കമൽ സംവിധാനം ചെയ്ത ഗദ്ദാമയിലെ ബഷീർ. മെലിഞ്ഞുണങ്ങി, സ്പ്രിംഗ് പോലെ മുടിയുള്ള ഒരു ആടുജീവിതം. ഷൈൻ ടോം ചാക്കോയുടെ ആദ്യ കഥാപാത്രം. അതിനുമുമ്പ് ക്യാമറയ്ക്കു പിന്നിലായിരുന്നു ഷൈൻ. വിവിധ സംവിധായകർക്കൊപ്പം പതിനൊന്നു വർഷത്തോളം സംവിധാന സഹായിയായി. ഷൈനിന്റെ അഭിനയക്കളരിയായിരുന്നു സഹസംവിധാന വേഷം. വർഷങ്ങൾക്കിപ്പുറം ഷൈൻ സ്‌ക്രീനിൽ വിവിധ വേഷങ്ങളിൽ നിറയുന്നു. ഇതിഹാസയിലെ കഥാപാത്രമാണ് ഷൈനിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ്. ഒടുവിൽ പുറത്തുവന്ന ഇഷ്‌കിലെ ആൽവിനും ഉണ്ടയിലെ ജോജോയുമെല്ലാം ഷൈൻ എന്ന നടന്റെ കൈയൊപ്പുള്ള കഥാപാത്രങ്ങളാണ്.

  • കുട്ടിക്കാലവും കലാപ്രവർത്തനങ്ങളും

കുട്ടിക്കാലത്ത് സ്‌കൂളിലെ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു. അതാണ് സ്‌കൂൾ കാലഘട്ടത്തെ മുന്നോട്ടുനയിച്ചത്. മമ്മിയും ഡാഡിയും പ്രോത്സാഹനം നൽകിയിരുന്നു. പഠനത്തേക്കാൾ കൂടുതൽ താത്പര്യം കലാപ്രവർത്തനങ്ങളിൽ ആയിരുന്നു. വർഷങ്ങൾക്കുമുമ്പു തന്നെ എന്റെ ഇഷ്ടങ്ങൾ ഡാഡിയും മമ്മിയും മനസിലാക്കിയിരുന്നു. സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്നുവച്ചു ജീവിക്കുന്ന എത്രയോ ചെറുപ്പക്കാരുണ്ട്. എന്നെ സംബന്ധിച്ച് അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കു ലഭിച്ചു.

  • ക്യാമറയ്ക്കു പിന്നിൽ പതിനൊന്നുവർഷം

കമൽ സാർ, ആഷിക് അബു, രാജേഷ് പിള്ള, അക്കു അക്ബർ എന്നിവർക്കൊപ്പം പതിനൊന്നു വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ചു. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് കമൽ സാറിനൊപ്പം സംവിധാന സഹായിയായത്. കുട്ടിക്കാലത്ത് കമൽ സാർ ഞങ്ങളുടെ അയൽവാസിയായിരുന്നു. അന്ന് അദ്ദേഹം മിഴിനീർപൂക്കൾ, ഉണ്ണികളെ ഒരു കഥപറയാം തുടങ്ങിയ സിനിമകൾ ചെയ്ത സമയം. രണ്ടു വീടുകളും ഒരു കോമ്പൗണ്ടിനുള്ളിലാണ്. അന്ന് സാറിന്റെ ഭാര്യ പൊന്നാനി എംഇഎസിൽ അധ്യാപികയാണ്. എന്റെ ഡാഡിക്ക് പൊന്നാനിയിൽ ബിസിനസ് ആയിരുന്നു. മമ്മി അധ്യാപികയും. പിന്നീട് സാറും കുടുംബവും കൊടുങ്ങല്ലൂരിലേക്കു പോയി. ഞങ്ങളും വേറെ സ്ഥലത്തേക്കുമാറി. ഞങ്ങൾ അതിനുശേഷം ഏകദേശം ഏഴു വർഷത്തോളം ഓരോ സ്ഥലങ്ങളിലായി മാറിമാറി താമസിച്ചു.
അഭിനയിക്കാനുള്ള ആഗ്രഹം വളരെ കുട്ടിക്കാലം മുതൽ തുടങ്ങിയതാണ്. അന്നൊക്കെ കാണുന്ന സിനിമകളിലെ നടന്മാരുടെ പ്രകടനം അനുകരിക്കും. അഭിനയമോഹവുമായാണ് ഞാൻ കമൽ സാറിന്റെ അടുത്തെത്തിയത്. എന്നാൽ, അസിസ്റ്റന്റ് ഡയറക്ടറാകുന്നതാണ് നിലനിൽക്കാൻ കുറച്ചുകൂടി നല്ലതെന്നുതോന്നി. സിനിമ അഭിനയത്തെക്കുറിച്ചൊന്നും എനിക്കന്ന് ഒരു ധാരണയുമില്ല. ഒരു പക്ഷേ, അഭിനയത്തിൽ നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞെന്നും വരില്ല. സിനിമ അഭിനയത്തിന്റെ ടെക്‌നിക് ഷൂട്ടിങ് കണ്ടുതുടങ്ങിയപ്പോഴാണ് എനിക്കു മനസിലായത്. ഇത്രയും കാലം സിനിമയിൽ വർക്ക് ചെയ്തത് അഭിനയത്തെ ഏറെ സഹായിച്ചു. നമ്മുടെ റൂമിൽ പെർഫോം ചെയ്യാൻ നമുക്ക് യാതൊരു മടിയും ഇല്ലല്ലോ. എന്നാൽ, ക്യാമറയ്ക്കു മുന്നിലുള്ള അഭിനയം അങ്ങനെയല്ല. കുറെ സിനിമകളിൽ വർക്ക് ചെയ്തതോടെയാണ് ഷൂട്ടിങ് ലൊക്കേഷൻ എനിക്ക് കംഫർട്ടബിൾ ആയത്. പെർഫോം ചെയ്യാൻ അത് കുറച്ചുകൂടി എളുപ്പമാക്കി.

