റിലീസ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചാനൻ ഇന്റർവ്യു കഴിഞ്ഞു മടങ്ങുന്ന സുഹൃത്തായ യുവ നടനെ ഹോട്ടൽ റിസ്പഷനിൽ വച്ച് കാണാനിടയായി. സിനിമാ ജീവിതത്തിൽ പരിചയപ്പെട്ട നാൾ മുതൽ ഇന്നും എന്നോടുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. സന്തോഷകരവും ആത്മാർത്ഥവുമായ ഞങ്ങളുടെ സൗഹൃദസംഭാഷണത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു: ‘ഇന്നത്തെ ചാനൽ ഇന്റർവ്യൂവിൽ ചേട്ടനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്…’
കൊള്ളാം, ഞാനും കുറച്ച് ഉയരട്ടെ – എന്നു ഞാനും പറഞ്ഞു. അതെയെന്നു പറഞ്ഞു ചിരിയോടൊപ്പം അദ്ദേഹം പുറത്തേക്കിറങ്ങിയപ്പോൾ പൊടുന്നനെ മനസിലേക്കോടി വന്നത് കഴിഞ്ഞ ഡിസംബറിലെ ഒരു സായാഹ്നമായിരുന്നു. അടുത്ത മാധ്യമ പ്രവർത്തകരും ആത്മസുഹൃത്തുക്കളും ചേർന്ന് എന്റെ അറുപതാം ജന്മദിനം ആഘോഷമാക്കിയ വേദിയിൽ സുഹൃത്തായ ഈ നടനും സന്നിഹിതനായിരുന്നു.

വന്നപ്പാടെ കൈയിലൊരു പാക്കറ്റ് തന്നിട്ടു പറഞ്ഞു: ‘ പണ്ട് ഞാനൊരു വാക്ക് പറഞ്ഞിരുന്നു. ഇതു തുറക്കുമ്പോ മനസിലാകും…’ തിരക്കിനിടയിൽ അതിനെക്കുറിച്ചു കുടുതൽ ആലോചിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞാണ് ആ പാക്കറ്റ് തുറന്നു നോക്കിയത്. എങ്ങനെ അത്ഭുതപ്പെടാതിരിക്കും. അതു വെറുമൊരു സ്‌നേഹ സമ്മാനം അല്ല. കാലം സൂക്ഷിച്ചു വച്ച ഒരു വാക്കിന്റെ സാക്ഷാത്ക്കാരമായിരുന്നു. അന്നേ ഞാൻ മറന്നു പോയ ആ വാക്ക്, വർഷങ്ങൾക്കു ശേഷം മധുരിക്കും ഓർമയായി ഇതാ മുന്നിൽ.

ഓർമ്മകൾ പിന്നെയും കുറച്ചു കൂടി പിന്നോട്ടു പാഞ്ഞു. പതിനൊന്ന് വർഷം മുമ്പ്, മലബാർ ഭാഗത്തള്ള ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ലോക്കേഷനിൽ വച്ചാണ് ഈ നടനും ഞാനും മനസു തുറന്നു സംസാരിച്ചത്. എന്റെ സ്ഥിരം ശൈലിയിൽ ഞാൻ സംസാരം ഉഷാറാക്കി. അന്നുസംസാരത്തിനിടയിൽ അദ്ദേഹം എനിക്കൊരു വാക്കു തന്നു. ആയിക്കോട്ടെ എന്ന രീതിയിൽ ചിരിച്ചു. ശേഷം എത്രയോ പ്രാവശ്യം തമ്മിൽ കാണുകയും സൗഹൃദം കൂടുതൽ വളരുകയും ചെയ്തു. ഇതിനിടയിൽ പ്രിയ സുഹൃത്ത് നടൻ എന്ന നിലയിൽ മലയാള സിനിമയിൽ അഭിവാജ്യഘടകമായി മാറി കഴിഞ്ഞിരുന്നു.

subscribe