മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറായ തിക്കുറിശ്ശിയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ മകന് നിരഞ്ജ് എന്ന് പേരിട്ടത്. കുട്ടി ഭാവിയിൽ വലിയ നടനാകുമെന്നും തിക്കുറിശ്ശി പ്രവചിച്ചു. ബ്ലാക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിലാണ് നിരഞ്ജ് സിനിമയിൽ എത്തിയത്. ബോബി എന്ന ചിത്രത്തിലൂടെ നായകനായി. ഓണക്കാലത്ത് പ്രദർശനത്തിനെത്തിയ ഫൈനൽസ് നടനെന്ന നിലയിൽ നിരഞ്ജിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ്. ഫൈനൽസിലെ മാനുവലായി നിരഞ്ജ് ഗംഭീര പ്രകടനമാണ് നടത്തിയത്. നിരഞ്ജ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

  • പരാജയത്തിൽ നിരാശ തോന്നിയില്ല

ഫൈനൽസ് ഇറങ്ങിയപ്പോൾ ഒരുപാട് നല്ല അഭിപ്രായം വന്നു. മികച്ച നടനാവാൻ പഠിച്ചുകൊണ്ടേയിരിക്കണം. ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുന്നു എന്ന തോന്നലാണ്. ഇനിയും മെച്ചപ്പെടാനുണ്ട്. അതിനായി ഞാൻ പരമാവധി ശ്രമിക്കും. സിനിമയിൽ നായകനായി തുടങ്ങണം എന്ന ചിന്ത അച്ഛനും എനിക്കും ഉണ്ടായിരുന്നില്ല. സിനിമയുടെ ഭാഗമാകണമെന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് വില്ലനായി തുടങ്ങിയത്. ബോബി എന്ന സിനിമയിലാണ് നായകനായത്. ആദ്യമായി നായകനാകുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. ആദ്യ ചിത്രം ബ്ലാക് ബട്ടർഫ്‌ളൈസ് വിജയിച്ചില്ല. എന്നാൽ, പരാജയത്തിൽ നിരാശ തോന്നിയതേയില്ല. മറ്റുള്ളവർ നമ്മളെപ്പറ്റി നെഗറ്റീവായി ചിന്തിക്കുമ്പോൾ, അതിനെ ലക്ഷ്യത്തിൽ എത്താനുള്ള മോട്ടിവേഷനായി എടുക്കുകയാണ് വേണ്ടത്. എല്ലാവരും എപ്പോഴും പ്രശംസിച്ചുകൊണ്ടിരുന്നാൽ മുന്നോട്ടുള്ള യാത്രയുണ്ടാവില്ല. എന്റെ ആദ്യ സിനിമയുടെ പരാജയത്തിനുശേഷം ഫഹദിക്ക അച്ഛനോട് പറഞ്ഞു, ആത്മവിശ്വാസം കൈവിടേണ്ട, തിരിച്ചുവരാൻ കഴിയും. അതു ശരിയാണെന്നാണ് എനിക്കും തോന്നുന്നത്. ആദ്യം കുറച്ചു വീഴ്ചകൾ വരും. കഷ്ടപ്പെടുന്നതിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും എന്നുതന്നെയാണ് വിശ്വാസം.

ആദ്യ ചിത്രം പരാജയമായപ്പോൾ, എന്നിൽ വലിയ പ്രതീക്ഷയൊന്നും വേണ്ടെന്നു ചിന്തിച്ചവരുണ്ട്. എന്നാൽ, ഞാനതിനെ വെല്ലുവിളിയായി സ്വീകരിച്ചു. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്നെങ്കിലും തിരിച്ചുവരാനാവും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ മാസ്‌റ്റേഴ്‌സ് പഠനകാലത്ത് സിനിമയെ കൂടുതൽ മനസിലാക്കാൻ ശ്രമിച്ചു. അവിടെ എനിക്ക് ഒരുപാട് ഫ്രീ ടൈം കിട്ടി. വിവിധ സംസ്‌കാരത്തിൽ നിന്നുള്ളവരുമായി ഇടപഴകാൻ സാധിച്ചു. ഇൻഹിബിഷൻസ് മാറുമ്പോഴാണ് കൂടുതൽ സ്വാഭാവികമായി അഭിനയിക്കാൻ കഴിയുക. ഇതിനായി പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി. അതെല്ലാം അഭിനയത്തിലും സഹായിച്ചു.

