പ്രതിഭകളുടെ നീണ്ട നിരയാൽ സമൃദ്ധമാണ് വർത്തമാനകാല മലയാള സിനിമ. കാലത്തിന്റെ കുത്തൊഴുക്കിൽ ഓർമകളും സംസ്‌കാരവുമൊക്കെ വലിയൊരളവിൽ നമ്മിൽ നിന്നകന്നുപോകുന്നുണ്ടെങ്കിലും മറ്റേതു ഭാഷാചിത്രങ്ങളേക്കാളുമധികം പ്രതിഭാധനർ മലയാള സിനിമയിലാണെന്ന കാര്യം ഏതൊരു മലയാളിയെ സംബന്ധിച്ചിടത്തോളം അഭിമാനമുളവാക്കുന്നതാണ്. സംവിധായകരും എഴുത്തുകാരും നടീനടന്മാരും ടെക്‌നീഷ്യന്മാരുമായി കൊച്ചുപിള്ളേർവരെ സിനിമയുടെ ലോകത്തേക്ക് ദിനംപ്രതി കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ എത്ര പേർ സ്വന്തമായി തരംഗങ്ങൾ സൃഷ്ടിച്ചു മുന്നേറുന്നുണ്ട് എന്നത് മറ്റൊരു വിഷയമാണെങ്കിലും പുതുതായി രംഗത്തെത്തുന്നവരാരും മോശക്കാരല്ല. ചിലർ ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ ശ്രദ്ധേയമാകുകയും അതേ വേഗതയിൽ വിസ്മരിക്കപ്പെട്ടു പോകുകയും ചെയ്യുന്നുണ്ട്. ന്യൂ ജനറേഷൻ സിനിമ എന്നത് പുതിയ പ്രയോഗമാണെങ്കിലും അത് സിനിമയുടെ ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും തുടർന്നുവന്നിട്ടുണ്ട്. പുതുതായി കണ്ടെത്തുന്ന, അവതരിപ്പിക്കപ്പെടുന്ന എന്തും ന്യൂ ജനറേഷനാണ് എന്നു പറഞ്ഞ് പ്രത്യേക ലേബലിൽ ഒതുക്കപ്പെടേണ്ടതല്ല. സിനിമയെ സംബന്ധിച്ചിടത്തോളം പുതിയ ഓരോ കലാസൃഷ്ടികളും പ്രതിഭകളുടെ തന്റേടത്തിൽനിന്നും പിറവിയെടുക്കുന്നതാണ്. താരങ്ങളും താരാധിപത്യവും ഇല്ലാതെ തന്നെ കുറഞ്ഞ ബഡ്ജറ്റിൽ ഏറ്റവും മികച്ച സിനിമകൾ ഉണ്ടാക്കാൻ കഴിയുമെന്ന് എന്നും തെളിയിച്ചിട്ടുള്ളത് പുതുമുഖങ്ങൾ തന്നെയാണ്. അത് എഴുത്തുകാരനും സംവിധായകനും ആർട്ടിസ്റ്റുകളും ടെക്‌നീഷ്യൻമാരും തമ്മിലുള്ള ഒരു കൂട്ടായ്മയിൽനിന്നും രൂപപ്പെടുന്നതാണ്. മലയാള സിനിമയുടെ വർത്തമാനത്തിലും താരാധിപത്യം കൊടികുത്തി വാഴുമ്പോഴും അതിനെയെല്ലാം മറികടന്ന് മികച്ച സിനിമകൾ ഉണ്ടാകുന്നു എന്നത് വലിയൊരു മാറ്റത്തിന്റെ സൂചനതന്നെയാണ്.