  • ഗദ്ദാമയിലെ ബഷീർ

കമൽ സാർ ഗദ്ദാമ എന്ന പടം പ്ലാൻ ചെയ്യുന്നു. ഞാനന്ന് സ്പ്രിങ് പോലെ മുടിയൊക്കെ വളർത്തി മെലിഞ്ഞൊരു രൂപമാണ്. അതിൽ ബഷീർ എന്ന കഥാപാത്രത്തിനായി ആളെ തിരയുമ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ ഷഫീർ സേട്ട് എന്റെ കാര്യം സാറിനോട് പറഞ്ഞത്. സാർ എന്നെ കൊടുങ്ങല്ലൂരിലേക്കു വിളിപ്പിച്ചു. എന്നെ കണ്ടപ്പോൾ സാർ ഹാപ്പിയായി. നന്നായി മെലിഞ്ഞിട്ടാണ് ഞാനന്ന്. മുടി ജട പിടിച്ചുകിടക്കുകയാണ്. ഇതുകൊള്ളാം, ഈ കഥാപാത്രം ഞാൻ തന്നെ ചെയ്താൽ മതിയെന്നു പറഞ്ഞു. എനിക്ക് അഭിനയിക്കാനുള്ള താത്പര്യം ഉണ്ടെന്ന് സാറിന് അറിയുകയും ചെയ്യാം. അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ പൊസിഷൻസ് മാർക്ക് ചെയ്യാനായി നിൽക്കുമായിരുന്നു. അതിന് എനിക്കു വലിയ ഇന്ററസ്റ്റ് ആണ്. എന്റെ താത്പര്യം കാണുമ്പോൾ നടനാവാൻ ആഗ്രഹമുണ്ടെന്ന് സ്വാഭാവികമായും ഒരു ഡയറക്ടർക്ക് മനസിലാവുമല്ലോ. ആദ്യം മുതൽ സിനിമയിൽ അഭിനയിക്കുകയായിരുന്നു ലക്ഷ്യം. എങ്ങനെ, എപ്പോൾ അതിലേക്കുകടക്കും. അതിനെക്കുറിച്ചു മാത്രമായിരുന്നു കൺഫ്യൂഷൻ.

