ഹിമാലയം, ഒരു സ്വപനമായിരുന്നു… മഞ്ഞുമലകൾ ചവിട്ടി കൊടുമുടികൾ കീഴടക്കാനുള്ള മനസിന്റെ വെമ്പൽ സ്വപ്‌നമായി പെയ്തിറങ്ങിയ എത്രയോ രാവുകൾ… പൗലോ കൊയ്‌ലോയുടെ വാക്കുകളെ മുറുകെ പിടിച്ചു നടന്ന ദിനങ്ങൾ… സത്യമായിരുന്നു ആ വാക്കുകൾ…
നമ്മൾ ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം ദൃഢമാണെങ്കിൽ അത് വന്നു ചേരാൻ നമുക്കു ചുറ്റുമുള്ള അദൃശ്യശക്തികളെല്ലാം കൂടെയുണ്ടാകുമെന്ന് തെളിയിച്ചുകൊണ്ട് ഞാനും ഭാര്യയും സുഹൃത്തുക്കളായ നിമേഷും രാകേഷും ഹിമാലയൻ കൊടുമുടികൾ കയറാൻ പുറപ്പെട്ടു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നായിരുന്നു യാത്ര. രാത്രിയായിരുന്നു ഡൽഹി ഫ്‌ളൈറ്റ്. ഞങ്ങളെ എയർപോട്ടിൽ കൊണ്ടുവിടാൻ പ്രിയ സുഹൃത്തുക്കൾ ബിൻസും ആൽഫിയും സനുവുമുണ്ടായിരുന്നു. മലപ്പുറത്തു നിന്ന് നിമേഷും കോഴിക്കോട്ടു നിന്ന് രാകേഷും നേരെ എയർപോട്ടിലേക്കാണ് എത്തിയത്. കൊച്ചിയോടു ടാറ്റാ പറഞ്ഞ് ഞങ്ങൾ നാലുപേരും സ്വപ്നലോകത്തേക്കു പറന്നുയർന്നു.

രാവിലെ 5.30-ന് ഡൽഹിയിൽ ലാൻഡ് ചെയ്തു. ആദ്യദിനം ഡൽഹി ചുറ്റിക്കറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പക്ഷേ, കേരളഹൗസിൽ മുറി കിട്ടാത്തതുകൊണ്ട് താജ്മഹൽ കാണാൻ നേരെ ആഗ്രയ്ക്കു ട്രെയിൻ കയറി. ആഗ്ര സ്റ്റേഷനിൽ ഞങ്ങളെ സ്വാഗതം ചെയ്തത് ടാക്‌സി ഡ്രൈവർമാരും റിക്ഷാവാലകളും റൂം ഏജന്റുമാരുമാണ്. ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയെന്നത് ശ്രമകരമായ ജോലിയാണ്. പുസ്തകങ്ങളിലും ചിത്രങ്ങളിലും മാത്രം കണ്ടുപരിചയമുള്ള ആ വെണ്ണെക്കൽ കൊട്ടാരത്തിന് ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഷാജഹാന് മുംതാസിനോടുള്ള പ്രണയം ഒരോ ചുവരുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. മുംതാസിന്റെ ശവകുടീരം കണ്ട് തിരിച്ചിറങ്ങിയ ഞങ്ങൾ കുറച്ച് നേരം ആ പ്രണയസൗധത്തിന്റെ പിറകിൽ യമുനാ നദിയെ നോക്കി അലസമായി ഇരുന്നു. വെണ്ണക്കല്ലിനെ തഴുകി കടന്നുപോകുന്ന കാറ്റിനും ഒഴുകുന്ന നദിക്കും പ്രണയത്തിന്റെ ഭാവമാണ്. സഞ്ചാരികളുടെ തിരക്കേറിയപ്പോൾ താജ്മഹലിനോട് യാത്ര പറഞ്ഞ് അടുത്ത ലക്ഷ്യമായ ആഗ്രകോട്ടയിലേക്കു നടന്നു.

താജിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരമേ ആഗ്രകോട്ടയ്ക്കുള്ളതെങ്കിലും നടന്നു തുടങ്ങിയപ്പോഴാണ് നല്ല ദൂരം ഉണ്ടെന്നു മനസിലായത്. മുഗൾ ചക്രവർത്തി അക്ബർ പണി കഴിപ്പിച്ചതാണ് ആഗ്ര കോട്ട. കോട്ടയ്ക്കുള്ളിലെ മൂസമ്മൻ ബുർജിൽ നിന്ന് താജ്മഹൽ മനോഹരമായി വീക്ഷിക്കാനാകും. പുത്രനായ ഔറംഗസീബ് തടവിലാക്കിയതിനെത്തുടർന്ന് ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവർഷം കഴിച്ചുകൂട്ടിയത് മൂസമ്മൻ ബുർജിൽ ആയിരുന്നു എന്നും പറയപ്പെടുന്നു. കോട്ടയ്ക്കുള്ളിലെ വഴികളെക്കുറിച്ച് കൃത്യമായ നിർദേശം നൽകാൻ ആരും ഇല്ലാത്തതുകൊണ്ട് പലപ്പോഴും വഴി തെറ്റി കോട്ടയ്ക്കുള്ളിൽ എവിടെയ്ക്കയോ എത്തി. തിരിച്ചിറങ്ങാനോ മുന്നോട്ട് പോകാനോ വഴിയറിയാതെ പലപ്പോഴും കുഴങ്ങി.

കോട്ടയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് രാകേഷ് പറയുന്നത് ആസിഡ് ആക്രമണത്തിന്റെ ഇരകൾ നടത്തുന്ന ഒരു കഫേ ആഗ്രയിൽ ഉണ്ടെന്ന്. നന്നായി വിശക്കുന്നുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ നേരെ ഷീറോസ് ഹാങ്ഔട്ട് കഫേയിലേക്ക് ഓട്ടോ പിടിച്ചു. രാത്രിയോടെ ഞങ്ങൾ തിരികെ ഡൽഹിയിലെത്തി. ആഗ്രയിൽ വച്ചുതന്നെ മൊബൈൽ ആപ് വഴി രാകേഷ് ഡൽഹിയിൽ റൂം ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഞങ്ങൾ നേരേ ഹോട്ടലിലേക്കാണു പോയത്.

subscribe