ത്രില്ലർ സ്വഭാവമുള്ള പ്രണയകഥ പറയുന്ന ചിത്രമാണ് ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന വേഷത്തിൽ എത്തിയ ലൂക്ക. കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള ലളിതമായ സിനിമ. ലൂക്ക എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. പാഴ് വസ്തുക്കളിൽ നിന്നു സൃഷ്ടികൾ ഉണ്ടാക്കുന്ന സ്‌ക്രാപ്പ് ആർട്ടിസ്റ്റ് ആണ് ലൂക്ക. ജീവിതം ശരിക്കും ആസ്വദിക്കുന്നയാൾ. ലൂക്കയോടൊപ്പം വരുന്ന പെൺകുട്ടിയാണ് അഹാനയുടെ കഥാപാത്രം നിഹാരിക. ലൂക്കയുടെയും നിഹാരികയുടെയും പ്രണയമാണ് ലൂക്ക പറയുന്നത്. മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ ജേർണലിസം അധ്യാപകനായിരുന്ന അരുൺ ബോസാണ് സംവിധായകൻ. അരുൺ ബോസ് സിനിമയിൽ വഴിതെറ്റി എത്തിയതല്ല. നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്. പഠനകാലം മുതൽ പാഷനായി സിനിമ മനസിലുണ്ട്. ഒരു തമിഴ് ചിത്രമാണ് അരുൺ ആദ്യം ഒരുക്കിയത്. ലൂക്ക അരുണിന്റെ രണ്ടാമത്തെ ചിത്രമാണ്. ലൂക്കയുടെ വിശേഷങ്ങളും സിനിമ സ്വപ്‌നങ്ങളും അരുൺ പങ്കുവയ്ക്കുന്നു.

ലൂക്കയിൽ എത്തിയത്
………………

ലൂക്കയിൽ എന്റെ സഹ എഴുത്തുകാരൻ മൃദുൽ ജോർജും ഞാനും ഒരേ നാട്ടുകാരും ഒരേ സ്‌കൂളിൽ പഠിച്ചവരുമാണ്. മൂവാറ്റുപുഴ നിർമല സ്‌കൂളിൽ മൃദുൽ എന്റെ ജൂനിയറായിരുന്നു എന്നു മാത്രം. പഠനം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് അവിചാരിതമായി ഞങ്ങൾ വീണ്ടും കാണുന്നതും അടുക്കുന്നതും. പന്ത്രണ്ട് വർഷമായി ഞാൻ ചെന്നൈയിലാണ്. ഒരിക്കൽ ചെന്നൈ നഗരത്തിലൂടെ മറ്റൊരു സുഹൃത്തിനൊപ്പം നടക്കുന്നതിനിടയിൽ സംസാരിച്ച ചെറിയൊരു ത്രെഡിൽ നിന്നാണ് ലൂക്കയുടെ കഥ വികസിച്ചത്. ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുന്നതിനിടയിൽ വന്ന ചെറിയ ഒരു ചിന്തയാണ്. ഞങ്ങൾ തമ്മിൽ സംസാരിച്ച് ഒരു സ്റ്റോറി ലൈൻ ഉണ്ടാക്കി. മൃദുലുമായി ചർച്ച ചെയ്ത് രണ്ടുമൂന്നു ദിവസം കൊണ്ട് ഔട്ട്‌ലൈൻ രൂപപ്പെടുത്തുകയും പിന്നീട് തിരക്കഥയാക്കുകയുമായിരുന്നു. തിരക്കഥ പൂർത്തിയാക്കിയ ശേഷമാണ് ടൊവിനോയെ കണ്ടത്.

ടൊവിനോ ലൂക്കയായി
………………………………….

ലൂക്കയുടെ കഥയുമായി 2014 -ലാണ് ആദ്യം ടൊവിനോയെ കാണുന്നത്. സെവൻത് ഡേയും കൂതറയും കഴിഞ്ഞ സമയം. അന്ന് ടൊവിനോയെ എനിക്കു വ്യക്തിപരമായി അറിയില്ല. ലൂക്കയുടെ തിരക്കഥ പൂർത്തിയായ ശേഷം പ്രധാന കഥാപാത്രത്തിന്റ രൂപത്തിനും ഭാവത്തിനും അനുയോജ്യമായൊരു മുഖം തേടുന്നതിനിടെയാണ് ടൊവിനോയുടെ ഒരു ഫോട്ടോ ശ്രദ്ധയിൽപ്പെട്ടത്. ബീച്ചിൽ വൈറ്റ് ഷർട്ട് ഇട്ടുനിൽക്കുന്ന ചിത്രം. മൃദുലാണ് ഈ ഫോട്ടോ എന്നെ കാണിച്ചത്. ഫോട്ടോയിലെ ടൊവിനോയുടെ ലുക്ക് ആണ് ആകർഷിച്ചത്. കഥാപാത്രത്തിന് അനുയോജ്യമാണെന്നു തോന്നി. അങ്ങനെ ഞാനും മൃദുലും തിരക്കഥയുമായി ടൊവിനോയെ സമീപിച്ചു. കഥ കേട്ട് ടൊവിനോയും വളരെ എക്‌സൈറ്റഡ് ആയി.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ടൊവിനോയുമായി ഞങ്ങൾക്ക് മാനസിക ഐക്യം അനുഭവപ്പെട്ടു. ടൊവിനോ കഠിനാദ്ധ്വാനിയും കാര്യഗ്രഹണശേഷിയുള്ളയാളും സിനിമയോട് ഏറെ താത്പര്യമുള്ളയാളുമാണെന്നു തോന്നി. ലൂക്കയായി അപ്പോൾത്തന്നെ ഞങ്ങൾ ടൊവിനോയെ ഉറപ്പിച്ചു. അന്നുതന്നെ അദ്ദേഹം കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ടിരുന്നു. കഥാപാത്രത്തെ നന്നായി ഉൾക്കൊണ്ടാണ് ഞങ്ങളോടു സംസാരിച്ചതും. അതോടെ ലൂക്കയായി ടൊവിനോയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാൻ പോലും പറ്റാതായി.