  • വഴിത്തിരിവായി ഇതിഹാസ

ഇതിഹാസ ഇത്രയും വലിയ വിജയമാകും എന്നു കരുതിയിരുന്നില്ലെങ്കിലും ആൾക്കാർക്ക് ഇഷ്ടമാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, ഇത്രയും ഗംഭീര വിജയമാകും എന്ന് ഞങ്ങളാരും വിചാരിച്ചില്ല. കേട്ടപ്പോൾ വളരെ ഇന്ററസ്റ്റിങ്ങായൊരു ത്രെഡ് ആയിരുന്നു അത്. ആ രീതിയിലുള്ള ഒരുപാട് ചിത്രങ്ങളുണ്ട്. അതിനെ നമ്മുടെ നാട്ടിൽ സംഭവിക്കുന്ന രീതിയിലേക്കു മാറ്റിയതാണ് ചിത്രത്തിന്റെ ബ്രില്ല്യൻസ്. ഈ കഥ നമ്മുടെ സമൂഹത്തിൽ, നമ്മുടെ വീട്ടിനടുത്ത് അല്ലെങ്കിൽ നമ്മുടെ ഫ്‌ളാറ്റിൽ സംഭവിച്ചാൽ എങ്ങനെയാവും എന്നതാണ് ഇതിഹാസയുടെ പുതുമ. ഓരോ കഥക്കും അതിന്റേതായൊരു ലോജിക് ഉണ്ടാവും. ആ ലോജിക് നിലനിർത്തിയാൽ തന്നെ ആളുകൾക്ക് ഇഷ്ടപ്പെടും. എല്ലാ പടത്തിലും റിയലിസ്റ്റിക്കാണോ, അതു നടന്നതാണോ, നടക്കുന്നതാണോ, നടക്കാൻ സാധ്യതയുള്ളതാണോ എന്നു നോക്കിയിട്ടുകാര്യമില്ല. ആ കഥയ്ക്കു നൽകേണ്ട ലോജിക്, അതാണ് പ്രധാനം. ടോം ആൻഡ് ജെറിക്ക് അതിന്റേതായ ഒരു ലോജിക് ഉണ്ട്. മറ്റൊരു രീതിയിൽ അതിനെ അവതരിപ്പിച്ചാൽ ആൾക്കാർക്ക് ഇഷ്ടപ്പെടില്ല. അതാണ് ഇതിഹാസയിലും സംഭവിച്ചത്.
ശരിക്കും ഇതിഹാസയിലേക്ക് ഞാൻ എത്തുന്നത്, അതിനു മുമ്പ് അതിന്റെ സംവിധായകൻ എന്നെ ശ്രദ്ധിച്ചതുകൊണ്ടാണ്. ഗദ്ദാമ, അന്നയും റസൂലും ചാപ്‌ടേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾ വന്നപ്പോഴാണ് എന്നെ ശ്രദ്ധിക്കുന്നതും അതിലെ കഥാപാത്രത്തിലേക്ക് എന്നെ ആലോചിച്ചതും. അന്നയും റസൂലിലെ അബുവും ചാപ്‌റ്റേഴ്‌സിലെ ചൂണ്ട വിനോദിനെയും കണ്ടിട്ടാണ് അതിലെ രൂപമൊക്കെ വച്ചിട്ടാണ് അവർ എന്നെ തെരഞ്ഞെടുത്തത്. കുറച്ച് റഫ് ആയിട്ടുള്ള ഒരാൾ ചെയ്താൽ നന്നായിരിക്കില്ലേ എന്ന ചിന്ത. ഇതിഹാസയിലൂടെയാണ് ഞാൻ കൂടുതൽ ആളുകളിലേക്ക് എത്തുന്നത്.
ഞാൻ സാധാരണ സ്ത്രീപുരുഷന്മാരെ ശ്രദ്ധിക്കുന്നതിന്റെ കൂട്ടത്തിൽ ശ്രദ്ധിച്ചിട്ടുള്ള കാര്യങ്ങളൊക്കെയാണ് ഇതിഹാസക്കായി ഉപയോഗിച്ചത്. അല്ലാതെ അതിനുവേണ്ടി നോക്കിയിരിക്കാറില്ല. പിന്നെ ഇതുപോലൊരു കഥാപാത്രം വരുമ്പോൾ സ്വാഭാവികമായി നമ്മൾ ആലോചിക്കും, ഇവരുടെ പ്രത്യേകതകൾ, എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെ. അതിനുശേഷം, ചിലപ്പോൾ നമ്മൾ ആലോചിക്കും. ഓർമയിലുള്ള അവരുടെ ചേഷ്ടകളും പെരുമാറ്റവുമൊക്കെയാണോ അവർക്കുള്ളതെന്ന് വെറുതെ നിരീക്ഷിച്ചിട്ടുണ്ടാവാം. അതൊക്കെ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ തന്നെയാണോ. ആൺ-പെൺ വ്യത്യാസവും ആ വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നും പിന്നീട് നിരീക്ഷിച്ചിട്ടുണ്ടാവാം. ഓർത്തെടുക്കുന്ന കാര്യങ്ങൾ ശരിയാണോ, അല്ലെങ്കിൽ എന്തുവ്യത്യാസം വരുത്തിയാലാണ് അതിലേക്ക് കറക്ടായി എത്തുക. അങ്ങനെയുള്ള താരതമ്യമൊക്കെ നടത്തും. പിന്നെ അതു കൃത്യമായി ഒരു സ്ത്രീ ചെയ്യുന്നതുപോലെ അല്ല. കുറച്ചു കോമഡിയൊക്കെയുണ്ട്. ശരിക്കും ആ കോമിക് എലമെന്റാണ് ആളുകളെ കൂടുതൽ ആകർഷിച്ചത്, പ്രത്യേകിച്ച് കുട്ടികളെ.

subscribe