2018-ലെ പ്രളയപര്യന്തമുള്ള മലയാളിയുടെ ആൺ-പെൺജീവിതമാണ് കഥനപ്പെടുന്നത് ‘സമുദ്രശില’ എന്ന സുഭാഷ് ചന്ദ്രന്റെ നോവലിൽ. ‘സമുദ്രശില’ എന്ന മഹാരൂപകത്തെ ചൂഴ്ന്നു തിരയടിക്കുകയാണ് അത്രയൊന്നും കഥാപാത്രബഹുലമോ, സംഭവബഹുലമോ അല്ലാത്ത ആഖ്യാനസമുദ്രം. ജലവും ശിലയും തമ്മിലുള്ള ചിരന്തനമായ ഇണചേരലാണ് നടക്കുന്നത്, ‘വെള്ളിയാങ്കല്ല്’ എന്ന സമുദ്രശിലയുടെ ഖരത്വത്തിനും അറബിക്കടലിന്റെ ജലത്വത്തിനും ഇടയിൽ. ‘തടശില പോലെ തരംഗലീലയിൽ’ എന്നെഴുതി വിരസദാമ്പത്യത്തെ ആശാൻ നിർവചിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴാണ് സമുദ്രശില എന്ന ഈ രൂപകം വീണ്ടുമുയിർകൊള്ളുന്നത് മലാളസാഹിത്യത്തിൽ. ശിലീഭവിച്ച പെൺകാമനകളുടെ കഥനചരിത്രം അങ്ങ്, വാത്മീകിരാമായണത്തിലെ അഹല്യയുടെ കഥ തൊട്ടു തുടങ്ങുന്നു. ദ്രവപ്പെടാനുള്ള ശിലയുടെ ഇച്ഛ, ചിലപ്പോഴൊക്കെ അവളെ വീണ്ടും പ്രണയിനിയാക്കി മാറ്റാറുണ്ട്. പ്രണയത്തിന്റെ മാസ്മരികതയിൽ സ്വയം ഒരു ചന്ദ്രകാന്തശിലയായി അലിഞ്ഞ പെണ്മയുടെ പിൽക്കാലജീവിതമാണ് സമുദ്രമധ്യത്തിൽ ഖരവും സ്ഥാവരവുമായി നിലകൊള്ളുന്ന ശിലയുടേത്. ഇതിഹാസത്തിൽ ‘അംബ’ (അമ്മ എന്നും) എന്ന പേരുകാരിയായി പ്രത്യക്ഷപ്പെട്ട പ്രണയപരാജിതയും തിരസ്‌കൃതയുമായ സ്ത്രീയിലെ മാതൃത്വമെന്ന അംശത്തെ സമകാലത്തിൽ വച്ച് പരിശോധിക്കുകയാണ് നോവലിസ്റ്റ്. ‘അംബ’ എന്ന മാതൃത്വപര്യായം മാത്രം ഈ ജന്മാന്തരത്തിലും അവളുടെ സ്വത്വകേന്ദ്രത്തിൽ പറ്റിപ്പിടിച്ചു വളരുന്നു. ‘അംബ’യുടെ കഥയാണ് ‘സമുദ്രശില’ , അവളുടെ പ്രണയത്തിന്റെയും സഹനത്തിന്റെയും മരണത്തിന്റെയും കഥ. ഒരു പക്ഷേ, അർബുദം പോലെ, അർബുദത്തോടൊപ്പം, വളർന്നു പടർന്ന് അവളെത്തന്നെ ഗ്രസിക്കുകയാണ് അംബയുടെ മാതൃത്വം. അടുപ്പിൽ നിന്നു പട്ടടയിലേക്കു മുതിരുന്ന ബലിച്ചോറിന്റെ ജീവിതം മാത്രമാണ്, ഏറിയും കുറഞ്ഞും ഓരോ മലയാളിസ്ത്രീയും ജീവിക്കുന്നതെന്ന് ഓർമിപ്പിക്കുന്നു ഈ നോവൽ. മുഷിപ്പനും മുരടനും പരദാരമോഹിയുമായ ഭർത്താവ് എന്ന മലയാളി പുരുഷന്റെ മാതൃകാരൂപം, ‘സിദ്ധാർത്ഥൻ’ എന്ന അംബയുടെ ഭർത്താവിന്റെ രൂപത്തിൽ ഈ കൃതിയിലും കടന്നുവരുന്നു. അവൾക്കുമുണ്ടായിരുന്നു കാല്പനികമേദുരമായ പ്രണയവചസ്സുകളാലും ഉന്മത്തമായ പ്രണയചേഷ്ടകളാലും അവളിലെ പെണ്മയെയും ഉണ്മയെയും വിരുന്നൂട്ടിയ ഒരു കാമുകൻ. ‘അഥവാ ചില കാലമാ സ്ഥയാൽ മധുരസ്വപ്‌നസമം സ്മരിക്കയാം’ (ആശാൻ, ലീല) എന്ന പോലെ കാലാന്തരത്തിൽ സ്വപ്‌നമായി പരിണമിച്ച് അയഥാർത്ഥീകരിക്കപ്പെടാനാണ് അത്തരം പ്രണയങ്ങളുടെ വിധി. വീണ്ടുമൊരിക്കൽക്കൂടി മധ്യവയസ്സിന്റെ തരിശിൽ തനിച്ചുനിൽക്കുമ്പോൾ അവൾ ആ മാന്ത്രികപ്രകാശത്താൽ പ്രലോഭിതയായി ചില പ്രണയക്കെണികളിലൊക്കെയെത്തിപ്പെട്ടേക്കാം. അംബയും റൂമി ജലാലുദ്ദീനും തമ്മിലുള്ള വികട പ്രേമനാടകത്തിനൊടുവിലും അതാണു സംഭവിച്ചത്. ആത്മാവിന്റെ ഓക്കാനം എന്തെന്ന്, അതിനാൽ, അവളറിഞ്ഞു. അത്രമാത്രം.

