ലാൽ ജോസ് ജനപ്രിയ സംവിധായകനാണ്. വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ചലച്ചിത്രകാരൻ. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേർന്നതാണ് ലാൽ ജോസ് എന്ന സംവിധായകന്റെ ജീവിതം. മീശമാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി വ്യത്യസ്തങ്ങളായ 25 ചിത്രങ്ങൾ. ലാൽ ജോസ് ഞാൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

  • ഒരു മറവത്തൂർ കനവ് മുതൽ ’41’ വരെ, ഇരുപത്തഞ്ച് സിനിമകൾ

25 സിനിമകൾ, 21 വർഷങ്ങൾ… 1998-ൽ ആണ് ‘ഒരു മറവത്തൂർ കനവ്’ എന്ന എന്റെ ആദ്യ സിനിമ സംഭവിക്കുന്നത്. സ്വതന്ത്ര സംവിധായകനാകുന്നതിനു മുമ്പ് ഒമ്പതു വർഷത്തോളം അസിസ്റ്റന്റ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സിനിമയിലെ മുപ്പതു വർഷങ്ങൾ… അതൊരു വലിയ യാത്രയാണ്, വേറിട്ട ഒരു യാത്ര എന്നും പറയാം.

ഒറ്റപ്പാലത്തെ ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന ഞാൻ ഒരിക്കലും സിനിമയിൽ വരുമെന്നു കരുതിയിരുന്നില്ല. പഠനകാലത്ത് സിനിമ കാണുന്നത് ഇഷ്ടമാണ് എന്നതിലുപരി സിനിമ മനസിൽ കൊണ്ടു നടന്നിട്ടില്ല. സിനിമയുമായി ബന്ധമൊന്നുമില്ലാത്ത കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു കാലഘട്ടം ആയിരുന്നു അത്. സിനിമയിൽ വരണമെന്നോ, സംവിധായകനാകണമെന്നോ അങ്ങനെ ആഗ്രഹങ്ങളൊന്നും മനസിൽ പോലും ഉണ്ടായിട്ടില്ല.

ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ ദുബായിൽ ഒരു ജോലി ശരിയായി. ജോലിയുമായി ബന്ധപ്പെട്ടാണ് മാനുവൽ കളർ പ്രോസസിങ് പഠിക്കാൻ ചെന്നൈയിലേക്ക് വണ്ടികയറുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റിങ് എനിക്ക് അറിയാമായിരുന്നു. പഠിക്കുന്ന കാലത്ത് കേരള കൗമുദി ദിനപ്പത്രത്തിന്റെ റിപ്പോർട്ടറും ഫോട്ടോഗ്രഫറും ഒറ്റപ്പാലം ഏജന്റുമായിരുന്നു ഞാൻ. പത്രത്തിലെ ജോലിയുടെ ആവശ്യത്തിന് അവിടെയുള്ള ഒരു സ്റ്റുഡിയോയിൽ നിന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രോസസിങ് പഠിച്ചിരുന്നു. അക്കാലത്ത് മുംബൈയിലും ചെന്നൈയിലുമായിരുന്നു ഈ കോഴ്‌സ് ഉണ്ടായിരുന്നത്. മുംബൈയ്ക്കാണ് ഞാൻ വണ്ടി കയറിയിരുന്നതെങ്കിൽ എന്റെ ജീവിതം മാറിപ്പോകുമായിരുന്നു. ചെന്നൈയിലേക്ക് വണ്ടി കയറാൻ മറ്റൊരു കാരണം കൂടിയുണ്ട്. എന്റെ സുഹൃത്തും സഹപാഠിയും ഗായകനുമായ ദിനേശ് ചെന്നൈയിലുണ്ട്. അക്കാരണത്താൽ എനിക്കു വീട്ടിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു.

  • പ്രാദേശിക വാർത്തകൾ

ചെന്നൈയിൽ, സിനിമയിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന സ്ഥലത്താണ് എനിക്ക് താമസം ശരിയായത്. അസിസ്റ്റന്റ് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയവർ താമസിക്കുന്ന സ്ഥലമായിരുന്നു അത്. അവിചാരിതമായാണ് എനിക്ക് ഡയറക്ടർ കമൽ സാറിനെ പരിചയപ്പെടാൻ അവസരം ലഭിച്ചത്. അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്. സിനിമ എന്താണ്, എങ്ങനെയാണ് ഒരു സിനിമ ഉണ്ടാകുന്നത് എന്നറിയാനും പഠിക്കാനും ആഗ്രഹമുണ്ടായി. അങ്ങനെയാണ് കമൽ സാറിന്റെ കൂടെ പ്രാദേശികവാർത്തകൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തത്. കോഴിക്കോടായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാകുന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞതിനു ശേഷമാണ് ഇക്കാര്യം ഞാൻ വീട്ടിൽ പറയുന്നത്.
പിന്നീട്, കമൽ സാറിന്റെ കൂടെ ഒമ്പതു വർഷത്തോളം പ്രവർത്തിച്ചു. അസിസ്റ്റന്റ് ഡയറക്ടറുടെ ജോലി വലിയ പ്രതിഫലമൊന്നും കിട്ടുന്നതായിരുന്നില്ല. വർഷത്തിൽ രണ്ട് സിനിമയാണ് കമൽ സാർ ചെയ്തിരുന്നത്. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. കോടമ്പാക്കമെന്നാൽ എടുത്തുപറയേണ്ട കാര്യമില്ല, സിനിമാക്കാരുടെ താവളമാണ്. ഒരുപാടു പേരുടെ ഉയർച്ചയും താഴ്ചയും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.

  • സിനിമയിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചു

ശരിയാണ്, സിനിമയിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഞാൻ. പണ്ട് ഒരു സിനിമയുടെ വർക്ക് എല്ലാ ജോലികളും ഉൾപ്പെടെ നാലു മുതൽ അഞ്ചു മാസം വരെ എടുക്കുമായിരുന്നു. സിനിമ അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക് മാറി. ഡിജിറ്റലിൽ തന്നെ നിരവധി സാങ്കേതികതകളുണ്ടായി. ഓഡിയോ സൈഡിലും വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് നമ്മളുടേത്. എനിക്കു കിട്ടിയ ഭാഗ്യം സിനിമയുടെ ആദ്യകാല സാങ്കേതികവിദ്യയോടൊപ്പം ആരംഭിച്ച യാത്ര ഇപ്പോഴും തുടരുന്നു എന്നതാണ്. ഓഡിയോ സൈഡിലാണെങ്കിൽ ലൂബ് സിസ്റ്റത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. പിന്നീട് ടേപ്പ് വന്നു, അതിൽ വർക്ക് ചെയ്തു. 2സി ക്യാമറ ഉപയോഗിക്കുന്ന കാലം മുതൽ ആരി 3 ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്ന ഇക്കാലം വരെ എത്തിനിൽക്കുന്ന ചലച്ചിത്രയാത്രകൾ.
സിനിയുടെ ടോട്ടൽ സ്വഭാവത്തിനു തന്നെ മാറ്റം വന്നു. പ്രമേയം, ടെക്‌നോളജി, ടെക്‌നീഷൻസ് എല്ലാം മാറി. വലിയ ക്യാൻവാസിലായിരുന്നു നമ്മുടെ സിനിമകൾ ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ ചെറിയ സിനിമകളും അതിന്റേതായ വിജയം കണ്ടെത്തുന്നുണ്ട്.

  • താരങ്ങളെ മാത്രം ആഘോഷിക്കാതെ ‘ഒരു ലാൽ ജോസ് ചിത്രം’ എന്ന പേരിൽ പ്രേക്ഷകർ താങ്കളുടെ സിനിമയെ ഉത്സവമാക്കി. എന്താണ് ആ ‘ ലാൽ ജോസ് മാജിക്’

അങ്ങനൊയൊരു ‘മാജിക്’ ഇല്ല. മാജിക് ഉണ്ടായിരുന്നെങ്കിൽ എന്റെ എല്ലാ സിനിമകളും വിജയിക്കണമല്ലോ. പരാജയപ്പെട്ട സിനിമകളും എന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, എന്റെ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്ന വാർത്തകൾ പുറത്തുവരുന്ന സമയം മുതൽ പ്രേക്ഷകർ എന്റെ സിനിമയെ ശ്രദ്ധിക്കാറുണ്ട്. 21 വർഷത്തെ സംവിധാന ജീവിതത്തിനിടയിൽ അക്കാര്യം ഞാൻ മനസിലാക്കിയിട്ടുണ്ട്. ചിലപ്പോൾ, എന്റെ പരാജയചിത്രത്തിനു ശേഷം വരുന്ന സിനിമയാകാം എന്നാലും എന്താണ് ലാൽ ജോസിന്റെ പുതിയ സിനിമ എന്ന് പ്രേക്ഷകർ നോക്കുന്നുണ്ട്.
തുടക്കം മുതൽ വ്യത്യസ്തയ്ക്കു വേണ്ടി ഞാൻ ശ്രമിക്കാറുണ്ട്. വ്യത്യസ്തമായ, പൂർവഭാരമില്ലാത്ത കഥകൾ, കാസ്റ്റിങ്, ടെക്‌നീഷ്യൻസ് തുടങ്ങിയ പുതുമയുള്ളതാകാൻ ശ്രമം നടത്താറുണ്ട്. പഴയ കാലമല്ല. പ്രേക്ഷകരുടെ അഭിരുചിയിലൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മാറ്റം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. പുതിയ മാറ്റങ്ങൾക്കും വിഷയവൈവിധ്യങ്ങൾക്കും വേണ്ടി ശ്രമങ്ങൾ തുടരുന്നു.

subscribe