പതിനഞ്ചു വർഷം മുമ്പ്, ആൾവാർപേട്ടിലുള്ള കമൽഹാസന്റെ പഴയ വീട്ടിലേക്കുള്ള പടികൾ ആദ്യമായി കയറുമ്പോൾ ‘ഇന്ത്യൻ’ മുതൽ ‘കളത്തൂർ കണ്ണമ്മ’വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളുടെ ഛായാചിത്രങ്ങൾ ചുമരിൽ കാണമായിരുന്നു. കമലിന്റെ അഭിനയചക്രത്തിലൂടെയുള്ള ഒരു സ്വപ്നസഞ്ചാരം പോലെ നീണ്ടുപോകുന്ന ചിത്രവഴിത്താരകൾ! രാജ് കമൽ ഫിംലിസിന്റെ സ്വീകരണമുറിയിലെത്തിയപ്പോൾ അവിടെ ഒരു ആറു വയസുകാരന്റെ വലിയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. ആദ്യ സിനിമയായ ‘കളത്തൂർ കണ്ണമ്മ’യിലെ കുഞ്ഞു കമൽ. ‘കടന്നുവന്ന വഴികളൊന്നും ഞാൻ മറന്നിട്ടില്ല’ എന്ന് കമലിന്റെ ശബ്ദത്തിൽ ആ ചിത്രം മന്ത്രിക്കുന്നുവോ? മുകളിലെ മുറിയുടെ കനമുള്ള വാതിൽ തുറന്ന് നിറഞ്ഞ പുഞ്ചിരിയോടെ ഇന്ത്യൻ സിനിമയിലെ ആ മഹാത്ഭുതം മുന്നിലെത്തി. കൈകൂപ്പി, ഹസ്തദാനത്തോടെ ഒരു സ്വാഗതം!

അതായിരുന്നു ആദ്യ കൂടികാഴ്ച. പുതിയ ചിത്രത്തിന്റെ ചർച്ചയ്‌ക്കെത്തിയ വിദേശികളോട് ഒഴിവു ചോദിച്ച് ഇരുപത് മിനിറ്റ് സമയം കമൽ അനുവദിച്ചു. സമയക്കുറവു മൂലം ഇന്റർവ്യൂ പൂർത്തിയാക്കാനാകാതെ മടങ്ങുമ്പോൾ സ്‌നേഹത്തിന്റെ ഭാഷയിൽ കമൽ പറഞ്ഞു: ”വിഷമിക്കേണ്ട, തീർച്ചയായും ഒരഭിമുഖത്തിനുള്ള സമയം ഞാൻ നിങ്ങൾക്കു തരും.”
കാത്തിരിപ്പ് അത്ര നീണ്ടതായി തോന്നിയില്ല. കുറച്ചുവർഷങ്ങൾക്കുള്ളിൽ കൊച്ചിയിലെ ലേ മെറിഡിയനിൽ വച്ച് തികച്ചും യാദൃച്ഛികമായി കമൽ സമയം അനുവദിച്ചു. മണിക്കൂറുകൾ നീണ്ട സംഭാഷണം സിനിമേതരവിഷയങ്ങളിലൂടെ കടന്നുപോയി. കവി, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, പത്രപ്രവർത്തകൻ. കമലിലെ എഴുത്തുകാരനെ പരിചയപ്പെടുത്തിയ അഭിമുഖമായിരുന്നു അത്. തുടർന്ന് പരിചയം പുതുക്കാൻ രണ്ടവസരംകൂടി സാധ്യമായി. കോഴിക്കോട്ട് ഐ.വി. ശശിയെ ആദരിച്ച ‘ഉത്സവ’വും ചെന്നൈയിൽ നടന്ന ഇന്ത്യൻ സിനിമയുടെ നൂറാം പിറന്നാൾ ആഘോഷവും. അന്നും കമൽ പറഞ്ഞു: ”വൈകാതെ നമുക്കു കാണാം.”