നിരുപാധികസ്‌നേഹമെന്ന നിരന്തരാഹുതിയിലൂടെ അവൾ പോറ്റിപ്പുലർത്തിയ ‘അപ്പു’ എന്ന അപൂർണ മനുഷ്യനാകട്ടെ, ഒരു പൂർണപുരുഷന്റെ രതിമോഹങ്ങളോടെ, മനുഷ്യനായി മുതിരുന്നതിനു പകരം പുരുഷനായിയൊടുങ്ങേണ്ടി വരുന്ന മലയാളി പുരുഷന്റെ ഭാഗധേയം സ്വയംവരിച്ചു. അപ്പുവും അപ്പുവിലൊതുങ്ങുന്നില്ല, അംബ, അംബയിലെന്ന പോലെ. അവനെയാണ് അവൾ ഒടുവിൽ ഉപരിസുരതം ചെയ്ത് ഹനിക്കുകയും ആത്മഹനനത്തിലൂടെ സ്വയം ഒടുങ്ങുകയും ചെയ്യുന്നത്. ഇതിന്റെ പാരിസ്ഥിതിക വിവക്ഷകളാണ് ഈ നോവലിനെ പ്രളയപര്യന്തമുള്ള മലയാളിയുടെ പടുവാഴ്‌വിന്റെ പ്രതിരൂപാത്മകാഖ്യാനം കൂടിയാക്കി മാറ്റുന്നത്. പ്രളയം കേരളഭൂമിക്കു മേൽ കച്ചയഴിച്ചു കവയ്ക്കുകയായിരുന്നു, അപ്പുവിനു മേൽ അംബയെന്ന പോലെ കഴിഞ്ഞ മഴക്കാലത്ത്. പലവിധമായ ആർത്തികളുടെയും വിശപ്പുകളുടെയും ഒരു വികലസമാഹാരം മാത്രമായ മലയാളിയെ ഉപരിസുരതം ചെയ്ത് കൊന്ന ശേഷം സ്വയം മരണപ്പെടുകയായിരുന്നു പ്രളയകാലത്തെ കേരളം. ‘നിഗ്രഹോത്സുകം സ്‌നേഹവ്യഗ്രമെന്നാലും ചിത്തം’ എന്നതിന്റെ പൊരുൾ, പാരിസ്ഥിതികാർത്ഥത്തിലേക്ക്, പരാവർത്തനം ചെയ്യപ്പെട്ടു ആ ദുരന്തദുർമ്മുഹൂർത്തത്തിൽ. എന്നിട്ടും ശരിയായൊരു പാഠം പഠിക്കാത്ത മലയാളി സുഭാഷ് ചന്ദ്രന്റെ നോവൽദർപ്പണത്തിനു മുന്നിൽ പരുങ്ങിക്കുഴങ്ങി നിൽക്കുന്നതു കാണണമെങ്കിൽ നോവലിനെക്കുറിച്ചു വന്ന അപൂർവം ചില, പ്രതികൂലാഭിപ്രായങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി. ഭാഷ നോവലിന്റെയും നോവലിസ്റ്റിന്റെയും മുഖ്യപരിഗണനയായി മാറുന്ന സന്ദർഭങ്ങൾ നോവലിലൂടനീളമുണ്ട്. ‘കരിമ്പ്’ എന്ന വാക്കിന്റെ ആവിർഭാവനിമിഷം വരെ ചെന്ന് അതിന്റെ ചാറൂറ്റിയെടുക്കുകയാണ് ‘നോവലിസ്റ്റ്’ എന്ന കഥാപാത്രം ഒരു വേളയിൽ.

subscribe