ചാണകം മെഴുകിയ വീട്ടുമുറ്റത്ത് സമൃദ്ധിയുടെ വർണപ്പൂക്കളം. പൂക്കുടചൂടിയ പൂക്കളത്തിൽ നിരന്നു നിൽക്കുന്ന തൃക്കാക്കരയപ്പൻ. പൂവട്ടിയേന്തി, പൂപ്പൊലി പാടി പറമ്പുകളിലും കുറ്റിക്കാടുകളിലും വയലുകളിലും പൂവു തേടിപ്പോകുന്ന ബാല്യം. ആയത്തിലാടുന്ന ഊഞ്ഞാലിലെ ആഹ്ലാദത്തിമിർപ്പ്. തിരുവോണനാളിലെ വിഭവസമൃദ്ധമായ സദ്യ… ശ്രീനിവാസന്റെ മധുരസ്മരണകളിൽ ഓണക്കാലത്തിന് ആഹ്ലാദത്തിന്റെയും സമൃദ്ധിയുടെയും പത്തര മാറ്റുതിളക്കമുണ്ട്.

സ്വന്തം അനുഭവങ്ങളുടെ നേർചിത്രങ്ങളാണ് ശ്രീനിവാസൻ പലപ്പോഴും തന്റെ സിനിമകളിൽ വരച്ചിടാറ്. പാട്യം ഗ്രാമത്തിൽ വളർന്ന ഒരു സാധാരണക്കാരന്റെ ജീവിതാനുഭവങ്ങൾ. ആ അനുഭവങ്ങളെ മലയാളി ആസ്വദിച്ചു. സ്വന്തം അനുഭവങ്ങളിൽനിന്ന് വേർതിരിക്കാതെ മനസിൽ ഒരു ചില്ലുകൂട്ടിൽ സൂക്ഷിച്ചുവച്ചു. അതുകൊണ്ടുതന്നെ ശ്രീനിവാസൻ തന്റെ ‘ഓണം’ ഓർമയിൽനിന്ന് ചികഞ്ഞെടുക്കുമ്പോൾ അവയിൽ പലതും നാമോരുത്തരും കണ്ടുമറന്നവയും അനുഭവിച്ചറിയുന്നവയുമായി തോന്നിപ്പോയാൽ അത്ഭുതപ്പെടാനില്ല. കാരണം, ശ്രീനിവാസന്റെ സിനിമകളും ചിന്തകളും സാധാരണക്കാരന്റെ ജീവിതവുമായി അത്രത്തോളം കെട്ടുപിണഞ്ഞുകിടക്കുന്നു.

ഓണക്കോടി കീറിയ ഓണസിനിമ
………………………………………………………..

