കോട്ടയത്തെ ചുട്ടുപൊള്ളുന്ന ചൂട് സഹിക്കാൻ വയ്യാതെയാണ് വിഷു അവധിദിനത്തിൽ സ്വന്തം നാടായ തൊടുപുഴയിൽ എത്തിയത്. പച്ചപ്പാണ്, കോടമഞ്ഞ് ഇറങ്ങുന്ന സ്ഥലമാണ്, സ്വർഗമാണെന്നൊക്കെ ഇടുക്കിയെക്കുറിച്ച് പറയുമെങ്കിലും ഇപ്പോൾ ഇവിടം നരകമാണ്. വറചട്ടിയിൽ കിടക്കുന്ന ഫീലാണിപ്പോൾ ഇടുക്കിക്ക്. വീട്ടിലിരുന്ന് പുകഞ്ഞുമരിക്കുന്നതിലും നല്ലത് കാറിൽ എസി ഇട്ട് കറങ്ങുന്നതാണെന്ന് തോന്നിയപ്പോൾ അവധിക്ക് നാട്ടിലെത്തിയിട്ടുള്ള ചങ്കുകൾക്ക് മെസേജ് ചെയ്തു. എന്നാൽ, സനൽ മാത്രമായിരുന്നു എന്നെപോലെ ഒരു പണിയും ഇല്ലാതെ വീട്ടിൽ ബോറടിച്ചിരുന്നത്. എങ്ങോട്ട് പോകും എന്നായിരുന്നു പ്രധാന പ്രശ്‌നം. എവിടെ പോയാലും സഹിക്കാവുന്നതിലും അപ്പുറമുള്ള ചൂട്. അവസാനം വനത്തിൽ കയറാൻ തീരുമാനിച്ചു.

വീടിന് അധികം അകലെയല്ലാത്ത തൊമ്മൻകുത്ത് വനത്തിലേക്കായി ഞങ്ങളുടെ യാത്ര. വനത്തിന് ഉള്ളിലേക്ക് കുഞ്ഞുനാൾ മുതൽ കാണുന്ന ഒരു വഴിയുണ്ടായിരുന്നു. അത് എങ്ങോട്ടാണെന്ന് മാത്രം ഇന്നും അവ്യക്തമായിരുന്നു. മെയിൻ റോഡിൽ നിന്ന് ആ വഴി കാർ കയറ്റി. പലസമയത്തും കാറിന്റെ അടി റോഡുമായി മുത്തമിട്ടു. ചെറുപ്പത്തിൽ ഈ വഴിപോയിട്ടുണ്ടെന്നും വനത്തിന് ഉള്ളിൽ ഒരുപടുകൂറ്റൻ മാവുണ്ടെന്നും സനൽ പറഞ്ഞു. കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ ആ മുത്തശ്ശിമാവിന്റെ ചുവട്ടിലെത്തി.

കണ്ണേത്താ ദൂരത്തിൽ നിറയെ മാമ്പഴങ്ങൾ. കല്ലും കമ്പും എടുത്ത് സനൽ എറിഞ്ഞുനോക്കിയെങ്കിലും മാവിന്റെ പകുതിക്കൽ പോലും എത്തിയില്ല. കൊടും വേനൽ, വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുള്ളതു കൊണ്ട് ശ്രദ്ധിച്ചായിരുന്നു ഞങ്ങളുടെ നിൽപ്പ്. മാവിന്റെ ചുവട്ടിൽ കിടന്നിരുന്ന മാമ്പഴങ്ങളിൽ ഏതോ വന്യമൃഗം കടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. പെട്ടെന്നായിരുന്നു കരിയിലകൾ അനങ്ങുന്ന ശബ്ദം കേൾക്കുന്നത്. പണ്ട്, കാരയ്ക്ക പറിക്കാൻ കാട്ടിൽ കയറുമ്പോൾ കാട്ടുപന്നി വരാറുള്ളതാണ് ഓർമയിൽ വന്നത്. ഓടിക്കോ. എന്നു പറഞ്ഞതും ഞങ്ങൾ ഓടി കാറിൽ കയറി. പതിയെ ആ ജീവി മാമ്പഴം കഴിക്കുവാനായി വെളിയിൽ വന്നു. ഒരു മുഴുത്ത മുള്ളൻ പന്നി. ഞങ്ങളെ കണ്ടിട്ടാണോ അതോ മാമ്പഴം കിട്ടാഞ്ഞിട്ടാണോ ആശാൻ പതിയെ കാടിനുള്ളിലേക്കു തന്നെ മറഞ്ഞു.

subscribe