വിനീത് ശ്രീനിവാസനും നമിത പ്രമോദും പ്രധാന വേഷത്തിൽ എത്തിയ ഓർമയുണ്ടോ ഈ മുഖം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അൻവർ സാദിഖ്. രണ്ടാമത്തെ ചിത്രം മനോഹരത്തിലും നായകൻ വിനീതാണ്. വി. കെ. പ്രകാശിന്റെ സംവിധാന സഹായിയായി സിനിമയിൽ തുടക്കം കുറിച്ച അൻവറിന്റെ വേറിട്ട ജീവിതം.

  • ആദ്യം രാമായണം, പിന്നെ മഹാഭാരതം

യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തുള്ള എരുമയൂരിലെ സ്‌കൂളിൽ അധ്യാപികയായിരുന്നു അമ്മ. ഞങ്ങൾ താമസിച്ചിരുന്നത് ചേരാനാടിലാണ്. അക്കാലത്ത് എല്ലാ വീടുകളിലും ടി.വിയില്ല. ഞാൻ ആറിൽ പഠിക്കുമ്പോഴാണ് എന്നാണ് ഓർമ. ഞങ്ങളുടെ മദ്രസയുടെ തൊട്ടടുത്ത് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു കുടുംബമുണ്ട്. അവിടെ ടി.വിയുണ്ട്. ദൂരദർശനിൽ രാമായണം സീരിയൽ പ്രദർശിപ്പിക്കുന്ന സമയമാണ്. മദ്രസ വിട്ടയുടൻ നേരെ പോയി രാമായണം കാണും. പിന്നീട് മഹാഭാരതം വന്നു. അങ്ങനെ രാമായണവും മഹാഭാരതവുമാണ് ആദ്യം കണ്ടുശീലിച്ചത്. രാമായണവും മഹാഭാരവും കണ്ട ശേഷം വീട്ടിലെത്തി ഈർക്കിൽ കൊണ്ട് അമ്പുണ്ടാക്കി വാഴയിൽ എയ്യുന്നതും ഇപ്പോഴും ഓർമയിലുണ്ട്. ഞങ്ങളുടെ വീട്ടിൽ ടി.വി വന്നപ്പോൾ ദൂരദർശനിൽ ഞായറാഴ്ചകളിൽ സംപ്രേക്ഷണം ചെയ്യുന്ന സിനിമകൾ കാണാൻ തുടങ്ങി.

അമ്മയുടെ സ്‌കൂളിൽ തന്നെയാണ് ഞാൻ പഠിച്ചത്. അപ്പോൾ സ്‌കൂളിൽ അമിതമായ പഠനഭാരമൊന്നും ഉണ്ടായിരുന്നില്ല. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ ക്ലാസ് ഫസ്റ്റൊക്കെയാണ്. വേറെ സ്‌കൂളിൽ പഠിച്ചിരുന്നെങ്കിൽ ചിലപ്പോൾ പണികിട്ടിയേനെ (ചിരിക്കുന്നു).
പാലക്കാട് പ്രധാനമായും നെൽകൃഷിയാണല്ലോ. ധാരാളം അരി മില്ലുകളും നെല്ലുണക്കാനായി വിശാലമായ സ്ഥലങ്ങളുമുണ്ട്. അവിടെ ചില ദിവസങ്ങളിൽ നാട്ടിലെ ചേട്ടന്മാർ വീഡിയോ കാസറ്റിട്ട് സിനിമ കാണിക്കും. അമ്പതു പൈസ കൊടുത്താൽ സിനിമ കാണാം. രാത്രി മുഴുവൻ നാലോ അഞ്ചോ സിനിമകൾ കാണും. അത്തരം ചില ബാല്യകാല ഓർമകളുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കും മണിയറയുമാണ് തിയേറ്ററിൽ ആദ്യം കണ്ട ചിത്രങ്ങളായി ഓർമയിലുള്ളത്. അന്ന് സ്‌കൂളുകളിലും സിനിമാപ്രദർശനം ഉണ്ടായിരുന്നു.

  • സിനിമ കളിച്ച ബാല്യം

ബൾബിൾ വെള്ളം നിറച്ച്, അതിനു മുന്നിൽ ഫിലിം വച്ച് സിനിമ കാണിക്കുന്നത് കുട്ടിക്കാലത്തെ കളികളിലൊന്നാണ്. സിനിമ കാണിക്കാനായി ഒരു ‘ഡാർക്ക് റൂം’ വേണം. അതിനായി പറമ്പിൽ ഒരു പന്തൽ കെട്ടി. ന്യൂസ് പേപ്പർ കൊണ്ട് പന്തൽ മറച്ചു. ബൾബ് സംഘടിപ്പിച്ച് അതിൽ വെള്ളം നിറച്ചു. പിന്നീട് സിനിമ കാണാനായി എല്ലാവരെയും വിളിച്ചുവരുത്തി. എന്നാൽ, ശരിയായി ലൈറ്റില്ലാത്തതിനാൽ പ്രദർശനം നടന്നില്ല. മുറിച്ച ഫിലിം അന്ന് വാങ്ങാൻ കിട്ടും. എല്ലാവരുടെ കൈയിലും ഫിലിം ഉണ്ടാവും. ഗോട്ടി കളിച്ചു ജയിച്ചാൽ സമ്മാനമായി ഫിലിം ആണ് കിട്ടുക. അധികവും തമിഴ് സിനിമകളുടെ ഫിലിമുകളാണ് കിട്ടിയിരുന്നത്. അതിനിടയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ഫിലിം ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.

subscribe