”സ്വന്തം വ്യക്തിത്വവും ശക്തിയും തിരിച്ചറിയാത്ത പെണ്ണുങ്ങൾ നാടകത്തിലായാലും ജീവിതത്തിലായാലും മാറ്റി നിർത്തപ്പെടും. ചങ്കുറപ്പും മനസുമുണ്ടെങ്കിൽ ഏത് പെണ്ണിനും ഏത് ആൺകൂട്ടത്തിനു നടുവിലും തല ഉയർത്തി നിൽക്കാം” – പറയുന്നത് ഉഷാ ചന്ദ്രബാബു. ഈവർഷത്തെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ ഏറ്റവും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഉഷ ചന്ദ്രബാബുവിന് അരങ്ങ് ആവേശവും ആത്മാവിഷ്‌കാരത്തിന്റെ വേദിയും മാത്രമല്ല. തീർച്ചയായും സമരായുധമാണ്.

തൃശൂർ ചേലക്കര സ്വദേശി മഞ്ഞനാൽ രാഘവന്റെയും സരോജിനിയുടെയും മൂന്നു പെൺമക്കളിൽ ഇളയവളാണ് ഉഷ എന്ന ഉഷ ചന്ദ്രബാബു. ഒരു നടിയാവുക എന്ന ജന്മനിയോഗത്തിന്റെ പ്രയാണം നാലാമത്തെ വയസിൽ ‘ശിൽപ്പകല’ എന്ന നാടകത്തിലൂടെ ആരംഭിച്ച ഈ അഭിനേത്രി മലയാള നാടകത്തിന് പെൺകരുത്തിന്റെ പുതിയ പാഠങ്ങൾ ചമയ്ക്കുകയാണ്. കെ.ടി. മുഹമ്മദിന്റെയും ഇബ്രാഹിം വെങ്ങരയുടെയും ശിക്ഷണത്തിൽ വളർന്ന ഉഷാ ചന്ദ്രബാബുവിന് സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരം നാലു തവണ കിട്ടിയിട്ടുണ്ട്. കെ.ടി.യുടെ ‘തീക്കനൽ’ ഇബ്രാഹിം വെങ്ങരയുടെ ‘തട്ടകം’ പടനിലം, സ്റ്റേജ് ഇന്ത്യയുടെ ‘ഗുരു’, ക്ഷത്രിയൻ എഴുത്തച്ഛൻ തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ട ഉഷാ ചന്ദ്രബാബു തെരുവുനാടകരംഗത്തും ശ്രദ്ധേയയാണ്. പുരുഷൻ കടലുണ്ടിയുടെ അടുക്കള, പെൺപെരുമ, പ്രതീക്ഷയുടെ സൂര്യൻ എന്നിവയിലെ ഒറ്റയാൾ പോരാട്ടം എടുത്തു പറയേണ്ടിയിരിക്കുന്നു. നിരവധി ഫൈൻ ആർട്‌സ് മത്സരങ്ങളിൽ ഏറ്റവും നല്ല നടിക്കുള്ള അവാർഡും 2004-2005ലും, 2007-08ലും പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടിക്കുള്ള അവാർഡും ലഭിച്ച ഉഷ ഇതിനകം കേരളത്തിനകത്തും ബോംബെ, കോയമ്പത്തൂർ എന്നീ നഗരങ്ങളിലുമടക്കം ആയിരത്തിൽ അധികം വേദികൾ പിന്നിട്ടിട്ടുണ്ട്.

20 വയസ് തികയും മുമ്പ് ചിരന്തനയുടെ ‘തീക്കനലലിലൂടെ പ്രൊഫഷണൽ നാടകവേദിയിലെത്തിയ ഉഷ ഇന്ന് ഉഷ ചന്ദ്രബാബുവാണ്. നാടക അഭിനേതാവായ അച്ഛനോടൊപ്പം ‘ശിൽപ്പശാല’ എന്ന നാടകത്തിലൂടെയണ് ഉഷ ആദ്യമായി അരങ്ങിലെത്തിയതെങ്കിലും വീട്ടിലെ നാടകകാഴ്ചകളിൽ നിന്നും വേറിട്ട് നൃത്തത്തിലേക്ക് ചുവടുമാറിയ ഉഷ നാടക പ്രവർത്തകനായ ചന്ദ്രബാബുവിനെ വിവാഹം ചെയ്തശേഷമാണ് നാടകത്തിൽ സജീവമായത്.
ബാല്യ – കൗമാരങ്ങൾ സ്‌കൂൾ -കോളേജ് നാടകങ്ങളിലൂടെ ആടി തീർത്ത ഉഷയിൽ അന്നേ നടിയുടെ അനായാസമായ അഭിനയത്തികവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് ഉഷയുടെ ഗുരുനാഥൻ കൂടിയായ പഴയന്നൂർ രവീന്ദ്രൻമാഷ് മുഖാന്തിരം നാടകാചാര്യനായ കെ.ടി.യുടെ കോഴിക്കോട്ടെ നാടക സംഘത്തിലേക്കെത്തുന്നത്. കെ.ടിയുടെ ‘തീക്കനൽ’ എന്ന നാടകത്തിലെ സൈനയുടെ വേഷമിട്ടുകൊണ്ടായിരുന്നു ഉഷയുടെ നാടക യൗവനം ആരംഭിച്ചത്. പിന്നീട് എം.ടിയുടെ ‘ഇരുട്ടിന്റെ ആത്മാവി’ലെ അമ്മുക്കുട്ടി എന്ന കഥാപാത്രമവതരിപ്പിച്ച് പ്രേക്ഷക മനസ് കീഴടക്കി. മണിയറ എന്ന നാടകത്തിലെ അഭിനയത്തിന് ബാലൻ കെ. നായർ അവാർഡും ‘ശങ്കരൻ ശവാസനത്തിലാണ്’ നാടകത്തിന് മികച്ച നടിക്കുള്ള സ്വർണപതക്കവും ഉഷയെ തേടിയെത്തി.

subscribe