ബംഗളൂരൂ യാത്രകളിൽ ഡോ. രാജ്കുമാറിന്റെ പാട്ടുകൾ കേൾക്കുക എന്നത് എനിക്കൊരു പതിവാണ്. 30- ലേറെ വർഷമായി ബംഗളൂരുവിൽ പോകുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം രാജ്കുമാർ സാറിന്റെ ഗാനങ്ങൾ എന്നിലേക്ക് അറിയാതെ ഒഴുകിയെത്തും. മറ്റൊരു നഗരത്തിൽ സഞ്ചരിക്കുമ്പോഴും ഈയനുഭവം എനിക്കുണ്ടായിട്ടില്ല. എയർപോർട്ടിൽ നിന്ന് എന്നെ പതിവായി പിക്കുചെയ്യാറുള്ളത് ഡ്രൈവർ അനിലാണ്. യാത്ര തുടങ്ങുമ്പോൾ തന്നെ അനിൽ രാജ്കുമാർ സാറിന്റെ പാട്ടുവയ്ക്കും. ആ ശബ്ദമാധുരി എന്നെ ബാല്യകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. രാജ്കുമാർ എന്ന നടനെ വെള്ളിത്തിരയിൽ കണ്ട് ആവേശംകൊണ്ട ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിലേക്ക്. നടനും ഗായകനും അതിലുപരി വ്യക്തിത്വമഹിമയുടെ മൂർത്തരൂപവുമായ രാജ്കുമാർ എന്ന വിസ്മയാനുഭവത്തിലേക്ക്.

മലയാളികൾക്ക് അത്രയേറെ സുപരിചിതനല്ലെങ്കിലും മരണശേഷവും ഏറെ ഫാൻ ഫോളോയിങ്് ഉള്ള ആക്ടർമാരിൽ ഒരാളാണ് രാജ്കുമാർ സാർ. ശിവാജി ഗണേശനും നാഗേശ്വര റാവുവിനുമൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച എനിക്ക് രാജ്കുമാറിനൊപ്പം അതിനു കഴിയാതെപോയത് ഭീമമായ നഷ്ടം തന്നെയാണ്. ഒരുപാട് ഭാഗ്യങ്ങൾ നൽകിയ സിനിമ അങ്ങനെയൊന്ന് എന്നിൽ ചൊരിയാഞ്ഞത് എന്തുകൊണ്ടാവാം? ഒന്നിച്ചഭിനയിച്ചില്ലെങ്കിലും അടുത്ത സൗഹൃദം സൂക്ഷിക്കാൻ കഴിഞ്ഞതും ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ പുനീത് രാജ്കുമാറിനൊപ്പം ഒരു കന്നട ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും സിനിമ നല്കിയ ഭാഗ്യമായി തന്നെയാണ് ഞാൻ കാണുന്നത്.

രാജ്കുമാർ സാറിന്റെ സിനിമകൾ ശ്രദ്ധിച്ചിട്ടുണ്ട്. പുരാണ കഥാപാത്രമായും ആക്ഷൻ ഹീറോയായും റൊമാന്റിക് ഹീറോയായും കൊമേഡിയനായുമൊക്കെയുള്ള അദ്ദേഹത്തിന്റെ അഭിനയം ഇന്നും എന്നിൽ വിസ്മയം തീർക്കുന്നു. ‘ചന്ദനക്കാട്’, ‘ഗന്ധതഗുഡി’, ‘രണധീര കണ്ഠീരവ’, ‘ജീവനചൈത്ര’, ‘കസ്തൂരി നിവാസ’, ‘ഇമ്മാദിപുലികേശി’, ‘ശങ്കർ ഗുരു’, ‘ബംഗാരദ മനുഷ്യ’, ‘ആകസ്മിക’, ‘ഭക്ത പ്രഹ്ലാദ’ തുടങ്ങിയ സിനിമകൾ ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്നു.

