മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ക്കു ശേഷം എന്റെ രണ്ടാം ചിത്രമായ ‘സഞ്ചാരി’യിൽ അഭിനയിക്കാനാണ് അന്ന് ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ എത്തിയത്. മലയാള സിനിമയിലെ പല മഹാരഥന്മാരെയും നേരിൽ കാണുന്നത് അവിടെവച്ചാണ്. തിക്കുറിശ്ശി ചേട്ടൻ, പ്രേംനസീർ, ജയൻ, കെ.പി. ഉമ്മർ, ആലുംമൂടൻ, ബഹദൂർ, എസ്.പി. പിള്ള, ഗോവിന്ദൻകുട്ടി, ജി.കെ. പിള്ള എന്നിങ്ങനെ പ്രതിഭകളുടെ ഒരു നീണ്ടനിര. ഒരു പുതുമുഖത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും അനുഗൃഹീതമായ ഒരിടമായി ‘സഞ്ചാരി’യുടെ ലൊക്കേഷൻ എനിക്ക് അനുഭവപ്പെട്ടു. സൂപ്പർ ഹീറോകളായ പ്രേംനസീറിന്റെയും ജയന്റെയും പ്രതിയോഗിയായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അതിലേറെ.

തുടക്കക്കാരനായ എനിക്ക് ജയനുമൊത്തുള്ള സംഘട്ടനരംഗങ്ങൾ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, അതിനെ അഭിമുഖീകരിക്കാനുള്ള കരുത്ത് എനിക്കു പകർന്നു തന്നത് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായിരുന്നു. നെറ്റിയിലും ശരീരത്തിലും ഭസ്മം പൂശി, നിഷ്‌കളങ്ക ഭാവത്തോടെയെത്തിയ സ്റ്റണ്ട് മാസ്റ്ററെ കണ്ട് ആദ്യം ഞാൻ അത്ഭുതപ്പെട്ടു. ഒരു സ്റ്റണ്ട് മാസ്റ്ററിൽ നിന്നു നമ്മൾ പ്രതീക്ഷിക്കാത്ത രൂപം. എന്നാൽ അദ്ദേഹം പേരുപറഞ്ഞപ്പോൾ ഒരുൾക്കിടിലം എന്നിൽ അനുഭവപ്പെട്ടു. ത്യാഗരാജൻ! തീ പാറുന്ന ആ അക്ഷരങ്ങൾ, ‘സംഘട്ടനം: ത്യാഗരാജൻ’ എന്ന ടൈറ്റിലിൽ എത്രയോ തവണ മുന്നിൽ തെളിഞ്ഞിട്ടുണ്ട്. മിക്ക സിനിമകളുടെയും ടൈറ്റിൽ സീനുകളിൽ ആവർത്തിക്കാറുള്ള ആ പേരു കണ്ട് ഒരു കാലത്ത് ഞാനും ആവേശത്തോടെ കൈയടിച്ചിട്ടുണ്ട്. സഞ്ചാരി യുടെ സെറ്റിൽ വച്ച് ആദ്യമായി നേരിൽ കണ്ടപ്പോഴും അടങ്ങാത്ത ഹർഷാരവം മനസിൽ അലതല്ലി.
മുംബൈയിലെ ഷെട്ടി മുതൽ ലോകപ്രശസ്തനായ ഫൈറ്റ് മാസ്റ്റർ ഗ്രിഫിത്തിനൊപ്പംവരെ പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ, ത്യാഗരാജൻ മാസ്റ്ററുമായുള്ള അടുപ്പം ഒരു സ്റ്റണ്ട് മാസ്റ്റർ എന്നതിലുപരിയാണ്. സഹോദരതുല്യമായ സ്‌നേഹത്തോടെയാണ് ഇക്കാലമത്രയും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സിനിമയ്ക്കകത്തും പുറത്തും മറക്കാനാവാത്ത ഒരുപാടനുഭവങ്ങൾ ഞങ്ങളുടെ സൗഹൃദത്തിൽ പതിഞ്ഞു കിടപ്പുണ്ട്.

സ്റ്റണ്ടു മാസ്റ്ററായി നിർദ്ദേശങ്ങൾ തരുമ്പോൾ ഇടിവാളിന്റെ മൂർച്ചയാണ് അദ്ദേഹത്തിന്. ഷൂട്ടിങ്ങിനു തിരശ്ശീല വീഴുന്ന നിമിഷം ഉറ്റ ചങ്ങാതിയോ അതിലുപരി ജ്യേഷ്ഠനോ ആയി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കും. മാസ്റ്ററുമായുള്ള സൗഹൃദം കഴിഞ്ഞ 39 വർഷമായി തീവ്രതയൊട്ടും കുറയാതെ ഞാൻ മനസിൽ സൂക്ഷിക്കുന്നുണ്ട്. ചിലപ്പോൾ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാകും ഞങ്ങൾ ഒന്നിക്കുന്നത്. എത്ര നീണ്ട ഇടവേളയായാലും ‘കണ്ണാ…’ എന്ന വിളിയോടെ, പുഞ്ചിരിയോടെ അരികിലേക്കെത്തുന്ന മാസ്റ്റർ എന്റെ അഭിനയജീവിതത്തിലെ പുണ്യമാണ്.

