ടൊവിനോ നായകനായ ലൂക്കയിലെ അലോഷി എന്ന പൊലീസുകാരൻ. സത്യസന്ധനായ പൊലീസ് ഓഫീസറായി അൻവർ ഷെരീഫ് തിളങ്ങി. ലൂക്കയ്‌ക്കൊപ്പം അൻവറിന്റെ മറ്റൊരു ചിത്രം ജാലിയൻ വാലാ ബാഗിന്റെ ട്രെയിലറും പുറത്തുവന്നു. ലൂക്കയിൽ നിന്ന് തികച്ചും വ്യത്യസ്തമായ വേഷം. ദുൽഖർ സൽമാൻ നായകനായ സലാല മൊബൈൽസിലെ കോഴി മനാഫ് എന്ന ഫണ്ണി വില്ലൻ അൻവർ ഷെരീഫ് എന്ന നടനെ അടയാളപ്പെടുത്തിയ കഥാപാത്രമാണ്. അൻവർ തന്റെ സിനിമാ സ്വപ്‌നങ്ങൾ പങ്കുവയ്ക്കുന്നു.

  • വിവാഹസമ്മാനമായി ആദ്യ ചിത്രം

അക്കു അക്ബറിന്റെ ഭാര്യ അത്ര പോര എന്ന ചിത്രത്തിലാണ് തുടക്കം. സുന്ദരിയേ വാ… ചെമ്പകമേ തുടങ്ങിയ ആൽബങ്ങൾ ചെയ്ത ക്യാമറമാൻ നജീം തളിക്കുളം എന്റെ സുഹൃത്താണ്. നജീമിന്റെ അയൽവാസിയാണ് അക്കു അക്ബർ. നജീമാണ് അദ്ദേഹത്തിനെ പരിചയപ്പെടുത്തിയത്. അദ്ദേഹം എന്നെ വിളിക്കാം എന്നുപറഞ്ഞു. രണ്ടുമൂന്നു തവണ അദ്ദേഹത്തെ ഞാൻ വിളിച്ചു. ശല്യപ്പെടുത്തണ്ട എന്നു കരുതി പിന്നീടു ഞാൻ വിളിച്ചില്ല. ഒരു വർഷത്തിനു ശേഷം ഭാര്യ അത്ര പോരാ എന്ന ചിത്രം പ്ലാൻ ചെയ്യുമ്പോൾ അദ്ദേഹം വിളിയെത്തി. ആ സമയത്തായിരുന്നു എന്റെ വിവാഹം ഉറപ്പിച്ചത്. കല്യാണം ക്ഷണിക്കുന്നതിന്റെ തിരക്കിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഫോൺ കോൾ. ഇപ്പോഴത്തെ ഗെറ്റപ്പ് കാണണം എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അദ്ദേഹത്തെ കാണാൻ എത്തി. നേരിട്ടുകണ്ടപ്പോഴാണ് കല്യാണത്തിന്റെ കാര്യം പറഞ്ഞത്. പതിനാലാം തീയതിയാണ് കല്യാണം. ഷൂട്ടിങ് തുടങ്ങുന്നത് പതിനൊന്നിനും. ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞു. ഞാനാകെ ടെൻഷനിലായി. കുറെ കാത്തിരുന്ന ശേഷം കിട്ടിയ അവസരമാണ്. ഞാൻ പറഞ്ഞു, കല്യാണത്തിന്റെ പേരിൽ എന്നെ ഒഴിവാക്കരുത്. കല്യാണ ദിവസം കല്യാണം കഴിഞ്ഞയുടൻ ഞാൻ വരാം. ഞാൻ നോക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് സിനിമയിലെ നായിക ഗോപിക വിദേശത്താണ്. അദ്ദേഹം എനിക്ക് കല്യാണം കഴിഞ്ഞ് അഞ്ചു ദിവസത്തെ ഗ്യാപ്പ് തന്നു. അങ്ങനെയാണ് ആദ്യ ചിത്രത്തിൽ ഞാൻ അഭിനയിച്ചത്.

  • കോഴി മനാഫ് കിടുവാണ്

എഡിറ്റർ സിയാൻ ശ്രീകാന്ത് എന്റെ സുഹൃത്താണ്. ദുൽഖർ സൽമാൻ നായകനാകുന്ന സലാല മൊബൈൽസ് എന്ന ചിത്രത്തിന്റെ പ്രീപൊഡക്ഷൻ നടക്കുന്ന സമയം. സിയാൻ ചേട്ടനെ പതിവായി കാണുകയും വിളിക്കുകയും ചെയ്യും. ചേട്ടന് ഞാൻ എന്റെ ഫോട്ടോ അയച്ചുകൊടുത്തു. സിയാൻ ഫോട്ടോ ചിത്രത്തിന്റെ സംവിധായകൻ ശരത് ഹരിദാസിനെ കാണിച്ചു. അദ്ദേഹത്തിന് ഫോട്ടോ ഇഷ്ടമായി. അങ്ങനെയാണ് സലാല മൊബൈൽസിൽ അവസരം കിട്ടിയത്. ചിത്രത്തിനായി കോഴിക്കോട് സ്ലാങ് പഠിക്കണം. അതിനായി ഞാൻ ഒരാഴ്ച കോഴിക്കോട് പോയി നിന്നു. ചിത്രം നിർമിച്ചത് ആന്റോ ജോസഫാണ്. സംഗീതം ഗോപിസുന്ദറും. നായികയായി അഭിനയിച്ചത് നസ്രിയയാണ്. അങ്ങനെ വലിയൊരു പ്രോജക്ടായിരുന്നു അത്. എന്നാൽ, സിനിമ തീയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സിനിമ ചാനലുകളിൽ വൻ ഹിറ്റായി. കോഴി മനാഫ് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്.