കഥാപാത്രങ്ങളെ കണ്ടെത്തിയത്
……………………………….

ഒരു സിനിമാട്ടോഗ്രഫി വർക്ക് ഷോപ്പിലാണ് അഹാനയെ പരിചയപ്പെട്ടത്. ടൊവിനോയെ പോലെ തന്നെ അഹാനയും കഥാപാത്രത്തോട് ഏറെ താത്പര്യം കാട്ടി. അങ്ങനെയാണ് അഹാന നിഹാരികയായത്. ഞങ്ങളോടൊപ്പം നിൽക്കുന്നവരാണ് ഇരുവരും എന്നു മനസിലായതോടെ പ്രധാന കഥാപാത്രങ്ങളായി ടൊവിനോയെയും അഹാനയെയും ഉറപ്പിച്ചു. ടൊവിനോക്കും അഹാനയ്ക്കുമൊപ്പം പ്രധാനപ്പെട്ട കുറെ കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. അവയിൽ ഒന്നിനെ അവതരിപ്പിക്കുന്നത് എന്റെ സുഹൃത്ത് നിതിൻ ജോർജാണ്. സ്‌കൂൾ പഠനകാലം മുതലുള്ള എന്റെ സുഹൃത്താണ്. നിതിൻ സിനിമയിൽ ആദ്യമാണ്. അക്ബർ എന്നാണ് കഥാപാത്രത്തിന്റെ പേര്. വിനീത കോശി ഫാത്തിമ എന്ന കഥാപാത്രമായി എത്തുന്നു. അൻവർ ഷെരീഫ്, ഹരീശ്രീ അശോകൻ, പൗളി വിൽസൺ, ശ്രീകാന്ത് മുരളി, തലൈവാസൽ വിജയ്, നീന കുറുപ്പ്, രാഘവൻ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിൽ അൻവർ ഷെരീഫിന്റേത് അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത, വളരെ വ്യത്യസ്തമായ വേഷമാണ്.

യാത്രയിൽ ഒരുക്കിയ ചിത്രം
……………………………………

ഞാനും ലൂക്കയിൽ പ്രധാന വേഷങ്ങളിലൊന്നിൽ എത്തിയ നിതിനും ചേർന്ന് നേരത്തെ അലയിൻ ദിശൈ എന്നൊരു തമിഴ് ചിത്രം ഒരുക്കിയിട്ടുണ്ട്. ചെന്നൈ മുതൽ രാമേശ്വരം വരെ യാത്ര നടത്തി ഒരു വർഷം കൊണ്ടു ചെയ്ത സിനിമയാണ്. ഞങ്ങൾ മാത്രമാണ് ചിത്രത്തിന്റെ ക്രൂ. ഫെസ്റ്റിവൽ മൂവിയായാണ് പ്ലാൻ ചെയ്തത്. എന്നാൽ, ഇതുവരെ ഒരിടത്തും ചിത്രം പ്രദർശിപ്പിച്ചിട്ടില്ല. ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ടീമാണ് ലൂക്കയ്ക്കും ഉണ്ടായിരുന്നത്.

സൗഹൃദത്തിന്റെ ലൂക്ക
…………………………..

ലൂക്കയുടെ അഭിനേതാക്കളിലും സാങ്കേതിക പ്രവർത്തകരിലും ഭൂരിഭാഗവും എന്റെ സുഹൃത്തുക്കളാണ്. എല്ലാവരും ആത്മാർത്ഥതയോടെ കൂടെ നിന്നു. സിനിമയെപ്പറ്റി എല്ലാവരും നന്നായി മനസിലാക്കിയിരുന്നു. ആദ്യത്തെ തിരക്കഥാ വായന മുതൽ എല്ലാ ചർച്ചകളിലും ചിത്രത്തിൽ വർക്ക് ചെയ്ത എല്ലാവരും ഉണ്ടായിരുന്നു. പ്ലാൻ ചെയ്തതിലും പത്തു ദിവസം മുമ്പ് ഷൂട്ടിങ് പൂർത്തിയാക്കാനും പറ്റി. പ്രൊഡക്ഷൻ സൈഡിൽ നിന്നും വലിയ പിന്തുണയാണ് കിട്ടിയത്. നിർമാതാക്കളായ ലിന്റോ തോമസ്, പ്രിൻസ് ഹുസൈൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽ നാഥ്, പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രജീഷ്, പ്രൊഡക്ഷൻ ടീം ക്രിയേറ്റീവ് മേഖലയിൽ ഒട്ടും ഇടപെട്ടതേയില്ല. അതുകൊണ്ടുതന്നെ, ഷൂട്ടിങ്ങിനിടയിൽ സമ്മർദ്ദമൊന്നും തോന്നിയതേയില്ല. എടുത്തുപറയേണ്ട മറ്റൊരു പേര് അസോസിയേറ്റ് ഡയറക്ടർ പ്രവീൺചന്ദ്രനാണ്. ഏറ്റവും കഴിവുള്ള അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളാണ് പ്രവീൺ. സെറ്റിൽ അനാവശ്യമായ സമ്മർദ്ദം തോന്നാത്ത വിധം, ഒച്ചപ്പാടോ ബഹളമോ ഇല്ലാതെ വളരെ നന്നായി ഷൂട്ടിംഗ് മുന്നോട്ടുപോയി.

subscribe