമയിൽ അഭിനയിക്കാൻ സമയം കണ്ടെത്താനാവും. പക്ഷേ, അതൊന്നും അദ്ദേഹത്തിനു വിഷയമായിരുന്നില്ല. കാരണം അത്രമാത്രം മലയാളസിനിമയെയും ഇവിടുത്തെ ആർട്ടിസ്റ്റുകളെയും കമൽ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. നല്ല ഒരു കഥയും കഥാപാത്രവും വരികയാണെങ്കിൽ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് മലയാളത്തിൽ ഇനിയും അഭിനയിക്കാൻ വരുമെന്ന് അന്ന് കമൽ അടിവരയിട്ടു പറഞ്ഞു.

നായകൻമാർ ഏറെയുള്ളപ്പോഴും മലയാളത്തിന്റെ പ്രിയപ്പെട്ട നായകനായിരുന്നു കമൽഹാസൻ. അന്നും ഇന്നും. ‘കന്യാകുമാരി’യിലൂടെ തന്നെ നായകനായി അംഗീകരിച്ച മലയാളമണ്ണിനെ ഇന്നും നന്ദിയോടെ ഓർക്കുന്നു അദ്ദേഹം. ഈ നന്മ പലരിലും കാണാൻ കഴിഞ്ഞന്നുവരില്ല. മലയാള സിനിമകളിൽ വേഷമിട്ട അനുഭവങ്ങളൊന്നും കമൽ മറന്നിട്ടില്ല. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുമായും ആത്മബന്ധം സൃഷ്ടിക്കാൻ കമലിനു കഴിഞ്ഞിട്ടുണ്ട്. സത്യൻ മാഷ് മുതൽ മോഹൻലാൽ വരെയുള്ള നടന്മാർക്കൊപ്പവും കെ. എസ്. സേതുമാധവൻ മുതൽ ജിത്തു ജോസഫ് വരെയുള്ള സംവിധായകർക്കൊപ്പവും എം.ടി. മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ള എഴുത്തുകാർക്കൊപ്പവുമുള്ള മലയാണ്മയുമായി ബന്ധപ്പെട്ട തന്റെ ജീവിതം ഹൃദയത്തോടു ചേർത്തുവച്ചിരിക്കുകയാണ് കമൽ. ആടിയും പാടിയും സങ്കടപ്പെടുത്തിയും അഭ്രവിസ്മയങ്ങൾ തീർത്ത കമൽഹാസനെ മലയാളത്തിന്റെ തിരശീലയിൽ കണ്ടിട്ട് വർഷങ്ങളായെങ്കിലും മലയാളിക്ക് ഇന്നും കമൽഹാസൻ നായകൻ തന്നെയാണ്. തലമുറകൾക്കോ തരംഗങ്ങൾക്കോ മാറ്റിമറിക്കാനാവാത്ത ഒറ്റനക്ഷത്രം.

‘മാന്യശ്രീ വിശ്വാമിത്രനി’ൽ എനിക്കുവേണ്ടി കോറിയോഗ്രാഫി അസിസ്റ്റന്റായി കമൽ വർക്ക് ചെയ്തിട്ടുണ്ട്. ആ അനുഭവം വളരെ രസകരമാണ്. ഡാൻസ് ചെയ്യാൻ പറ്റുന്ന ശരീരമല്ല എന്റേത്. പക്ഷേ സിനിമയ്ക്ക് വേണ്ടി എന്നെകൊണ്ടത് ചെയ്യിച്ചത് കമലാണ്. മാന്യശ്രീ വിശ്വാമിത്രൻ വല്ലപ്പോഴും മിനിസ്‌ക്രീനിൽ കാണുമ്പോൾ കമൽ എന്നെ ഡാൻസ് കളിപ്പിച്ച കാര്യമോർത്ത് ചിരിവരാറുണ്ട്.

കമലിന്റെ ജീവിതം ശരിക്കും ഒരു പാഠപുസ്തകമാണ്. ഇങ്ങനെയൊരു പ്രതിഭ ഇന്ത്യൻ സിനിമയിലില്ല. ഓർമവച്ച കാലം മുതൽ കമലിന്റെ ലോകം സിനിമയാണെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. സിനിമയുമായി ബന്ധപ്പെട്ട ഏതു മേഖലയിലാണ് കമൽ ജോലി ചെയ്യാത്തത്? ലൈറ്റ്‌ബോയ് മുതൽ ലക്ഷകണക്കിന് ആരാധകരുള്ള താരമായി വരെ കമൽ നിറഞ്ഞുനിന്നു. ഇത് കമലിന്റെ ഭാഗ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സിനിമയ്ക്കു വേണ്ടി അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് അദ്ദേഹം. തീർച്ചയായും രാവും പകലും നോക്കാതെയുള്ള കഠിനാധ്വാനമാണ് കമലിനെ ഇന്നത്തെ ഉലകനായകനിലേക്ക് എത്തിച്ചത്.

subscribe