ഒരു സന്ധ്യയിൽ അപ്രതീക്ഷിതമായി എത്തിയ കമലിന്റെ കോൾ, അടുത്തദിവസം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ആൾവാർപേട്ടിലെ ഓഫിസിലെത്താനായിരുന്നു നിർദ്ദേശം. കാറിന്റെ വേഗതയിൽ ഒരു രാത്രിമുഴുവൻ കമലിന്റെ വേഷപ്പകർച്ചകൾ മനസിലൂടെ കടന്നുപോയ യാത്ര. നേരത്തേയെത്തി ഓഫിസിൽ കമലിനുവേണ്ടിയുള്ള കാത്തിരിപ്പ്. കൃത്യം പന്ത്രണ്ടുമണിക്ക് കമൽ മുന്നിൽ. പത്തുവർഷത്തിനു ശേഷവും അതേ ചിരി, കൈകൂപ്പൽ, ഊഷ്മളമായ അതേ ഹസ്തദാനം. ഒരു പക്ഷേ, ഇനിയും കണ്ടിട്ടില്ലാത്ത കമലിന്റെ പുതുഭാവങ്ങൾ! ഫോട്ടോഗ്രാഫർ അജീബ് കൊമാച്ചി തന്റെ ക്യാമറയിൽ അതെല്ലാം മനോഹര ദൃശ്യങ്ങളാക്കി മാറ്റി. ആ കൂടിക്കാഴ്ചയും മറക്കാത്ത അനുഭവമായിരുന്നു.

അറുപത്തിയഞ്ചാം പിറന്നാളിലേക്കു നടന്നടുക്കുന്ന കമലുമായി വീണ്ടും ഒരു സംഭാഷണത്തിനായി ചെന്നൈയിലെത്തുമ്പോൾ തിമിർത്തു പെയ്യുന്ന ആടിമാസമഴയാണ് സ്വാഗതമേകിയത്. ആൾവാർപേട്ടിലെ വീട്ടിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ചന്ദന നിറത്തിലുള്ള പാന്റും ഷർട്ടും ധരിച്ച് ക്ലീൻഷേവിൽ പുഞ്ചിരി തൂകിയ കമൽ. അറുപത്തിയഞ്ചിലും ഒരു യുവാവിന്റെ കരുത്തും പ്രസരിപ്പും ഞങ്ങൾക്കു മുന്നിൽ തെളിഞ്ഞു. പുറത്ത് തിമിർക്കുന്ന മഴയേക്കാളും ശക്തി കമലിന്റെ വാക്കുകൾക്കുണ്ടായിരുന്നു. അക്ഷരങ്ങൾ വാക്കുകളായ് പെയ്തിറങ്ങിയത് സിനിമ മാത്രം സ്വപ്നം കണ്ട് നട്ടുച്ച നേരത്തും മദിരാശി നഗരത്തിലൂടെ സൈക്കിൾ ചവിട്ടി ലൊക്കേഷനിലേക്കു പോകുന്ന കമൽഹാസനിൽ നിന്നാണ്.

”അതൊന്നും മറക്കാനാവില്ല അനിയാ. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈ നഗരത്തിലെ ഹോട്ടലുകളിൽ താമസിക്കേണ്ടി വരുമ്പോൾ പലപ്പോഴും ഞാൻ വെറുതെ ജനലിലൂടെ പുറത്തേക്കു നോക്കും. നാൽപ്പതു വർഷങ്ങൾക്കു മുമ്പുള്ള ഓർമയാണ് അത്. ഹോട്ടൽ മുറിയിലിരുന്ന് തിരക്കഥാകൃത്ത് എഴുതി തരുന്ന സ്‌ക്രിപ്റ്റ് ലൊക്കേഷനിലെത്തിക്കണം. അതെത്തിച്ചശേഷം വീണ്ടും ഹോട്ടലിലെത്തണം. അപ്പോഴേക്കും അടുത്ത സീൻ എഴുതി വച്ചിട്ടുണ്ടാകും. ഇത് കാറിൽ വന്നൊന്നുമല്ല ഞാൻ വാങ്ങിക്കൊണ്ടുപോകുന്നത്. സൈക്കിൾ ചവിട്ടിയാണ് വരുന്നതും പോകുന്നതുമെല്ലാം. എന്റെ വിയർപ്പ് ഈ നഗരത്തിന്റെ മുക്കിലും മൂലയിലുമൊക്കെ വീണിട്ടുണ്ടാകും. ശരിക്കും കഠിനാദ്ധ്വാനമായിരുന്നെങ്കിലും എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. സിനിമയെന്ന സ്വപ്നം. അതുകൊണ്ട് പുലർച്ച അഞ്ചുമണിവരെ തുടർച്ചയായി ജോലി ചെയ്താലും അതൊരു അദ്ധ്വാനമായി തോന്നിയില്ല. ആഹ്ലാദം മാത്രമായിരുന്നു എനിക്ക്. ഇഷ്ടപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്നതിന്റെ ആഹ്‌ളാദം.”

