സ്‌കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞുള്ള വരവാണ്. കുട്ടിത്തം വിട്ടുമാറാത്ത മുഖത്ത് അതിന്റെ ക്ഷീണമുണ്ട്. തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തിയെപ്പോലെ യൂണിഫോമൊക്കെയിട്ട്, സ്‌കൂൾ കുട്ടിയായി. 50 കോടി ക്ലബിൽ കയറിയ സിനിമയിലെ നായികയാണ്. അതിന്റെ മട്ടും ഭാവവുമൊന്നുമില്ലാത്ത തനി നാട്ടിൻപുറത്തുകാരി. സംസാരിച്ചുതുടങ്ങിയപ്പോൾ അനശ്വര രാജന്റെ ക്ഷീണമെല്ലാം മാറി. കൗമാരത്തിന്റെ ചുറുചുറുക്കും കുസൃതിയും നിറച്ച് താരം പക്കാ ‘കണ്ണൂരുകാരി’യായി വിശേഷങ്ങൾ പങ്കുവച്ചു. അനശ്വരയ്ക്ക് ഇപ്പോഴും സിനിമ കൗതുകലോകമാണ്. ആദ്യ ചിത്രം ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാൻ എത്തുമ്പോൾ അനശ്വരക്ക് സിനിമയെക്കുറിച്ച് അറിയാവുന്നത് ‘ആക്ഷനും കട്ടും’ മാത്രം! ലൊക്കേഷനിൽ ക്യാമറ കണ്ട് അന്തംവിട്ടു നിന്നതു പറയുമ്പോൾ അനശ്വരയുടെ മുഖത്ത് ചമ്മലിൽ പൊതിഞ്ഞ ചിരി. ഇഷ്ടതാരം ദുൽഖർ സൽമാനെ കണ്ടതും ഫോട്ടോ എടുത്തതും വിവരിക്കുമ്പോൾ അനശ്വര ഡിക്യുവിന്റെ ‘ഫാൻ ഗേളാ’യി.

 • കണ്ണൂരുകാർ സ്‌നേഹവും നന്മയുമുള്ളവരാണ്

അതെയതെ, ഒരുപാട് സ്‌നേഹമുള്ളവരാ. നാട്ടിലെല്ലാവർക്കും എന്നോട് വലിയ ഇഷ്ടമാണ്. ഇവിടുന്നൊരു കുട്ടി സിനിമയിൽ എത്തിയതിലുള്ള സന്തോഷം അവർക്കുണ്ട്. കുട്ടികൾക്ക് എന്നോട് ബഹുമാനമാണ്. കണ്ണൂർക്കാരി എന്നുപറയുന്നത് തന്നെ അഭിമാനമാണ്. കണ്ണൂരാണെന്നു പറയുമ്പോൾ ബോംബുണ്ടോ കൈയിൽ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞാൻ പറയും, ചേട്ടാ അങ്ങനൊന്നുമല്ല ഇവിടെ. ഇവിടെ എല്ലാവരും സ്‌നേഹമുള്ളവരാണ്.

 • താരമായ അനശ്വരയെ അമ്മ പഴയ പോലെ വഴക്കുപറയുമോ

ഏയ് അങ്ങനൊന്നും ഇല്ല. എന്നോടിപ്പോഴും പഴയ പോലെ തന്നെയാ. ദേഷ്യം വരുമ്പോൾ അമ്മ ഇപ്പോഴും ചൂലെടുത്ത് എന്നെ അടിക്കും. ഒരുമാറ്റവും ഇല്ല. താരമൊക്കെ പുറത്ത്. വീട്ടിൽ ഞാൻ വെറും അനശ്വരയാ.

 • ബാല്യകാല ഓർമകൾ

കണ്ണൂർ ആലക്കാട് കോറത്താണ് ജനിച്ചതും വളർന്നതും. പക്കാ നാട്ടിൻപുറം. കുട്ടിക്കാലത്തെ ഓർമകൾ ഒരുപാടുണ്ട്. കുളത്തിൽ കുളിക്കാൻ പോകും. സന്ധ്യയായാലും ഞങ്ങൾ തിരിച്ചുകയറില്ല. അപ്പോൾ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലിൽ നിന്ന് വീണിട്ടുണ്ട്. നാട്ടിൽ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാൻ കോൺമെന്റ് സ്‌കൂളിലാണ് പഠിച്ചത്. അതുകൊണ്ട് സ്‌കൂളിൽ വലിയ ഓർമകളൊന്നുമില്ല. നല്ല ഓർമകൾ എന്റെ നാട്ടിൽത്തന്നെയാണ്.