  • അവിചാരിതമായി ഹോംലി മീൽസ്

സലാല മൊബൈൽസ് കണ്ടിട്ടാണ് ഹോംലി മീൽസ് എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചത്. അന്ന് ഞാൻ എറണാകുളത്തേക്ക് താമസം മാറ്റിയിരുന്നു. അന്ന് സിനിമാക്കാരൊന്നും വിളിക്കാറില്ല. എന്നാലും ഞാൻ എപ്പോഴും ശ്രദ്ധയോടെ ഇരിക്കും. എപ്പോഴാണ് വിളിവരുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ. ഒരു ദിവസം രാവിലെ ഹോംലി മീൽസിന്റെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഷാഫി ചെമ്മാടിന്റെ കോൾ. അരമണിക്കൂറിനുള്ളിൽ എത്താൻ പറഞ്ഞു. ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ പോയി കണ്ടു.

  • ഒരു മെക്‌സിക്കൻ സിനിമ അപാരത

ലൂക്കയുടെ നിർമാതാവ് പ്രിൻസ് ഹുസൈൻ എന്റെ സുഹൃത്താണ്. മെക്‌സിക്കൻ അപാരത എന്ന ചിത്രം പ്ലാൻ ചെയ്യുന്ന സമയത്ത് ദുൽഖറിനോട് കഥ പറയാൻ അവസരം കിട്ടുമോ എന്ന് അവൻ എന്നോടു ചോദിച്ചു. ദുൽഖർ സിഐഎ എന്ന സിനിമ ചെയ്യുന്ന സമയമാണ്. ആ ജോണറിലുള്ളതാണ് പ്രിൻസിന്റെ പ്രോജക്ടറും. അന്ന് ടൊവിനോ തോമസ് താരമായിട്ടില്ല. ഗപ്പിയൊക്കെ കഴിഞ്ഞിട്ടേയുള്ളൂ. പക്ഷേ, അവനിലൊരു പ്രതീക്ഷ അന്നും എല്ലാവർക്കും ഉണ്ട്. സംവിധായകൻ ടോം ഇമ്മട്ടിയുടെ മനസിൽ ടൊവിനോ ആണ്. എല്ലാവർക്കും അത് സമ്മതമാകുകയും ചെയ്തു. ഒരു നല്ല വേഷം കിട്ടും എന്ന പ്രതീക്ഷയിൽ ഞാനും പ്രോജക്ടിന്റെ ഭാഗമായി. മെക്‌സിക്കൻ അപാരത വിജയമായി. ഞാനും അതിൽ ഒരു വേഷം ചെയ്തു.

  • ലൂക്കയാണ് താരം

മെക്‌സിക്കൻ അപാരതയ്ക്കു ശേഷം മറ്റൊരു പ്രോജക്ടിനെപ്പറ്റി ഞാനും പ്രിൻസ് ഹുസൈനും ചിന്തിച്ചുതുടങ്ങി. അന്ന് പ്രിൻസ് ഒരു കന്നട സിനിമ ചെയ്തിരുന്നു. പക്ഷേ, സിനിമ പരാജയപ്പെട്ടു. ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. മെക്‌സിക്കൻ അപാരതയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ ലിന്റോ തോമസും ഞങ്ങൾക്കൊപ്പം ചേർന്നു. പക്ഷേ, എനിക്ക് നടനായി അറിയപ്പെടാനാണ് ആഗ്രഹം. മെക്‌സിക്കൻ അപാരതയുടെ സമയത്തുതന്നെ ടൊവിനോയെ നായകനാക്കി മറ്റൊരു പ്രോജക്ട് പ്ലാൻ ചെയ്തിരുന്നു. ലൂക്കയുടെ സംവിധായകൻ അരുൺ ബോസിനെ പരിചയപ്പെടുത്തിയത് ടൊവിനോയാണ്.

ലൂക്കയിൽ അഭിനയിക്കാൻ ആദ്യം പ്ലാനുണ്ടായിരുന്നില്ല. ലൂക്ക പ്രോജക്ട് ആയ ശേഷമാണ് ഞങ്ങളിലേക്ക് എത്തുന്നത്. പ്രധാന അഭിനേതാക്കളെ തീരുമാനിച്ചിരുന്നു. ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കേണ്ട നടന്റെ ഡേറ്റിനു ക്ലാഷ് വന്നു. നിതിൻ ജോർജാണ് എന്റെ കഥാപാത്രം ചെയ്യാനിരുന്നത്. അതോടെ ആ നടൻ ചെയ്യേണ്ട വേഷം നിതിനും നിതിൻ ചെയ്യാനിരുന്ന വേഷത്തിൽ ഞാനും വന്നു.

subscribe