സ്വപ്നങ്ങളിലൂടെയുള്ള യാത്ര
……………………………………….

ഞാൻ ധാരാളം സ്വപ്നം കാണുന്നവനാണ്. ഉറങ്ങുമ്പോഴല്ല, യഥാർത്ഥജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കണ്ട് പ്രവർത്തക്കുമ്പോഴെ, എന്തെങ്കിലുമൊക്കെ ആയിത്തീരാൻ കഴിയൂ. ഒന്നുമില്ലായ്മയിൽ നിന്ന് എന്നെ ഇവിടെവരെയെത്തിച്ചത് ഞാൻ കണ്ട സ്വപ്നങ്ങളാണ്. ജീവിതം ഒരു വലിയ സ്വപ്നമാണെന്ന് മുമ്പൊരിക്കൽ ഞാൻ പറഞ്ഞിട്ടുണ്ട്. വലിയ വലിയ സ്വപ്നങ്ങൾ കാണുന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം നിങ്ങൾക്കു മുന്നിലിരിക്കുന്ന മജ്ജയും മാംസവുമുള്ള ഈ കമൽഹാസൻ തന്നെയാണ്. സ്വപ്നങ്ങൾ കാണാത്തവരായി ആരുണ്ട്? കുഷ്ഠരോഗിക്കും, കള്ളനും വരെ സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങൾക്കൊത്ത് നമ്മളും ഉയർന്ന് പ്രവർത്തിച്ചെങ്കിൽ മാത്രമേ നമ്മൾക്കും ഒരു സ്വപ്നമായി മാറാൻ കഴിയുകയുള്ളൂ. കാലത്തിനൊപ്പം നമ്മുടെ ജീവിതവും കടന്നുപോകുന്നുണ്ട്. പ്രായം ശരീരത്തിനേ ആകാവൂ. മനസിനെ എപ്പോഴും ചെറുപ്പത്തിലേക്കു പിടിച്ചുവയ്ക്കാൻ നമ്മൾ പഠിക്കണം. അല്ലെങ്കിൽ നമ്മളുടെ പ്രവൃത്തിക്കും വാർധക്യം സംഭവിക്കും. പക്ഷേ, ഒരു കലാകാരന്റെ സർഗാത്മക പ്രവർത്തനങ്ങൾക്ക് പ്രായം തടസമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആറാം വയസിൽ തുടങ്ങിയ സിനിമാ ജീവിതം അറുപതാം വയസിലും ഞാൻ തുടരുന്നു. അഹങ്കാരത്തിന്റെ പുറത്താണ് ഇത് പറയുന്നതെന്ന് കരുതരുത്. നല്ല ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ്. അന്നും ഇന്നും എന്റെ കൈമുതൽ ഈ ആത്മവിശ്വാസം തന്നെയാണ്. കമൽഹാസൻ എന്ന എന്റെ പേരിനുപോലും പ്രത്യേകതയുണ്ട്. ഹിന്ദുവിന്റെയും മുസ്ലീമിന്റെയും നാമങ്ങൾ ചേർന്നതാണ് കമൽഹാസൻ. എന്റെ അച്ഛനിട്ട പേരാണത്. എന്തുകൊണ്ട് ഇങ്ങനെയൊരു പേര് എനിക്കു നൽകി എന്നൊരിക്കലും ഞാൻ അച്ഛനോടു ചോദിച്ചിട്ടില്ല. സ്വാതന്ത്ര്യസമരകാലത്ത് അച്ഛനൊപ്പം ജയിലിൽ കിടന്നിരുന്ന ഒരു സുഹൃത്തിന്റെ പേരാണ് കമൽഹാസൻ എന്നൊരു കഥ ഞാൻ കേട്ടിട്ടുണ്ട്. അതിനപ്പുറം ഒന്നും അറിയില്ല. ജ്യേഷ്ഠന്മാർക്ക് ചന്ദ്രഹാസൻ, ചാരുഹാസൻ എന്നീ പേരുകളാണ് നൽകിയത്. എന്റെ കാഴ്ചപ്പാടുകൾ, വിശ്വാസം, രാഷ്ട്രീയം ഇതൊക്കെ രൂപപ്പെടുംമുമ്പ്, എനിക്ക് ഓർമവയ്ക്കും മുമ്പ് അച്ഛൻ നൽകിയ ഈ പേരിൽ എനിക്കഭിമാനം മാത്രമേയുള്ളൂ.

