മണ്ണിൽ നിൽക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള മനസിലേക്കു പ്രവഹിപ്പിച്ച സ്‌നേഹം, ആർദ്രത… യഥാർഥ ജീവിതത്തിലും പുലർത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് ഞാൻ, ഒപ്പം ഒരു കലാകാരന്റെ പ്രതിബദ്ധതയും. ഹൃദയത്തിൽ നിന്ന് ആർദ്രതയുടെ പാട്ടും കവിതയും കേൾക്കുമ്പോൾ, സ്‌നേഹത്തിന്റെ പതാക ഉയരുമ്പോൾ, നാടും നഗരവും ഓണത്തിരക്കിനാൽ നിറയുമ്പോൾ എനിക്കുമുണ്ട് മനസുതുറന്നു പറയാൻ ചില ഓണസങ്കൽപ്പങ്ങൾ.

ജീവിതം എങ്ങനെ ജീവിച്ചുതീർക്കമെന്നു ചോദിക്കുന്നവരോട് ഞാൻ പറയാറുണ്ട്, ജീവതത്തിൽ സന്തോഷിക്കുക, ജീവിതം ഒരു ആഘോഷമാക്കുക എന്ന്. ഓണവും വിഷുവും ബക്രീദും ക്രിസ്മസുമൊക്കെ കടന്നുവരുമ്പോൾ അതിനെ ആഘോഷപൂർവം വരവേൽക്കുന്ന നമുക്ക് എന്തുകൊണ്ട് ജീവിതം മുഴുവൻ ഒരാഘോഷമാക്കിത്തീർത്തുകൂടാ. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ആഘോഷങ്ങളും ഒരുപോലെയാണ്. സെലിബ്രേഷന് വേണ്ടിയാണ് ഞാൻ ഈ ‘പ്ലാനറ്റി’ൽ വന്നിരിക്കുന്നത്. വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന എനിക്ക് ഒന്നും മാറ്റിമറിക്കാനാകില്ല. വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചും അറിയില്ല.

ഇപ്പോഴുള്ള ചലനത്തിൽ ഈ ജീവിതം രസകരമായി ജീവിച്ചുതീർക്കുക എന്നതാണ് എന്റെ ഫിലോസഫി. മാറുന്ന ഓണത്തെക്കുറിച്ചു പലരും ചോദിക്കാറുണ്ട്. നമ്മുടെ ജീവിതരീതിയൊക്കെ മാറിയില്ലേ? പന്തുകളിച്ചും ഗോട്ടികളിച്ചും ചുള്ളിയും കോലും കളിച്ചും നടന്ന എന്റെ കുട്ടിക്കാലമല്ല എന്റെ മകന്റേത്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ ജീവിതരീതിയിലും ഒരുപാടു മാറ്റങ്ങളുണ്ടായി. ആ മാറ്റം നമ്മുടെ ആഘോഷങ്ങളിലുമുണ്ടായി എന്നതാണ് സത്യം. പക്ഷേ, പുതിയ തലമുറ നമ്മുടെ പൈതൃകത്തെ നിരാകരിക്കുന്നവരല്ല. കുറെ മുമ്പുവരെ മരിച്ചുപോയവരെ പോലും മറക്കുന്ന രീതിയായിരുന്നു. ഇന്നത് മാറി. പിതൃക്കളെ സ്‌നേഹിക്കാനും അവർക്കു ബലിയിടാനും ലക്ഷങ്ങളാണ് എത്തുന്നത്. അപ്പോൾ എനിക്കു തോന്നുന്നത് ഇത് ‘സൈക്ലിക്ക്’ ആണെന്നാണ്. വീണ്ടും നമ്മുടെ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു തലമുറ വരുമായിരിക്കും. അങ്ങനെ വരട്ടെ എന്നു പ്രാർത്ഥിക്കാം. ഇന്നത്തെ തലമുറ പഴയപോലെ നടക്കണമെന്നു പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. പക്ഷേ, അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ കടമയുമാണ്. വർഷങ്ങളായി സിനിമയുടെ ചതുരവടിവുകളിലൂടെ സഞ്ചരിക്കുന്ന എന്റെ ആഘോഷങ്ങൾ പലപ്പോഴും സെറ്റിലാകാറാണു പതിവ്. എങ്കിലും, ഓർമയിൽ ഇപ്പോഴും ഈ ഓണക്കാലമുണ്ട്. അമ്മയുണ്ടാക്കുന്ന അവിയലും ഓലനും സാമ്പാറും പപ്പടവും പായസവും ചേർന്നുള്ള ഒന്നാന്തരം സദ്യയുടെ രുചി ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.

subscribe