മനുഷ്യജീവിതത്തിൽ ഏറ്റവും സുന്ദരവും ലളിതവും എന്നും ഓർമകളിൽ മിന്നിമറയുന്നതുമായ ഘട്ടമാണ് കുട്ടിക്കാലം. അതേസമയം, ആരോഗ്യപരമായി ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന കാലം കൂടിയാണ് കുട്ടിക്കാലം. യഥാർത്ഥത്തിൽ, വ്യക്തിജീവിതത്തിന്റെ അടിത്തറ പാകുന്ന സമയം തന്നെയാണ് ബാല്യം. ശാരീരികതലത്തിൽ മാത്രമല്ല, ബൗദ്ധികവും മാനസികവും പിന്നെ, സാമൂഹികവുമായ തലങ്ങളിൽ വ്യക്തിയുടെ വളർച്ചയ്ക്കു തുടക്കം കുറിക്കുന്നത് ബാല്യത്തിലാണ്. പക്ഷേ, ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന സമയവും കുട്ടികാലമണ്. രണ്ടു കാരണങ്ങളാണിതിനുള്ളത്. ഒന്ന്, ആ കാലയളവിൽ കുട്ടിയുടെ എല്ലാ കാര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുടുംബത്തെ ആശ്രയിച്ചിരിക്കുന്നു. അവനവനുവേണ്ടി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധിക്കില്ല. ജീവശാസ്ത്രപരമായ പല പോരായ്മകളും ബലഹീനതകളും അപൂർണതകളും ആണ് രണ്ടാമത്തെ കാരണം.

‘ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം’ ഒരു ആപ്തവാക്യം തന്നെ. നാളെത്തെ സമൂഹത്തിന്റെ വാഗ്ദാനങ്ങളെ ആരോഗ്യത്തോടെ വളർത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ആദ്യഘടകമായ കുടുംബം തന്നെയാണ് ഇത് ഏറ്റെടുക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസിനു സ്ഥാനം. അതുകൊണ്ടുതന്നെ എങ്ങനെ കുട്ടിക്കാലത്തെ ആരോഗ്യപരമായി വളർത്തി കൗമാരത്തിലേക്കു കൈ പിടിച്ചു കയറ്റാം എന്നു നോക്കാം. ഈ അവസരത്തിൽ നമുക്കു പോഷണ സംബന്ധമായ കാര്യങ്ങൾ പരിശോധിക്കാം.

ബാല്യകാലത്തെ നമുക്കു ശാസ്ത്രീയമായി മൂന്നായി വിഭജിക്കാൻ പറ്റും. ജനനം മുതൽ രണ്ടു വയസുവരെയുള്ള സമയം ശൈശവം. മൂന്നു മുതൽ അഞ്ചു വയസുവരെയുള്ള ബാല്യത്തിന്റെ ആദ്യഘട്ടം, പിന്നെ അഞ്ചു വയസു മുതൽ പന്ത്രണ്ട് വയസ് വരെ ഉള്ളത്. ആദ്യത്തെ രണ്ടു ഘട്ടങ്ങളും ഒരു പരിധിവരെ നല്ല നിലയ്ക്കു പോകാറുണ്ട്. കാരണവും വളരെ വ്യക്തം, ഒരു കുട്ടി ഈ കാലമത്രയും ആഹാരകാര്യത്തിൽ മറ്റുള്ളവരെ ഏകദേശം പൂർണമായും ആശ്രയിക്കുന്നു. മൂന്നാമത്തെ ഘട്ടത്തിൽ ആഹാരലഭ്യത അതേ രീതിയിൽ ആണെങ്കിലും കുട്ടികൾ സ്‌കൂൾ എന്ന പുതിയ ഒരു അന്തരീക്ഷത്തോടു പൊരുത്തപ്പെട്ടു തുടങ്ങും. അതോടൊപ്പം സ്വന്തമായി ഭക്ഷണം കഴിക്കുകയും പുതിയ ഭക്ഷണശീലങ്ങൾ അനുകരിക്കുകയും ചെയ്യും. ഈ പുതുമയ്ക്ക് അതിന്റേതായ നല്ല വശവും അതോടൊപ്പം ദൂഷ്യവശങ്ങളും ഉണ്ട്. ഈ പ്രായത്തിൽ സ്ഥിരമായി കാണപ്പെടുന്ന ചില ആരോഗ്യപോഷണ സംബന്ധമായ അവസ്ഥകളെക്കുറിച്ചു പഠിക്കാം. പല തരത്തിലെ പോഷണക്കുറവുകൾ പിൻകാലങ്ങളിൽ സങ്കീർണമായ പ്രശ്‌നങ്ങളിലേക്കു കുട്ടികളെ നയിക്കാറുണ്ട്. ഇതുമൂലം കുട്ടിയുടെ പ്രതിരോധശേഷി കുറയുകയും തന്മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കായി മരുന്ന് ആരായുകയും ചെയ്യേണ്ടി വരാറുണ്ട്. ശരിയായ മാത്രയിൽ ലഭിക്കേണ്ട പോഷകഘടകങ്ങളുടെ അഭാവത്തിൽ ഒരു കുട്ടി പലതരത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം.

subscribe