‘മിനി സ്‌ക്രീനിലെ സൂപ്പർ സംവിധായകനാണ് താങ്കൾ.’ സൂപ്പർ ഹിറ്റ് മെഗാ സീരിയൽ വാനമ്പാടിയുടെ സംവിധായകൻ ആദിത്യനോടാണ് ചോദ്യം. ‘ആണോ, എനിക്കറിയില്ല.’ ചിരിയോടെ മറുപടി. മികച്ച സീരിയൽ സംവിധായകനുള്ള ഏഷ്യാനെറ്റിന്റെ പുരസ്‌കാരം വാനമ്പാടിയിലൂടെ ആദിത്യൻ നേടി. വാനമ്പാടി മികച്ച സീരിയലുമായി. കുടുംബ പ്രേക്ഷകരുടെ പൾസറിഞ്ഞ സംവിധാന മികവാണ് ആദിത്യന്റെ പ്രത്യേകത. സീരിയലിനു വേണ്ട ചേരുവകൾക്കൊപ്പം ക്വാളിറ്റിയിൽ ഒരു കോംപ്രമൈസിനും തയാറല്ല അദ്ദേഹം. ആദിത്യന്റെ വിശേഷങ്ങൾ.

തുടക്കം ആകാശദൂതിൽ

ആകാശദൂത് എന്ന സിനിമയുടെ രണ്ടാം ഭാഗം സീരിയലാക്കിയാണ് തുടക്കം. രജപുത്ര രഞ്ജിത്തേട്ടനാണ് നിർമിച്ചത്. സൂര്യ ടിവിക്കു വേണ്ടിയാണ് ചെയ്തത്. ഈ സീരിയൽ വലിയ ഹിറ്റായി. പിന്നീട് ഏഷ്യാനെറ്റിൽ അമ്മ സീരിയലിന്റെ കുറച്ചുഭാഗം ചെയ്തു. നിർമാണം മെറിലാൻഡായിരുന്നു. ശ്രീമൂവിസിന്റെ അനാമിക നൂറ് എപ്പിസോഡ് ചെയ്തു. അമൃത ടിവിയിലാണ് അനാമിക സംപ്രേക്ഷണം ചെയ്തത്. അതിനുശേഷമാണ് വാനമ്പാടി സംവിധാനം ചെയ്തത്. രജപുത്ര രഞ്ജിത്തേട്ടനാണ് നിർമാണം. വാനമ്പാടി തുടങ്ങിയിട്ട് മൂന്നു വർഷമായി. ഇപ്പോഴും സൂപ്പർ ഹിറ്റായി തുടരുന്നു.

മനസിൽ സിനിമ മാത്രം

കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത് അറയ്ക്കൽ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. തനി നാട്ടിൻപുറം. തടിക്കാട് എൽ.പി.എസിൽ പ്രാഥമിക വിദ്യാഭ്യാസം. പുല്ലങ്കോട് യു.പി.എസ്, വാളകം ആർ.വി.എച്ച്.എസ് എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്‌കൂളിൽ എത്തിയപ്പോൾ സിനിമ മനസിൽ കയറി. പഠനത്തിൽ നന്നായി ഉഴപ്പി. പത്താം ക്ലാസിൽ കഷ്ടിച്ചു ജയിച്ചു. പിന്നീട് രണ്ടു വർഷം ഐ.ടി.സി പഠനം. ഐ.ടി.സി പഠനവും നന്നായി മുന്നോട്ടുപോയില്ല. സിനിമയിലാണ് എനിക്കു താത്പര്യം എന്നു മനസിലാക്കിയ എന്റെ അച്ഛൻ തിരുവനന്തപുരത്തെ സത്യജിത്ത് റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തു. ഇപ്പോഴും ഈ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. ഒരു വർഷമായിരുന്നു കോഴ്‌സ്. ഡോ. ഡി. ബിജുകുമാർ ഒരു ഷോർട്ട് ഫിലിം പ്ലാൻ ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ ഷോർട്ട് ഫിലിമാണ്. അദ്ദേഹത്തിന്റെ ഒരു സുഹൃത്തു വഴി ഞാൻ ഷോർട്ട് ഫിലിമിൽ അസിസ്റ്റന്റായി. ബ്ലാക് സിഗ്‌നേച്ചർ എന്നായിരുന്നു ഷോർട്ട് ഫിലിമിന്റെ പേര്. ഷോർട്ട് ഫിലിം ഏഷ്യാനെറ്റ് സംപേക്ഷണം ചെയ്തു. അതിനുശേഷമാണ് ഡിഗ്രി പഠിക്കണം എന്നുതോന്നിയത്. അങ്ങനെ കോളജിൽ ഡിഗ്രിക്ക് ചേർന്നു. അതിനിടയിൽ ടെലിഫിലിമുകളിലും വർക്ക് ചെയ്യുമായിരുന്നു. ആ സമയത്ത് ദൂരദർശനിൽ സുരേഷ് ഉണ്ണിത്താൻ സാർ അമ്മ എന്ന സീരിയിൽ സംവിധാനം ചെയ്യുന്നുണ്ടായിരുന്നു. അമ്മയുടെ എപ്പിസോഡ് ഡയറക്ടർ ഉദയകുമാറാണ്. അദ്ദേഹത്തിനൊപ്പം ഞാൻ സംവിധാന സഹായിയായി. ഞാൻ പ്രവർത്തിക്കുന്ന ആദ്യ മെഗാ സീരിയലാണ് അമ്മ. 1999-ലാണിത്. ഉദയകുമാർ കല്യാണക്കുറിമാനം എന്ന സിനിമ സംവിധാനം ചെയ്തപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അസോസിയേറ്റായി. ഞാനും ജയകുമാർ എന്ന എഴുത്തുകാരനും ചേർന്നാണ് സിനിമയുടെ സംഭാഷണം എഴുതിയത്. അതിനുശേഷം ഒരു തമിഴ് സിനിമയിൽ അവസരം ലഭിച്ചു. ഈ സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുറച്ചുനാൾ കുറ്റാലത്ത് താമസിച്ചു. എന്നാൽ, ഈ സിനിമ നടന്നില്ല.