‘ജീവിക്കുന്ന ഇതിഹാസം’ എന്നെല്ലാം നമ്മൾ ആലങ്കാരികമായി പറയാറുണ്ട്. ആ അലങ്കാരം ചാർത്തിക്കൊടുക്കാൻ തീർത്തും അർഹനാണ് മാസ്റ്റർ. 60 വർഷമായി നീണ്ട ചലച്ചിത്ര സപര്യയിൽ 2000-ലേറെ ചിത്രങ്ങൾക്കാണ് അദ്ദേഹം സംഘട്ടനമൊരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങൾക്കും സ്റ്റണ്ട് രംഗങ്ങൾ രൂപകൽപ്പന ചെയ്ത ഒരേയൊരാൾ ത്യാഗരാജൻ മാസ്റ്ററായിരിക്കും. നസീറിൽ തുടങ്ങി ഏതാണ്ട് അഞ്ചു തലമുറകൾക്കു വേണ്ടി സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിക്കുക എന്നത് നിസാരമല്ല. കഷ്ടപ്പാടിന്റെ, കഠിനാദ്ധ്വാനത്തിന്റെ ആ കഥ നമ്മൾ ഉദ്വേഗഭരിതരായി ആസ്വദിച്ച ആക്ഷൻ സിനിമകളുടെ ചരിത്രം കൂടിയാണ്.

മാസ്റ്ററുമായുള്ള അടുപ്പം ഏറിവന്ന നാളുകൾ മുതൽ ജീവിതത്തിലെ പല ഏടുകളുടെയും ചുരുൾ എനിക്കു മുന്നിൽ മാസ്റ്റർ നിവർത്തിയിട്ടുണ്ട്. അഭിനയിക്കാനായിരുന്നത്രെ ആദ്യ മോഹം. കാണാൻ പ്രേംനസീറിനെപ്പോലെയുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ, അഭിനയമോഹവുമായി മദ്രാസിലെത്തി. ഒരു ചാൻസിനുവേണ്ടി ഏറെ അലഞ്ഞു. അവസരം ലഭിക്കാതായതോടെ അഭിനയമോഹത്തിന് വിരാമമിട്ടെങ്കിലും സിനിമയിൽത്തന്നെ എന്തെങ്കിലും പണിചെയ്ത് ജീവിക്കുമെന്ന് വാശിയായി. ആ വാശിയിൽ നിന്നാണ് ‘സംഘട്ടനം ത്യാഗരാജ’ന്റെ പിറവി. പുലികേശി എന്നറിയപ്പെടുന്ന ഫൈറ്റ് മാസ്റ്റർ പുരുഷോത്തമന്റെ സംഘത്തിൽ എക്‌സ്ട്രാ നടനും സഹായിയുമായി പ്രവർത്തിച്ചാണ് ഏറെ കഠിനാധ്വാനത്തിലൂടെ ഈ രംഗത്ത് ത്യാഗരാജൻ മാസ്റ്റർ ചുവടുറപ്പിക്കുന്നത്.

ഷൂട്ടിങ് എത്ര വൈകിയാലും അഞ്ചു മണിക്കു തന്നെ മാസ്റ്ററുടെ ഒരു ദിവസം ആരംഭിക്കും. കുളിച്ച് ഈശ്വരനെ ധ്യാനിച്ച് നെറ്റിയിലും ശരീരത്തിലും ഭസ്മം പൂശിയാണ് മാസ്റ്റർ ജോലിക്ക് പ്രവേശിക്കുന്നത്. 79 വർഷത്തെ ജീവിതാനുഭവങ്ങളിൽ 60 വർഷവും മാസ്റ്റർ സഞ്ചരിച്ചത് മലയാള സിനിമയ്‌ക്കൊപ്പമാണ്. തമിഴ്‌നാട്ടിൽ ജനിച്ചു വളർന്നെങ്കിലും അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും മലയാള സിനിമയാണ്. ‘കേരളത്തിലെ സിനിമാ പ്രേക്ഷകർ തന്റെ ആത്മാവാണ്’ എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും. ആ വാക്കുകൾ മലയാള സിനിമയോടുള്ള ത്യാഗരാജൻ മാസ്റ്ററുടെ ഹൃദയവികാരത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

subscribe