‘ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവയ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ വൻ കുതിച്ചുചാട്ടവും.”
നീൽ ആംസ്‌ട്രോങ്.

അമേരിക്കൻ ബഹിരാകാശ യാത്രികനായ നീൽ ആംസ്‌ട്രോങ് 1969 ജൂലൈ 21 ന് പറഞ്ഞ വാചകമാണിത്. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നിമിഷമാണ് അദ്ദേഹമിതു പറഞ്ഞത്. ചന്ദ്രൻ മനുഷ്യന് മുന്നിൽ തലകുനിച്ചിട്ട് 50 വർഷം പൂർത്തിയാവുന്നു (അമേരിക്കയിൽ ജൂലൈ 20). നീൽ ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങി 19 മിനിട്ടിനുശേഷം സഹയാത്രികൻ എഡ്വിൻ ആൾഡ്രിനും ചന്ദ്രനെ തൊട്ടു. ചന്ദ്രനിൽ പാദമുദ്ര പതിപ്പിച്ച രണ്ടാമൻ.
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ അമേരിക്കയുടെ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969 ജൂലൈ 16ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. അപ്പോളോ 11ന് മുമ്പ് ചന്ദ്രനെ കീഴടക്കാൻ അമേരിക്കയും റഷ്യയും നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 1959-ൽ തുടങ്ങിയ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയത് 1966-ലാണ്. 1966 ഫെബ്രുവരി നാലിനു റഷ്യയുടെ ലൂണാ 9 ചരിത്രദൗത്യം പൂർത്തിയാക്കി ചന്ദ്രനിൽ ഇറങ്ങി. ചിത്രങ്ങളെടുത്തു. എന്നാൽ, ആ ദൗത്യത്തിൽ മനുഷ്യൻ ഉണ്ടായിരുന്നില്ല.

അമേരിക്ക – റഷ്യ മത്സരം

ശാസ്ത്രസാങ്കേതിക രംഗത്ത് അമേരിക്കയുടെയും സോവ്യറ്റ് യൂണിയന്റെയും ഇടയിലുണ്ടായിരുന്ന മത്സരബുദ്ധിയാണ് ശാസ്ത്രസാങ്കേതിക രംഗത്തെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്റെ ചന്ദ്രയാത്രയിലേക്കു വഴിതെളിച്ചത്. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ തങ്ങളാണ് ഒന്നാം നിരക്കാർ എന്ന ചിന്ത എല്ലാക്കാലത്തും അമേരിക്കക്കാർക്കുണ്ടായിരുന്നു. വസ്തുതകൾ പരിശോധിച്ചാൽ ഒരു പരിധിവരെ ഇത് സത്യമാണ്. എന്നാൽ, ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കയെ ഞെട്ടിച്ചുകൊണ്ടാണ് 1957-ൽ സ്പുട്‌നിക് എന്ന ഉപഗ്രഹം സോവ്യറ്റ് യൂണിയൻ (1990-ൽ യൂണിയൻ തകർന്നു) വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായിരുന്നു. ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്‌നിക് മാറി.
നാലു വർഷങ്ങൾക്കുശേഷം യൂറി അലക്‌സെവിച് ഗഗാറിനെ ബഹിരാകാശത്തെത്തിച്ച് സോവ്യറ്റ് യൂണിയൻ വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഇതോടെ അമേരിക്കയെ സംബന്ധിച്ച് ബഹിരാകാശ ഗവേഷണ രംഗത്ത് തങ്ങളുടെ മേധാവിത്വം വീണ്ടെടുക്കണമെന്ന ചിന്തയുണർന്നു. സോവ്യറ്റ് യൂണിയനൊപ്പമെത്തിയാൽ പോര അതിനുമപ്പുറം സഞ്ചരിച്ചേ മതിയാവൂ എന്ന സാഹചര്യത്തിലാണ്. ഒരു പക്ഷേ, ഇന്നും അതിസാഹസികമെന്നു വിശേഷിപ്പിക്കുന്ന ചാന്ദ്രദൗത്യത്തിന് അമേരിക്ക തയാറായത്.