പ്രതിസന്ധിയിലായ ആദ്യ സീരിയൽ

തമിഴ് സിനിമ മുടങ്ങിയതോടെ ഇനി സ്വതന്ത്രമായി സിനിമ ചെയ്താൽ മതിയെന്ന് തീരുമാനിച്ചു. ഈ സമയത്താണ് ഒരു സീരിയൽ സംവിധാനം ചെയ്യാനായി ഒരു നിർമാതാവ് സമീപിച്ചത്. ആകാശദൂതിന്റെ രണ്ടാം ഭാഗം എടുത്താൽ നന്നായിരിക്കും എന്നത് ഹസൻ എന്ന സുഹൃത്തിന്റെ ആശയമായിരുന്നു. ആകാശദൂതിന്റെ നിർമാതാവിൽ നിന്ന് സീരിയൽ ചെയ്യാനുള്ള അവകാശം വാങ്ങി. അപ്പോഴാണ് സംവിധായകനും നിർമാതാവും തുടക്കക്കാരാണെന്ന പ്രതിസന്ധി ഉണ്ടായത്. ഒരു ചാനലും സീരിയൽ സ്വീകരിക്കാൻ തയാറായില്ല. എന്റെ വാക്ക് വിശ്വസിച്ച് നിർമാതാവ് പത്തു ലക്ഷത്തോളം മുടക്കി പൈലറ്റ് എപ്പിസോഡുകൾ എടുത്തിരുന്നു. ചാനലുകൾ പറഞ്ഞത്, പുതിയ സംവിധായകനാണെങ്കിൽ നിർമാതാവ് പരിചയ സമ്പന്നനാവണം. നിർമാതാവ് പുതിയ ആളാണെങ്കിൽ സംവിധായകൻ പരിചയസമ്പന്നനാവണം. ഇക്കാര്യം എനിക്ക് അറിയില്ലായിരുന്നു. മുടക്കിയ പത്തു ലക്ഷം ബാധ്യതയായി. അതിനാൽ, എങ്ങനെയെങ്കിലും സീരിയൽ സംപ്രേക്ഷണം ചെയ്യണം. അതിനായി പിന്നീടുള്ള ശ്രമം. അങ്ങനെയാണ് ഞാൻ രജപുത്ര രഞ്ജിത്തേട്ടനെ സമീപിച്ചത്. ആ സമയത്ത് എനിക്ക് രഞ്ജിത്തേട്ടനെ പരിചയമില്ല. സൂര്യ ടിവിയിൽ എനിക്കുവേണ്ടി ശുപാർശ ചെയ്യണം എന്ന ആവശ്യവുമായാണ് ഞാൻ അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹത്തിന് സൂര്യ ടിവിയിൽ നല്ല ബന്ധമാണ്. അദ്ദേഹം സിഡി കണ്ടു. വർക്ക് ഇഷ്ടപ്പെട്ടു. ഇതിനായി ഒരു വർഷത്തോളം ഞാൻ അദ്ദേഹത്തെ നിരന്തരം സമീപിച്ചുകൊണ്ടേയിരുന്നു.

subscribe