കഥ നടക്കുന്നതു തിരുവോണനാളിൽ. വെട്ടിത്തിളങ്ങുന്ന ഓണക്കോടിയും ധരിച്ച് ശ്രീനിവാസൻ നടക്കുന്നത് ‘തലശേരി മുകുന്ദ് ടാക്കീസി’ലേക്ക്. പ്രംനസീറും ബാലൻ കെ. നായരുമൊക്കെ അഭിനയിച്ച ‘നിഴലാട്ടം’ സിനിമ കാണുകയാണ് ലക്ഷ്യം. അന്ന് ശ്രീനിവാസന് പതിനേഴ് വയസ്. റിലീസ് ദിവസം തന്നെ സിനിമ കണ്ടില്ലെങ്കിൽ ആകെ ഒരസ്വസ്ഥതയാണ്. പ്രത്യേകിച്ചും ഓണനാളിൽ. ടാക്കീസിനു മുന്നിലെത്തിയപ്പോൾ വൻ ജനക്കൂട്ടം. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാൻ മാത്രം കഴിയുന്ന ഇടനാഴിയിലൂടെ പോയി വേണം ടിക്കറ്റെടുക്കാൻ. അസാധാരണമായ തിക്കും തിരക്കും. ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ ഇങ്ങനെ ”കുറെ തിക്കി… എങ്ങനെയൊക്കെയോ ഇടനാഴികയ്ക്കുള്ളിൽ കയറിപ്പറ്റി. ഒന്നുംകാണുന്നില്ല. വല്ലാത്ത ഇരുട്ട്. ഇടനാഴിയിലൂടെ ശ്വാസം മുട്ടി ഞരങ്ങിഞരങ്ങി ഒരു കണക്കിനു കൗണ്ടറിനടുത്തെത്തി. അപ്പോഴേക്കും പളപളാ മിന്നുന്ന ഒണക്കോടി കീറി. എങ്കിലും സാരമില്ല, സിനിമ കാണാമല്ലോ എന്നു കരുതി. ടിക്കറ്റെടുക്കാൻ അഞ്ചും ആറും കൈകളാണ് ഒരുമിച്ചു കൗണ്ടറിനകത്തേക്ക് കുത്തിക്കയറുന്നത്. ഇതും പോരാഞ്ഞ് ടിക്കറ്റെടുക്കാൻ മുകളിലൂടെയുള്ള ചാട്ടവും. ധൃതിയിൽ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് കാശെടുത്ത് ടിക്കറ്റ് വാങ്ങിയശേഷം വാതിലിനടുത്തേക്കോടി. വാതിൽക്കൽ വച്ചാണ് കണ്ടത്, കൈയിലിരിക്കുന്നത് ബസ് ടിക്കറ്റ്! തിരക്കിനിടെ കാശിനു പകരം എടുത്തു കൊടുത്തത് ബസ് ടിക്കറ്റായിരുന്നു. കൗണ്ടറിലിരുന്ന ആൾ അത് അതേപടി തിരിച്ചു തരികയും ചെയ്തു. ഒന്നു കൂടി ടിക്കറ്റെടുക്കാമെന്ന് കരുതി കൗണ്ടറിനടുത്തേക്ക് ഓടാൻ തുടങ്ങുമ്പോഴേക്കും ഇടനാഴിയിലുണ്ടായിരുന്നവർ ആർത്തുവിളിച്ചു. ബന്ദ്… ബന്ദ്… മനസിലായില്ലേ? ഹൗസ് ഫുൾ ബോർഡ് തൂങ്ങിക്കഴിഞ്ഞിരുന്നു. പിന്നെ ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഒട്ടും സമയം കയാതെ അടുത്ത ടാക്കീസിലേക്കോടി. പക്ഷേ, അവിടെയും ഹൗസ്ഫുൾ ആയിരുന്നു.” അങ്ങനെ തിരുവോണനാളിൽ സിനിമ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ വിയർത്തുകുളിച്ച്, കീറിയ ഓണക്കോടിയുമായി ശ്രീനിവാസൻ തിരിച്ചു വീട്ടിലേക്കുനടന്നു.

ഇപ്പോൾ വീണ്ടും ഓണം
………………………………….

”സിനിമ തലയ്ക്കുപിടിച്ച ആ കാലത്ത് ആഴ്ചയിൽ മൂന്നും നാലും സിനിമകൾ ഞാൻ കണ്ടിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിൽനിന്നിറങ്ങും. മാറ്റിനി, ഫസ്റ്റ്‌ഷോ, സെക്കൻഡ്‌ഷോ- മൂന്നും കണ്ടശേഷമാണ് വീട്ടിലേക്കു തിരിക്കുക. കണ്ട സിനിമകളുടെ കഥ കേൾക്കാൻ കുടുംബക്കാരും അയൽ വീട്ടിലുള്ളവരും എനിക്കു ചുറ്റും വട്ടമിട്ടിരിക്കും. പിന്നെ പറയണോ, പൊടിപ്പും തൊങ്ങലും വച്ച് ഞാൻ കഥയങ്ങു കാച്ചും. സിനിമയിൽ ചില സീനുകളൊക്കെ വേണ്ടത്ര നന്നായില്ല എന്നു നമുക്കു തോന്നാറിലേ? എന്റെ കഥ പറച്ചിലിൽ ഞാനതെല്ലാം ശരിയാക്കും. സിനിമയിൽ കണ്ടതും കണ്ടതിനപ്പുറവും പറഞ്ഞ് ഞാൻ ആളുകളെ പിടിച്ചിരുത്തും. ഒരുപക്ഷേ, സിനിമ കാണുന്നതിലും രസകരമായിരിക്കും എന്റെ കഥപറച്ചിൽ കേൾക്കുന്നത് -” ഒരു പൊട്ടിച്ചിരിയോടെ ശ്രീനിവാസൻ പറയുന്നു. പലപ്പോഴും ഓണവും വിഷുവമുമൊക്കെ സിനിമാസെറ്റിലായിരിക്കും. തിരക്കിൽനിന്നു പെട്ടെന്നു മാറിനിൽക്കാൻ പറ്റുമോ? എന്റെ ഭാര്യയ്ക്കും മക്കൾക്കും ഇതു നന്നായറിയാവുന്നതുകൊണ്ട് അവർക്കതിൽ പരിഭവമില്ല. എങ്കിലും ഓണവും വിഷുവുമൊക്കെ കടന്നുവരുമ്പോൾ ഗൃഹാതുരസ്മരണകൾ എന്നെ വേട്ടയാടാറുണ്ട്.”

subscribe