എ വണ്ടർഫുൾ ഡേ, വൈകാരിക നിമിഷങ്ങളും നർമവും കോർത്തിണക്കിയ ഹോളിവുഡ് ചിത്രം. മികച്ച നവാഗത സംവിധായകനും നിർമാതാവിനുമുള്ള ഒളിമ്പസ് ഫിലിം ഫെസ്റ്റിവൽ അവാർഡ് ഉൾപ്പെടെ മൂന്ന് അവാർഡുകൾ ചിത്രം ഇതിനോടകം കരസ്ഥമാക്കി. അമേരിക്കയിലെ ഷിക്കാഗോയിലും മിഷിഗണിലുമാണ് എ വണ്ടർഫുൾ ഡേ ചിത്രീകരിച്ചത്. കെൻവുഡ് ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച സിനിമയുടെ ആദ്യ പ്രദർശനം ജൂലായ് 21 ന് മിഷിഗണിലെ സെലിബ്രേഷൻ സിനിമാസിൽ നടന്നു.

കേരളവുമായി ഈ ചിത്രത്തിന് ഏറെ ബന്ധമുണ്ട്. ചിത്രത്തിന്റെ സംവിധായകൻ റോമിയോ കാട്ടൂക്കാരൻ മലയാളിയാണ്. മലയാളി സംവിധാനം ചെയ്ത ചിത്രമാണ് എന്നേയുള്ളൂ. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഹോളിവുഡിൽ നിന്നുള്ളവരാണ്. തികച്ചും ഒരു ഹോളിവുഡ് ചിത്രം. മറ്റൊരു മലയാളി ബന്ധവും ചിത്രത്തിനുണ്ട്. എ വണ്ടർഫുൾ ഡേയുടെ പശ്ചാത്തലസംഗീതം ട്വിൻസ്ചാൻ ആണ്. ഇരട്ട സഹോദരങ്ങളായ അനൂപ് റംഹാനും അരുൺ റംഹാനുമാണ് ട്വിൻസ്ചാൻ എന്ന പേരിൽ അറിയപ്പെടുന്ന സംഗീത പ്രതിഭകൾ. സംഗീത സഹോദരങ്ങളുടെ ഹോളിവുഡിലേക്കുള്ള ആദ്യ കാൽവയ്പ്പാണിത്. ചിത്രം കാണുന്നവർക്ക് അതിന്റെ സംഗീതം ഒരുക്കിയത് മറ്റൊരു ഭാഷയിൽ സംസ്‌കാരത്തിൽ ജനിച്ചുവളർന്നവരാണ് എന്ന് തോന്നുകയേ ഇല്ല. സിനിമയുമായി അത്രയും ഇഴുകിചേർന്ന് പോകുന്നതാണ് സംഗീതം. തീർച്ചയായും ട്വിൻസ്ചാന് ഒരു ബിഗ് സല്യൂട്ട് നൽകണം.

ബോധിയിൽ നിന്ന്

നേരത്തെ ട്വിൻസ് ട്യൂൺസ് എന്ന പേരിലാണ് അനൂപും അരുണും സംഗീതം ഒരുക്കിയിരുന്നത്. സംഗീതത്തിൽ കൈയൊപ്പു പതിപ്പിക്കാനും സംഗീത സഹോദരങ്ങൾക്ക് സാധിച്ചിട്ടുണ്. 2004-ൽ പുറത്തുവന്ന ബോധി എന്ന ആൽബത്തിലൂടെയാണ് ട്വിൻസ്ചാൻ ശ്രദ്ധിക്കപ്പെട്ടത്. ആൽബത്തിലെ ശ്രീ ശ്രീ തിലകം നീ എന്ന ഗാനം ഇന്ത്യ മുഴുവൻ ഏറ്റുപാടി. ക്രിക്കറ്റ് താരം ശ്രീശാന്ത് ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിന്റെ ആഹ്ലാദമാണ് ബോധിയായി പെയ്തിറങ്ങിയത്. ബോധിയിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി എട്ടു ഗാനങ്ങളാണ് ഉണ്ടായിരുന്നത്. 2008-ൽ പൃഥ്വിരാജ് നായകനായ വൺ വേ ടിക്കറ്റിലൂടെ ട്വിൻസ്ചാൻ മലയാള സിനിമയിലും മാന്ത്രിക സംഗീതം ഒരുക്കി. എൻ ഖൽബിലൊരു… എന്ന ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് കൊച്ചിയിലും മുംബൈയിലും ബംഗളൂരുമായി നിരവധി പരസ്യചിത്രങ്ങൾക്കും ഇവർ സംഗീതം നൽകി. കാനേഡിയൽ എഫ്എം കമ്പനിക്കായി തയാറാക്കിയ സിഗ്‌നേചർ സോങ് ട്വിൻസ്ചാൻ എന്ന പേര് കടലുകൾക്കപ്പുറം എത്തിച്ചു. ട്വിൻസ്ചാന്റെ ഹോളിവുഡ് സ്വപ്‌നങ്ങൾക്ക് വർണച്ചിറകുകൾ നൽകിയതും ഈ സിഗ്‌നേചർ സോങ്ങാണ്.

പുതുമുഖങ്ങളും കാവ്യദളങ്ങളും

പുതുമുഖങ്ങൾ തേവൈ എന്ന തമിഴ് ചിത്രമാണ് ട്വിൻസ്ചാന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. 2012-ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ഓഡിയോ പുറത്തിറക്കിയത് സോണി മ്യൂസിക്കായിരുന്നു. അതോടെ ട്വിൻസ്ട്യൂൺസ് സംഗീത വിപണിയിൽ വിലപിടിപ്പുള്ള പേരായി വളർന്നു. മനീഷ് ബാബു സംവിധാനം ചെയ്ത പുതുമുഖങ്ങൾ തേവൈയിലെ കറുവിഴി, എൻ ഉയിരിൽ എന്നീ ഗാനങ്ങൾ വലിയ ഹിറ്റുകളായി. ഹരിചരണും ശ്വേത മോഹനുമാണ് കറുവിഴി… പാടിയത്. തമിഴ് സിനിമയിലെ ഇതിഹാസം ബാലു മഹേന്ദ്ര, പുതുതലമുറയിലെ പ്രമുഖ സംവിധായകരായ വെങ്കട് പ്രഭു, ചേരൻ, യുവതാരം ജയം രവി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ സംഗീതപ്രേമികൾക്ക് നൽകിയത്.

subscribe