ബംഗളൂരുവിൽ പോയാൽ രാജ്കുമാർ ചിത്രങ്ങൾ കാണാതെ ഞാൻ മടങ്ങാറില്ല. സാറിന്റെ സിനിമകൾ തന്ന അനുഭവമാണ് വിഷ്ണുവർദ്ധനന്റെയും അംബരീഷിന്റെയും ചിത്രങ്ങൾ കാണാൻ എനിക്ക് പ്രേരണയായത്. നടനെന്ന നിലയിലും ഗായകനെന്ന നിലയിലും അദ്ദേഹം എന്റെ ആരാധനാ പാത്രമായിരുന്നു. എന്തുമാത്രം പാട്ടുകളാണ് അദ്ദേഹം പാടി അഭിനയിച്ചിട്ടുള്ളത്! പിന്നണി ഗായകനുള്ള ദേശീയാംഗീകാരം വരെ സാറിനു ലഭിച്ചു. കന്നട സിനിമ ഇൻഡസ്ട്രി മുഴുവൻ നിയന്ത്രിക്കാനുള്ള വ്യക്തിപ്രഭാവവും നേതൃശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. തമിഴ്മക്കൾക്കിടയിൽ എം.ജി.ആറിനുള്ള ദൈവീക പരിവേഷം പോലൊന്ന് രാജ്കുമാറിന് കന്നടയിലുണ്ടായിരുന്നു. രാഷ്ട്രീയ പ്രതിഛായ കൊണ്ടു കൂടിയാണ് ആ പരിവേഷം എം.ജി.ആറിന് ലഭിച്ചതെങ്കിൽ കലയിലൂടെ മാത്രമാണ് അത് രാജ്കുമാറിനെ തേടിയെത്തിയത്.

തിരശീലയിൽ മാത്രം പരിചയമുള്ള സാറിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ബംഗളൂരുവിലെ എന്റെ സുഹൃത്ത് മാത്യു വഴിയാണ്. ഏറെ സവിശേഷതകളുള്ള വ്യക്തിയാണ് മാത്യു. പലപ്പോഴും സാറിന്റെ വീട്ടിൽ പോകാറുണ്ട്. സാറിന്റെ മക്കൾ മാത്യുവിന്റെ സുഹൃത്തുക്കളാണ്. ‘മോഹൻലാലിന്റെ സുഹൃത്താണ്’ എന്നു പറഞ്ഞാണ് മാത്യുവിനെ മക്കൾ ആദ്യം പരിചയപ്പെടുത്തിയത്. അതു കേട്ടപ്പോൾ സാർ പറഞ്ഞത്രേ: ‘എനിക്കൊരു പാട് ഫാൻസുണ്ട്. പക്ഷേ, ഞാൻ മോഹൻലാലിന്റെ ഫാനാണ്. ലാലിന്റെ കുറേ പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്കദ്ദേഹത്തെ ഒന്നു കാണണം.’
ഈ വിവരം മാത്യു എന്നോട് പറഞ്ഞു. അങ്ങനെയാണ് സാറിനെ കാണാൻ ഞാൻ ബംഗളൂരുവിലെ വീട്ടിൽ പോകുന്നത്. വീടിന്റെ പടികൾ കയറിവന്ന എന്നെ ‘ഞാൻ നിന്റെ പെരിയ ഫാൻ; വാ…’ എന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു കൊണ്ടാണ് അദ്ദേഹം സ്വീകരിച്ചത്. ഏറെ വശ്യതയുള്ള ഒരാളായിരുന്നു രാജ്കുമാർ സാർ. അദ്ദേഹം നന്നായി യോഗ ചെയ്തിരുന്നു. കെട്ടിപ്പിടിച്ചപ്പോൾ ഒരുനിമിഷം വല്ലാത്തൊരു എനർജി എന്റെ ശരീരത്തിൽ ഫീൽ ചെയ്തത് യോഗയുടെ ഫലമാകാം. അന്ന് സാറുമായി ഒരുപാട് സംസാരിച്ചു. എന്റെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായി. അത് രാജ്കുമാർ എന്ന മഹാനടൻ മോഹൻലാൽ എന്ന നടനു നല്കിയ ആദരവു കൂടിയായിരുന്നു.

subscribe