പരമക്കുടി എന്ന ഗ്രാമം
………………………………………….

പരമക്കുടി ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. പക്ഷേ, ഞാൻ വളർന്നത് ചെന്നൈയിലാണ്. ചെറിയ കുട്ടിയായിരിക്കുമ്പോഴെ ഞങ്ങളുടെ കുടുംബം ചെന്നൈയിലേക്കു താമസം മാറിയിരുന്നു. എന്റെ ബാല്യകാല ഓർമകളിൽ പരമക്കുടിക്കു വലിയ സ്ഥാനമൊന്നുമില്ല. അച്ഛൻ പറഞ്ഞുതന്ന കാര്യങ്ങളിൽ നിന്നാണ് പരമക്കുടി എന്റെ മനസിലേക്ക് കടന്നുവന്നത്. വല്ലപ്പോഴും ഞാൻ പരമക്കുടിയിൽ പോകാറുണ്ട്. ആ യാത്ര ആരുമറിയാറില്ല. അതൊരു പഴയ ഓർമയെ വീണ്ടെടുക്കലാണ്. എന്റെ അച്ഛനും അമ്മയും ജീവിച്ച മണ്ണിനെ തൊട്ടുവന്ദിക്കുന്നപോലുള്ള ഒരനുഭവം.

ഇപ്പോൾ നമ്മൾ ഇരിക്കുന്ന ഈ വീട് എന്റെ ജീവിതസ്പന്ദനങ്ങളോരോന്നും പകർത്തിവച്ചിട്ടുണ്ട്. ഇതെന്റെ പഴയവീടാണ്. എന്റെ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ഒന്നിച്ചു താമസിച്ച വീട്. ശരിക്കും എന്റെ ഓർമകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പരമക്കുടിയിൽ നിന്ന് അച്ഛൻ ഞങ്ങളെയുംകൊണ്ട് ഈ വീട്ടിലേക്കാണു വന്നത്. കുറെക്കാലം ഇവിടെ വാടകയ്ക്കു താമസിച്ച ശേഷമാണ് ഈ വീടു വാങ്ങിയത്. ഇവിടെയെത്തുന്ന ഓരോ നിമിഷവും ഞാനൊരു കുട്ടിയായി മാറും. ഓർമകൾ എന്നെ വന്നു പൊതിയും. ആ ഓർമ സുഖമുള്ളതും ചിലപ്പോൾ നീറുന്നതുമാകും. ഈ മുറ്റത്തും വരാന്തകളിലും പടികളിലും ആ കൊച്ചുകമൽ ഇപ്പോഴും ഓടിക്കളിക്കുന്നുണ്ട്. അവന്റെ കുസൃതികൾക്കുള്ള അമ്മയുടെ ശകാരം ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. കളത്തൂർ കണ്ണമ്മയിൽനിന്നും വിശ്വരൂപത്തിലേക്കുള്ള ദൂരം കമൽഹാസൻ സഞ്ചരിക്കാൻ തുടങ്ങിയത് ഈ വീട്ടിൽ നിന്നാണ്. ഒരുപാടൊരുപാട് ഓർമയാണ് അനുജാ എനിക്കീ വീട്. എന്റെ മരണംവരെ ഇതെനിക്ക് കൊട്ടാരം തന്നെയാണ്. അച്ഛനും അമ്മയുമാണ് എന്റെ ജീവിതത്തിലെ ഹീറോകൾ. അച്ഛൻ കോൺഗ്രസുകാരനായിരുന്നു. ഞാൻ ജനിക്കും മുമ്പേ അദ്ദേഹം സജീവ രാഷ്ട്രീയപ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നതുകൊണ്ട് ജയിലിലൊക്കെ കിടക്കേണ്ടി വന്നിട്ടുണ്ട്. തൊഴിൽ കൊണ്ട് വക്കീലായിരുന്നെങ്കിലും അച്ഛൻ ഒരിക്കലും സ്ഥാനമാനങ്ങൾ മോഹിച്ചിരുന്നില്ല. അദ്ദേഹം ശ്രമിച്ചിരുന്നെങ്കിൽ ഒരു എം.എൽ.എയോ, എം.പിയോ ഒക്കെ ആകാമായിരുന്നു. പക്ഷേ, അതിനൊന്നും ഒട്ടും മോഹമുണ്ടായിരുന്നില്ല.