ജോൺ എഫ്. കെന്നഡിയുടെ ആഗ്രഹം

ചാന്ദ്രദൗത്യം നടത്താൻ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടത് അമേരിക്കയുടെ എക്കാലത്തെയും മികച്ച ഭരണാധികാരിയെന്ന ഖ്യാതിക്ക് ഉടമയായ ജോൺ എഫ്. കെന്നഡിയാണ്. ബഹിരാകാശത്തേക്ക് ഉപഗ്രഹമയച്ചു തിരികെയെത്തിച്ചിട്ടു പോലുമില്ലാത്ത രാജ്യത്തോടാണ് പ്രസിഡന്റ് കെന്നഡി ഈ ആവശ്യം മുന്നോട്ടുവച്ചത്. അങ്ങനെയാണ് അപ്പോളോ ദൗത്യം ആരംഭിക്കുന്നത്. ഏകദേശം എട്ടു വർഷത്തെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമാണ് 1969 ജൂലൈ 16-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 7.02-ന് വിക്ഷേപിക്കപ്പെട്ട അപ്പോളോ 11. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു അപ്പോളോ 11-ലെ യാത്രക്കാർ. ഭീമാകാരമായ സാറ്റേൺ അഞ്ച് റോക്കറ്റാണ് മനുഷ്യരേയും കൊണ്ട് ചന്ദ്രനിലേക്കു കുതിച്ചത്. അപ്പോളോ 11 – ന്റെ ഭാരം 3,100 ടൺ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ അഞ്ച് റോക്കറ്റിന്; അതായത് ഏതാണ്ട് 110 മീറ്റർ ഉയരം.

അപ്പോളയ്ക്ക് മുമ്പ്
………………………..

അപ്പോളോ 11 -ന് മുമ്പ് 1967-ലും 1968- ലും ഉപഗ്രഹങ്ങളെ അമേരിക്ക ഭ്രമണപഥത്തിലെത്തിച്ചു. 1968 നവംബറിൽ മൂന്നു ബഹിരാകാശ സഞ്ചാരികളുമായി അപ്പോളോ ഏഴ് ബഹിരാകാശത്ത് 260 മണിക്കൂർ ചെലവഴിച്ചു. അടുത്തമാസം മൂന്നു ബഹിരാകാശ യാത്രികരുമായി അപ്പോളോ എട്ട് ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. അപ്പോളോ എട്ട് ചന്ദ്രന്റെ ഉപരിതലത്തിന് 69 മൈൽ അടുത്തുവരെയെത്തി. പിന്നീട്, അപ്പോളോ ഒൻപതും പത്തും വിക്ഷേപിക്കപ്പെട്ടു. ഈ രണ്ടു പരീക്ഷണങ്ങളുടെയും ലക്ഷ്യം ചന്ദ്രനിൽ സുരക്ഷിതമായി എങ്ങനെ ഇറങ്ങാം എന്ന പരീക്ഷണങ്ങളായിരുന്നു. മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുന്നോടിയായി ഏഴ് ഉപഗ്രഹങ്ങളാണ് അമേരിക്ക വിക്ഷേപിച്ചത്. അതും വെറും ഒരു വർഷത്തിനുള്ളിൽ.

ഒന്നു പിഴച്ചാൽ യാത്രക്കാരുടെ ജീവൻ പൊലിയുകയും കളങ്കിത ചരിത്രം രചിക്കപ്പെടുകയും ചെയ്യുമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു. അക്കാരണത്താൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നാസ തയാറായില്ല. അപ്പോളോ നാലു മുതൽ 10 വരെ ദൗത്യങ്ങൾ നടത്തിയത് സുരക്ഷയിൽ ഒരു പിഴവും വരാതിരിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ്. ഒന്നിലേറെ റോക്കറ്റുകൾ പരീക്ഷിച്ചതിനു ശേഷമാണ് സാറ്റേൺ അഞ്ചിലേക്ക് നാസ എത്തിച്ചേരുന്നത്.

subscribe