  • ഫൈനൽസിലെ മാനുവൽ

ഫൈനൽസിന്റെ സംവിധായകൻ അരുൺ ചേട്ടന് മാനുവൽ എന്ന കഥാപാത്രത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. മാനുവലിനെക്കുറിച്ച് കൃത്യമായി അദ്ദേഹം പറഞ്ഞുതന്നു. കട്ടപ്പനയിലായിരുന്നു ഫൈനൽസിന്റെ ഷൂട്ടിങ്. ഷൂട്ടിങ്ങിനിടയിൽ പ്രദേശവാസികളുമായി ഇടപഴകാനും അവരെപ്പറ്റി കൂടുതൽ അറിയാനും സാധിച്ചു. അവരിലൊരാളായി ഞാൻ എന്നെ സങ്കൽപ്പിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. അച്ഛൻ മുഴുവൻ സമയവും ലൊക്കേഷനിൽ ഉണ്ടായിരുന്നു. എന്നാൽ, അഭിനയത്തിനായി നിർദ്ദേശങ്ങളൊന്നും നൽകിയില്ല. ചിത്രം പൂർത്തിയായ ശേഷമാണ് അച്ഛൻ കണ്ടത്. അച്ഛനു വലിയ സന്തോഷമായി. നന്നായി ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

  • അച്ഛൻ സഹായിക്കില്ല

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായ കാലം മുതലുള്ള കാര്യങ്ങൾ. ഞങ്ങൾ അതൊന്നും മറക്കാറില്ല, എന്നാലും ഇടയ്‌ക്കൊക്കെ അച്ഛൻ അക്കാലം ഓർമിപ്പിക്കും. സിനിമയിൽ അച്ഛൻ എന്ന സഹായിക്കുകയോ എനിക്കു വേണ്ടി ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ല. ഫൈനൽസിൽ പോലും കഥാപാത്രത്തിന് അനുയോജ്യമായതിനാലാണ് എന്നെ തെരഞ്ഞെടുത്തത്. ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന് അധിക പ്രാധാന്യമൊന്നും നൽകിയിട്ടില്ല. രജിഷയുടെയോ സുരാജേട്ടന്റെയോ എന്റെയോ കഥാപാത്രത്തെ ഫോക്കസ് ചെയ്യുന്ന ചിത്രമല്ല ഫൈനൽസ്. കഥയ്ക്കാണ് പ്രധാന്യം. അങ്ങനെയൊരു കഥയിൽ കഥാപാത്രം എനിക്ക് അനുയോജ്യമാണെന്നും കഥാപാത്രത്തിന്റെ വിജയത്തിനായി ഞാൻ ശ്രമിക്കും എന്ന ബോധ്യം ഉള്ളതിനാലുമാണ് ഞാൻ ചിത്രത്തിന്റെ ഭാഗമായത്. അഭിനയത്തിനായി കഷ്ടപ്പെടാൻ ഞാൻ തയാറാണെന്ന് അച്ഛനറിയാം. അച്ഛൻ നടനായതിനാൽ സിനിമ പ്രവേശം എളുപ്പമാണ്. എന്നാൽ, സിനിമയിൽ തുടരാൻ ഞാൻ നന്നായി കഷ്ടപ്പെടണം.
നല്ല സിനിമകൾ മാത്രം മതിയെന്നാണ് തീരുമാനം. ഫൈനൽസിലെ പ്രകടനത്തെപ്പറ്റി നല്ല അഭിപ്രായമാണ് ലഭിച്ചത്. ഇനിയൊരു സിനിമ ചെയ്യുമ്പോൾ അത് മോശമായാൽ ഫൈനൽസിലെ പ്രകടനം പ്രേക്ഷകർ മറക്കും. പകരം പുതിയ സിനിമയിലൂടെയാവും അവർ ജഡ്ജ് ചെയ്യുക. അപ്പോൾ അടുത്ത സിനിമയുടെ വിജയം തെരഞ്ഞെടുക്കലിനും കഥാപാത്രത്തോടുള്ള സമീപനത്തിനും അനുസരിച്ചിരിക്കും.

subscribe