വീട്ടിലെ ചെറിയ കുട്ടിയായതുകൊണ്ട് എല്ലാവർക്കും ഒരു പ്രത്യേക വാത്സല്യം എന്നോടുണ്ടായിരുന്നു. അച്ഛൻ ഒരുപാട് തമാശകൾ പറയുന്ന ആളായിരുന്നെങ്കിലും അൽപ്പം ഭയം കലർന്ന ബഹുമാനമായിരുന്നു എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്നത്. എന്നാൽ അമ്മ അങ്ങനെയല്ല. നല്ല ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു. എന്റെ സ്വഭാവരീതികൾ പലതും അമ്മയിൽ നിന്നു കിട്ടിയതാണ്. ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ചതും അമ്മയാണ്. കാരണം അമ്മ വളരെ ബോൾഡായിരുന്നു. അച്ഛനേക്കാൾ ബോൾഡ്. എന്തിലും തന്റേതായ അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയാൻ അമ്മയ്ക്കു മടിയുണ്ടായിരുന്നില്ല. ഒരിക്കലും ഒന്നും എന്റെ അച്ഛനും അമ്മയും എന്നിൽ അടിച്ചേൽപ്പിച്ചിട്ടില്ല. സ്‌കൂളിൽ പോയി പഠിക്കാൻ കഴിയാതെ വന്നതിൽ ഒരിക്കലും നിരാശയുണ്ടായിട്ടില്ല. ഏത് അക്കാഡമിക് സ്ഥാപനങ്ങൾ തരുന്നതിനേക്കാളും വലിയ പാഠമാണ് ഞാനെന്റെ ജീവിതം കൊണ്ടു പഠിച്ചത്.

ആറാം വയസിൽ ആദ്യചിത്രം
……………………………………………..

മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും ആ സനിമ നേടിത്തന്നു. തിരിച്ചറിവ് നേടിത്തുടങ്ങുന്നതിനു മുമ്പുള്ള കാലത്ത് ലഭിച്ച ആ ബഹുമതിക്ക് ഒരുപാട് മധുരമുണ്ട്. ആ പുരസ്‌കാരത്തിന്റെ വലുപ്പം ഒരുപക്ഷേ അന്നു മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. അച്ഛനും അമ്മയും സഹോദരങ്ങളുമാണ് ആ അംഗീകാരത്തിൽ ഏന്നേക്കാൾ സന്തോഷിച്ചിട്ടുണ്ടാകുക. ‘കളത്തൂർ കണ്ണമ്മയിലെ കൊച്ചുകമൽ ഇപ്പോഴും എന്നിലുണ്ട്. ഒരു കുട്ടിയാകാൻ എനിക്കിപ്പോഴും കഴിയും. മനസിനെ ഒന്നു പിറകിലോട്ടു പായിച്ചാൽ മതി.