ഏറ്റവും താരമൂല്യമുള്ള നടന്റെ ചിത്രത്തേക്കാളും ബോക്‌സ് ഓഫീസ് കളക്ഷൻ നേടുന്നത് ചിലപ്പോൾ പുതുതായി രംഗത്തെത്തുന്നവരുടെ കൂട്ടായ്മയിൽ രൂപപ്പെടുന്ന ചലച്ചിത്രങ്ങളിലൂടെയാണ്. സത്യനും പ്രേംനസീറും സൃഷ്ടിച്ച തരംഗങ്ങൾ ജയനും സോമനും സുകുമാരനും മറ്റൊരു ദിശയിലേക്ക് മാറ്റിയെഴുതി. തുടർന്നുവന്ന മമ്മൂട്ടിയും മോഹൻലാലും വ്യത്യസ്തമായ നടനരീതിയിലൂടെ അഭിനയകലയ്ക്ക് പുതിയ പുതിയ ഭാഷ്യങ്ങൾ ചമച്ചു. അത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തുടരുന്നുവെന്നത് അവരിലെ പ്രതിഭയുടെ വിസ്‌ഫോടനം തന്നെയാണ്. ഓരോ കാലത്തും സിനിമയുടെയും പ്രേക്ഷകരുടെയും ആസ്വാദനത്തിന്റെയും രീതികൾ മാറിക്കൊണ്ടേയിരിക്കും. പക്ഷേ, പുതുതലമുറയിൽ നിന്നും നമ്മൾക്ക് ഏത്ര പേരെ പ്രതീക്ഷിക്കാനുണ്ട്? പ്രതിഭകൾ ധാരാളമുണ്ട്. എന്നാൽ, അവരുടെ സൃഷ്ടികൾ രണ്ടോ മൂന്നോ കടന്നുപോകുന്നില്ല. വീണ്ടും പുതിയ നിര വന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ മലയാള സിനിമയിലെ നവതരംഗങ്ങൾ ഇങ്ങനെയൊക്കെയാണെന്നതും മറ്റൊരു വസ്തുതയാണ്.

പുതിയ തലമുറയിലെ കുട്ടികൾക്ക് വല്ലാത്തൊരു ധൈര്യമുണ്ട്. ആ ധൈര്യത്തിനൊത്ത സ്വപ്നങ്ങളും. അതാണവർ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഞാൻ മനസിലാക്കിയിടത്തോളം ഓരോ ചിത്രത്തിനു പുറകിലും അവർ കൂട്ടായ്മയിലൂടെ നെയ്‌തെടുക്കുന്ന അന്വേഷണങ്ങളുടെ പരിസമാപ്തിയാണ്. ആ സ്വപ്നങ്ങളിലേക്ക് അവർ പിടിച്ചു കയറുകയാണ്. സിനിമക്ക് അവർ നൽകുന്ന പേരുപോലും വളരെ കൗതുകം നിറഞ്ഞതാണ്. നീ കൊ ഞാ ചാ (നിന്നെ കൊല്ലും ഞാനും ചാവും), തട്ടത്തിൻ മറയത്ത്, ഓം ശാന്തി ഓശാന, എബിസിഡി, നോർത്ത് 24 കാതം, മലർവാടി ആർട്‌സ് ക്ലബ്, ചാപ്പാ കുരിശ്….. ഇങ്ങനെ പേരിൽ പോലും വർത്തമാനത്തിന്റെ അടയാളമായി പുതിയ തലമുറ അവരുടെ സിനിമകൾ കാഴ്ചവയ്ക്കുന്നു. അതിന് പ്രേക്ഷകപ്രീതിയും ലഭിക്കുന്നു. ഒരർത്ഥത്തിൽ എല്ലാം മാറ്റത്തിന്റെ അടയാളമായി പരിണമിക്കുന്നു. കത്തിജ്വലിക്കുന്ന സൂര്യനു മുന്നിൽ മിന്നാമിന്നുകളുടെ പ്രകാശവർഷങ്ങൾ നമ്മൾ കാണാതെ പോകുന്നില്ല. മാറിയ കാലത്ത് ഒരു തകഴിയോ ഉറൂബോ കേശവദേവോ എസ്. കെ. പൊറ്റെക്കാട്ടോ, എം.ടി. വാസുദേവൻ നായരോ മലയാറ്റൂരോ പുതിയ തലമുറയിൽ നിന്ന് ഉണ്ടാകുന്നില്ല എന്നു പറയുന്നതിൽ ഒരർത്ഥവുമില്ല. പഴയകാലത്ത് സിനിമ ഏറെ ആശ്രയിച്ചിരുന്നത് സാഹിത്യത്തെയായിരുന്നുവെന്നത് യാഥാർത്ഥ്യമാണെങ്കിലും ഇന്നത്തെ കാലത്ത് സാഹിത്യമില്ലെങ്കിലും സിനിമ അതിന്റെ വഴിയെതന്നെ സഞ്ചരിക്കും. പ്രേക്ഷകർ ആഘോഷിച്ച ഒരു സിനിമക്ക് മികച്ച ഒരു കഥ ഉണ്ടായിക്കൊള്ളണമെന്നില്ല. കഥ പറയുന്നതിലെ, ഒരു മുഷിപ്പുമില്ലാതെ കഥ കൊണ്ടുപോകാൻ പുതിയ കുട്ടികൾ നന്നായി പഠിച്ചിട്ടുണ്ട്. അത് ഓരോരുത്തരുടേയും സ്വപ്നവും സ്വപ്നസാഫല്യവുമാണ്.

subscribe