ആധുനിക ഇന്ത്യൻ നാടകസിനിമാ രംഗത്തെ അതികായൻ ഗിരീഷ് കർണാഡ് വിട പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രബുദ്ധതയുടെ പ്രതീകവുമായിരുന്നു അദ്ദേഹം. നാടകത്തെയും സിനിമയെയും ഇന്ത്യയുടെ സമകാലിക ജീവിതത്തിലേക്ക് പറിച്ചു നട്ടതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. കർണാഡിന്റെ മരണം സൃഷ്ടിക്കുന്ന ശൂന്യത ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ മണ്ഡലങ്ങളിൽ ഏൽപ്പിക്കുന്ന ആഘാതം വലുതാണ്. മനുഷ്യപക്ഷത്തുനിന്നു നിരന്തരം ശബ്ദിച്ചിരുന്നതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രധാന സവിശേഷത. ഇറ്റാലിയൻ ചലച്ചിത്രകാരന്മാരുടെ നിയോറിയലിസ്റ്റിക് സിനിമകളുടെയും ഫ്രഞ്ച് നവതരംഗ സിനിമകളുടെയും ഏറ്റക്കുറച്ചിലുകൾ കർണാഡിന്റെ സിനിമകളിലും നാടകങ്ങളിലും നിറഞ്ഞുനിൽക്കുന്നു. സമാന്തര സിനിമാ രംