ഹിമാലയൻ യാത്രയുടെ ആദ്യ ദിനം, പ്രഭാതത്തിൽ ഋഷികേശിൽ ബസിറങ്ങുമ്പോൾ സാഹസിക യാത്രകളുടെ ഒരു തുടക്കമാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യദിനം പ്രശ്‌നങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു. ഋഷികേശിൽ ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യമാണ് ഇവിടുത്തെ ബസ് സ്റ്റാൻഡിലെ കഫംർട് സ്റ്റേഷൻ. നമ്മുടെ വീടുകളിലെ ടോയ്‌ലെറ്റുകൾ പോലെ വൃത്തിയുള്ള ടോയ്‌ലെറ്റുകൾ. ആവിശ്യത്തിലധികം വെള്ളവും മറ്റു സൗകര്യങ്ങളും. ബാഗ് സൂക്ഷിക്കാനും ഡ്രസ് മാറാനും കിടക്കാൻ വരെ സൗകര്യമുള്ള പ്രത്യേകം മുറി ഇതിനോട് ചേർന്നുണ്ട്. ഇവയെല്ലാം ഉപയോഗിക്കുന്നതിനു വെറും അഞ്ചു രൂപ മാത്രം. ചുരുക്കിപ്പറഞ്ഞാൽ ഹോട്ടലിൽ റൂം എടുക്കാതെ ഫ്രെഷ് ആകാൻ പറ്റിയ ഇടം. എല്ലാവരും ഫ്രഷ് ആയി വസ്ത്രം മാറിയെത്തി. സാഹസിക വിനോദങ്ങളുടെ വിളനിലമായ ഋഷികേശിലെ ആദ്യദിനം. ബംഗി ജംപിങ്, ട്രാഫ്റ്റിങ് പോലുള്ള അഡ്വഞ്ചർ ആക്റ്റിവിറ്റീസ് ചെയ്യണമെന്ന് യാത്രാസംഘത്തിലെ ചിലർക്കു നിർബന്ധം. തിരിച്ചു വരുമ്പോൾ ചെയ്യാമെന്നു മറ്റു ചിലർ. അഡ്വഞ്ചർ ആക്റ്റിവിറ്റീസ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട് ഇവിടെ. അവിടെ അന്വേഷിച്ചപ്പോഴാണ് ഹോളി പ്രമാണിച്ച് മൂന്നു ദിവസത്തെക്ക് അഡ്വഞ്ചർ ആക്റ്റിവിറ്റീസ് നിർത്തിവച്ചിരിക്കുകയാണെന്ന് അറിഞ്ഞത്.

തിരിച്ച് ബസ്റ്റ് സ്റ്റാൻഡിൽ എത്തി ജോഷിമഠിലേക്കുള്ള വണ്ടി അന്വേഷിച്ചപ്പോൾ രാവിലെ 7.15ന് ലാസ്റ്റ് ബസ് പോയെന്ന് അവർ പറഞ്ഞു. 13 മണിക്കൂർ യാത്രയുണ്ട് ജോഷിമഠിന്. 150 കി.മീ. അകലെയുള്ള ശ്രീനഗർ വരെ ബസുണ്ട് അതിൽ കയറി ശ്രീനഗറിൽ ഇറങ്ങിയാൽ അവിടെന്ന് ട്രിപ്പ് ടാക്‌സികൾ ഉണ്ടെന്ന് നല്ലവരായ നാട്ടുകാർ ഞങ്ങളെ അറിയിച്ചു. മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി ഇവർ പറഞ്ഞു, നാളെ ഹോളിയായതുകൊണ്ട് ഉച്ചകഴിയുന്നതോടെ ബസ്, ടക്‌സി സർവീസുകൾ നിർത്തും. കടകൾ അടയ്ക്കും. താമസിക്കാൻ ഹോട്ടൽ പോലും കിട്ടില്ല. ബന്ദിന് സമാനമായ അവസ്ഥ. പണികിട്ടാൻ പോകുവാണെന്നു മനസിലാക്കി ഞങ്ങൾ ശ്രീനഗറിനുള്ള ബസിൽ ഓടിക്കയറി. എത്രയും വേഗം ജോഷിമഠിൽ എത്തുകയെന്ന ഒറ്റ ലക്ഷ്യം മാത്രം. ഒരുവശം അഗാധമായ കൊക്കകൾ ഉള്ള വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലൂടെ ബസ് ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങി.

ആദ്യ ആക്രമണം

ബസ് ചെറിയ ഒരു പട്ടണത്തിലൂടെ കടന്ന് പോകുമ്പോഴാണ് ആദ്യ ഹോളി ആക്രമണം ഉണ്ടാകുന്നത്. ഞങ്ങളിരുന്ന സീറ്റിന്റെ സൈഡിൽ ഇരുന്നയാൾ വേഗത്തിൽ ഗ്ലാസ് അടയ്ക്കാൻ ശ്രമിക്കുന്നതു കണ്ട് അങ്ങോട്ട് നോക്കിയതാണ്. എന്തോ ഒന്ന് ഗ്ലാസിനു ഇടയിലൂടെ എന്റെ മുഖത്തു വന്ന് അടിച്ചു. പിന്നെ കാണുന്നത് ഞാൻ രക്തവർണത്തിൽ കുളിച്ചിരിക്കുന്നതാണ്. എല്ലാം പെട്ടെന്നായിരുന്നു. പത്തിരുപതുപേർ വരുന്ന സംഘം ബസ് തടഞ്ഞു നിർത്തി ബലൂണിനകത്ത് നിറമുള്ള വെള്ളം നിറച്ച് ചറപറ ഏറ്. ബസിന്റെ ചില്ലടയ്ക്കാൻ താമസിച്ചവരെയൊക്കെ കളർവെള്ളത്തിൽ കുളിപ്പിച്ചു.

subscribe