ജെമിനി ഗണേശൻ, എം.ജി.ആർ, ശിവാജി ഗണേശൻ തുടങ്ങിയ മാസ്റ്റേഴ്‌സിനൊപ്പം ബാല്യത്തിലേ അഭിനയിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമാണ്. ജെമിനി മാമയ്‌ക്കൊപ്പമായിരുന്നു സിനിമയിലെ എന്റെ തുടക്കം. സംസ്‌കൃതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടയിരുന്നു അദ്ദേഹത്തിന്. ഒരുപാടു കഴിവുകൾ ഉണ്ടായിട്ടും അതൊക്കെ വേണ്ടപോലെ അദ്ദേഹം പ്രകടിപ്പിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ഏതു കാര്യത്തിലും കൂടെ നിൽക്കാൻ തയാറാകുന്ന ഒരാൾ അതായിരുന്നു ജെമിനി മാമ. ശിവാജി ഗേണേശൻ സാറിനൊപ്പം അഭിനയിക്കാനായി എന്നെ കൂട്ടിക്കൊണ്ടു പോയത് എന്റെ ജ്യേഷ്ഠൻ ചന്ദ്രദാസനാണ്. ‘പാർത്താൽ പശിക്കിറ്താ’യിരുന്നു ശിവാജി സാറിനൊപ്പം വേഷമിട്ട ആദ്യചിത്രം. സ്വന്തം മകനോട് കാണിക്കുന്ന സ്‌നേഹമായിരുന്നു സാറിന് എന്നോട്. അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളിലെ ഡയലോഗെല്ലാം അന്നേ എനിക്ക് കാണാപാഠമായിരുന്നു. ലൊക്കേഷനിൽ വച്ച് അത് ഞാൻ പറയുമ്പോൾ സാറിനു വലിയ സന്തോഷമാണ്. എന്റെ ജീവിതത്തിലെ സന്തോഷങ്ങളിലും, പ്രതിസന്ധിഘട്ടങ്ങളിലും തണലായി നിന്ന വലിയ മനുഷ്യൻ, അതാണ് എനിക്ക് ശിവാജി സാർ. ‘ആനന്ദജ്യോതി’യുടെ ലൊക്കേഷനിൽ വച്ച് എം.ജി.ആർ സാറിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ”നിനക്ക് ആരാകണം?’ വലിയ നടനാകണം എന്നല്ല ഞാൻ മറുപടി പറഞ്ഞത്, സയന്റിസ്റ്റാകണം, അതല്ല സർ ഡോക്ടറാകണം. കൃത്യമായി ഒരുത്തരം നൽകാൻ എനിക്കു കഴിഞ്ഞില്ല. എം.ജി.ആർ സാറാണ് എന്നെ നീന്തൽ പഠിപ്പിച്ചത്. എത്രയോവട്ടം അദ്ദേഹം എനിക്കു ഭക്ഷണം വാരിത്തന്നിട്ടുണ്ട്. മഹാനടന്മാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമാണെങ്കിലും അതിനപ്പുറമുള്ള സ്‌നേഹമാണ് അവർ എനിക്കു നൽകിയത്.