 • അന്നത്തെ ഓണം

കുട്ടിക്കാലത്ത് ഓണത്തിന് പൂക്കൾ പറിച്ചിട്ടാണ് അത്തപ്പൂക്കളമിടുക. പൂപറിക്കാൻ ഞങ്ങൾ ഒരു വലിയ ഗ്രൂപ്പുതന്നെയുണ്ടാവും. ആൺകുട്ടികൾ മരത്തിനു മുകളിലൊക്കെ കയറി പൂപറിക്കും. പെൺകുട്ടികൾ വയലിൽ പോയി പറിക്കും. സ്‌കൂളിൽ ഓണപ്പൂക്കള മത്സരമുണ്ടാകും. ചേച്ചിമാരാണ് മത്സരിക്കുക. ഞങ്ങൾ ചെറിയ കുട്ടികളല്ലേ. ഞങ്ങൾ ചേച്ചിമാരെ പൂപറിക്കാൻ സഹായിക്കും. നാട്ടിൽ അമ്മമ്മയുടെ സ്‌പെഷ്യൽ പായസം ഉണ്ടാവും. ഓണദിവസം കുടുംബത്തിലെ എല്ലാവരും ഒത്തുകൂടും. രാവിലെ അമ്പലത്തിൽ പോകും. നാട്ടിലെ ഓണാഘോഷവും രസകരമാണല്ലോ.

 • സ്‌കൂളിലെ കലാമത്സരങ്ങൾ

ആറാം ക്ലാസ് മുതൽ ഞാൻ മോണോ ആക്ടിൽ പങ്കെടുക്കുമായിരുന്നു. ആദ്യ മത്സരത്തിൽ എനിക്ക് മൂന്നാം സമ്മാനം കിട്ടി. കാരണം മറ്റു കുട്ടികളൊക്കെ നന്നായി പ്രാക്ടീസ് ചെയ്തിട്ടാണ് മത്സരിച്ചത്. എനിക്കാണെങ്കിൽ നാട്ടിലെ ഒരു മാഷിന്റെ സഹായം മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ തനിയെ പഠിച്ചതാണ്. സമ്മാനം കിട്ടിയപ്പോൾ എനിക്കു സന്തോഷം തോന്നി. എട്ടാം ക്ലാസ് വരെ മോണോ ആക്ട് ചെയ്തു. പത്തിൽ ഇംഗ്ലീഷ് സ്‌കിറ്റിൽ പങ്കെടുത്തു.

 • കുട്ടിക്കാലത്ത് കണ്ട സിനിമകൾ

കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമാണ് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നത്. വർഷത്തിലൊരിക്കലോ മറ്റോ. പക്ഷേ ടിവിയിൽ കാണും. ഞാൻ കുഞ്ഞായിരിക്കുമ്പോൾ കണ്ട സിനിമ നേരറിയാൻ സിബിഐ ആണ്. എനിക്ക് ഓർമയില്ല കേട്ടോ. ഞാൻ കൈക്കുഞ്ഞായിരുന്നു. അമ്മ പറഞ്ഞിട്ടുള്ളതാണ്. എന്റെ ഓർമയിലുള്ള സിനിമ എൽസമ്മ എന്ന ആൺകുട്ടിയാണ്.

 • അന്ന് സിനിമാമോഹം ഉണ്ടായിരുന്നോ

ഇല്ലില്ല. അഭിനയിക്കണമെന്ന തോന്നൽ ഉണ്ടാകാനുള്ള ഒരു സിറ്റുവേഷൻ ഉണ്ടായിട്ടില്ല. കാരണം നാട്ടിൻപുറത്തെ ഒരു മിഡിൽ ക്ലാസ് ഫാമിലിയാണ്. സിനിമ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ലോകമാണ്. അപ്പോൾ സിനിമയിൽ വരണം എന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല.
ഗ്ലോബ് എന്ന ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ച ശേഷമാണ് സിനിമയെപ്പറ്റി ചിന്തിക്കുന്നത് തന്നെ. സിനിമയിൽ എത്തിയാൽ എങ്ങനെയിരിക്കും എന്നു ചിന്തിച്ചു, അത്ര മാത്രം. പക്ഷേ, അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഷോർട്ട് ഫിലിമിൽ നന്നായിട്ടുണ്ടെന്നു പറഞ്ഞതുകൊണ്ട് ചിന്തിച്ചെന്നേയുള്ളൂ.

 • ഉദാഹരണം സുജാതയിൽ എത്തിയത്

എട്ട് കഴിഞ്ഞ് വെക്കേഷൻ സമയത്താണ് ഉദാഹരണം സുജാതയിൽ അഭിനയിക്കുന്നത്. ഓഡിഷൻ വഴിയാണ് എത്തിയത്. എറണാകുളത്തായിരുന്നു ഓഡിഷൻ. മഞ്ജു ചേച്ചിയുടെ സിനിമയിൽ കുട്ടികളെ വേണം എന്ന പരസ്യം കണ്ടിട്ടാണ് അയച്ചത്. സത്യത്തിൽ പേടിയുണ്ടായിരുന്നു. കാരണം സിനിമ എന്തെന്നറിയില്ല. കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ഡയറക്ടർ ലിജുവേട്ടൻ ഞങ്ങളുടെ ഫാമിലി ഫ്രെണ്ടാണ്. ലിജുവേട്ടനാണ് പറഞ്ഞത്, നല്ല ടീമാണ്, ചാർളി സിനിമയുടെ ടീമാണ്, മഞ്ജു ചേച്ചിയുടെ സിനിമയാണ്, പേടിക്കുകയൊന്നും വേണ്ട എന്നൊക്കെ. അങ്ങനെയാണ് ഫോട്ടോ അയച്ചത്. ഓഡിഷനു വിളിച്ചു. അവിടെ പോയി. ആറായിരം പേരാണ് ഫോട്ടോ അയച്ചത്. അതിൽ നിന്ന് അറുപത് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഓഡിഷനു ശേഷമാണ് എന്നെ സെലക്ട് ചെയ്തത്.

 • മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാൻ അവസരം. എന്തായിരുന്നു മനസിൽ

ഓഡിഷൻ കഴിഞ്ഞ് വിളിക്കാമെന്നു പറഞ്ഞിരുന്നു. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞാണ് വിളിക്കുന്നത്. ബാക്കിയുള്ള കുട്ടികളോട് വിളിക്കാം എന്നു പറഞ്ഞുവിട്ടപ്പോൾ എന്നെ അധികമായി കുറെ സീനുകൾ ചെയ്യിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളം വിളിക്കാതിരുന്നപ്പോൾ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഒരുദിവസം വീട്ടിൽ ഞാൻ വെറുതെ ഇരിക്കുമ്പോഴാണ് അമ്മ വിളിച്ചിട്ടുപറയുന്നത്, സിനിമയിൽ നിന്നു വിളിച്ചിരുന്നു, നിന്നോട് സംസാരിക്കണം എന്നു പറഞ്ഞു എന്ന്. ശരിക്കും ഞാൻ തന്നെ ഞെട്ടിപ്പോയി. ഞാൻ വിളിച്ചു. അസിസ്റ്റന്റ് ഡയറക്ടറാണ് സംസാരിച്ചത്. അനശ്വര സെലക്ടായി, സന്തോഷമായോ എന്നുചോദിച്ചു. സന്തോഷമായെന്നു ഞാൻ പറഞ്ഞു. പിന്നെ സിനിമയുടെ ഡയറക്ടറും സംസാരിച്ചു.

 • ആദ്യമായി തിരുവന്തപുരത്ത് എത്തിപ്പോൾ. വടക്ക് ഇവിടുത്തെപ്പറ്റി നല്ല ഇമേജല്ല

അത് ശരിയാണ്. പക്ഷേ, അവിടെ എത്തിയപ്പോൾ അങ്ങനെ തോന്നിയില്ല. നഗരത്തിലെ കോട്ടൺ ഹിൽ സ്‌കൂളിലും അട്ടക്കുളങ്ങര സ്‌കൂളിലുമായിരുന്നു അധികവും ഷൂട്ടിങ്ങുണ്ടായിരുന്നത്. പിന്നെ ചെങ്കൽച്ചൂളയിൽ വച്ച്. പക്ഷേ, എല്ലാവരും നല്ല സപ്പോർട്ടാണ് തന്നത്. ഷൂട്ടിങ് നടക്കുമ്പോൾ എല്ലാവരും അതിനുള്ള സിറ്റുവേഷൻ ഒരുക്കിത്തന്നു. അവിടെ ഷൂട്ട് ചെയ്യാൻ പ്രോബ്ലംസ് ഒന്നും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ഭാഷ പഠിക്കാൻ കുറച്ചു പണിയുണ്ടായിരുന്നു. അവിടെയുള്ള കുട്ടികളോട് വർത്തമാനം പറഞ്ഞപ്പോൾ അതു പിടികിട്ടി.

 • തിരുവനന്തപുരം ഭാഷ ആദ്യമായി നേരിട്ടു കേൾക്കുകയല്ലേ

എന്നോട് പറഞ്ഞിരുന്നു പക്ക തിരുവനന്തപുരം ഭാഷയാണ് സിനിമയിൽ. അതു പഠിക്കണം. തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരാളോട് ചോദിച്ചു, ചായ കുടിച്ചോ… മറുപടി ഓ… ഞാൻ ചോദിച്ചു, അല്ല ചായ കുടിച്ചോ… വീണ്ടും അതു തന്നെ മറുപടി. ഓ… എന്നു പറയുമ്പോൾ കേൾക്കാത്തതു കൊണ്ടു പറയുന്ന ഓ… ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. അതെ, കുടിച്ചു എന്നുള്ളതിനാണ് അവർ ഓ… എന്നു പറയുന്നത്. അപ്പോൾ ഞാൻ അതൊക്കെ കുറച്ചുപഠിച്ചു. പിന്നെ അവരുടെ എന്തര്… തുടങ്ങിയ ശൈലിയൊക്കെ ഞാൻ കുട്ട്യോളോട് സംസാരിച്ചു പഠിച്ചു. അതിനായി ഞാൻ ചെങ്കൽച്ചൂളയിലെ കുട്ടികളോടൊക്കെ സംസാരിച്ചു. ഡബ്ബിങ്ങിന് എന്നെ സഹായിക്കാൻ ഒരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. അങ്ങനെ കുഴപ്പമില്ലാത്ത രീതിയിൽ ഡബ്ബ് ചെയ്യാൻ പറ്റി.

subscribe