മലയാളത്തിലെ തുടക്കം ‘കണ്ണും കരളും’മായിരുന്നു. തമിഴ് സിനിമകളിലെ എന്റെ അഭിനയം കണ്ടിട്ടാണ് സേതുമാധവൻ സാർ കണ്ണും കരളിലുമഭിനയിക്കാൻ വിളിക്കുന്നത്. സേതുസാറിന് ഞാനിന്നും ഒരു കുട്ടിയാണ്. അദ്ദേഹം പലപ്പോഴും പറയാറുണ്ട് കമൽ ഇന്നും എനിക്ക് കുട്ടിയാണ്. കണ്ണും കരളിൽ അഭിനയിക്കാൻ വന്ന അതേ കുട്ടി. അതങ്ങനെയാവാതെ വഴിയില്ലല്ലോ. അച്ഛനമ്മമാർക്ക് കുട്ടികൾ എത്ര വളർന്നു വലുതായാലും അവരുടെ മനസിൽ കുട്ടി തന്നെയായിരിക്കും. ഒരുപക്ഷേ, സത്യൻമാഷും ശിവാജിസാറും എം.ജി.ആർ സാറും, ജെമിനി മാമയുമൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കും ഞാൻ ഒരു കുട്ടി തന്നെയായിരിക്കും. ആറാമത്തെ വയസിൽ ഞാൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ സത്യൻമാസ്റ്റർ വലിയ നടനാണ്. അന്ന് മദ്രാസിലെ സ്റ്റുഡിയോകളിൽ മലയാള പടങ്ങൾ രാത്രിയിലാണ് ഷൂട്ട് ചെയ്യുന്നത്. രാത്രിയിലാകുമ്പോൾ പകുതി വാടകമതി. കുറഞ്ഞ ബഡ്ജറ്റിലുള്ള പടങ്ങളായിരിക്കും മിക്കതും. ഷൂട്ടിങ് കഴിയുമ്പോൾ രണ്ടുമണിയോ മൂന്നുമണിയോ ആകും. അപ്പോൾ ഞാൻ നല്ല ഉറക്കമായിരിക്കും. എന്നെയും തോളിലിട്ട് എല്ലാ ദിവസവും സത്യൻ മാസ്റ്റർ വീട്ടിലെത്തും. എന്നെ ഒരു സോഫയിൽ കിടത്തി ‘മോനെ ഉണർത്തേണ്ട, അവനുറങ്ങിക്കോട്ടെ’ എന്ന് അമ്മയോട് പറഞ്ഞാണ് സത്യൻ മാഷ് മടങ്ങുന്നത്. അമ്മ ആദ്യമൊക്കെ കരുതിയത് ഈ മനുഷ്യൻ പ്രൊഡക്ഷനിലെ ജോലിക്കാരനാണെന്നാണ്. പിന്നീടാണ് സിനിമയിലെ നായകനാണ് ഇദ്ദേഹമെന്ന് അമ്മ അറിയുന്നത്. ആ വല്യ നടൻ വീട്ടിൽ വന്നിട്ട് ഒന്നിരിക്കാൻ പറയാനോ, ഒരു കപ്പ് ചായ നൽകാനോ കഴിയാത്തതിൽ അമ്മയ്ക്ക് വലിയ വിഷമമുണ്ടായിരുന്നു. വലിയ മനസ്സിന്റെ ഉടമയായിരുന്നു സത്യൻ മാസ്റ്റർ.

ചെന്നൈ നഗരത്തിലൂടെ പലപ്പോഴും സത്യൻമാഷ് കാറോടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്. ഒരിക്കൽ, ഞാൻ റോഡിലൂടെ നടന്നു വരികയായിരുന്നു. കാറിൽ വരികയായിരുന്ന മാഷ് എന്നെ കണ്ടു. ഉടനെ കാർ നിർത്തി. അദ്ദേഹത്തിന് എന്നെ മനസ്സിലായി. ‘നീ ആ പഴയ കുട്ടിയല്ലേ, കമൽ?’ ഒരുപാട് വിശേഷങ്ങൾ ചോദിച്ചശേഷം എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചു. ആ പഴയ വീട്ടിൽതന്നെ. ഞാൻ പറഞ്ഞു. ‘ശരി കയറ്.’ അദ്ദേഹമെന്നെ വീട്ടിലെത്തിച്ചു. ഒന്ന് കയറി ഇരിക്കാൻ പോലും അദ്ദേഹത്തിന് സമയമില്ലായിരുന്നു. പെട്ടെന്ന് തന്നെ കാറോടിച്ചു പോകുകയും ചെയ്തു. ചിലപ്പോൾ അദ്ദേഹം പോയത് ഹോസ്പിറ്റലിലേക്കായിരിക്കാം. രക്തം മാറ്റി വയ്ക്കാൻ സ്വയം കാറോടിച്ചായിരുന്നു സത്യൻമാഷ് പോയത്. ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുമ്പോഴും, അത് ആരെയും അറിയിക്കാതെ ക്യാമറക്കു മുന്നിലെത്തിയ ഒരേ ഒരു നടൻ സത്യൻ മാഷായിരിക്കും. മാഷിനൊപ്പമുള്ള ഒരു ഫോട്ടോ പോലും എന്റെ കൈവശമില്ല. പക്ഷേ, എന്റെ മനസിൽ അദ്ദേഹത്തിന്റെ ചിത്രം ഞാൻ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. എത്ര വർഷങ്ങൾ കഴിഞ്ഞാലും മരിക്കാത്തൊരോർമയാണത്.

subscribe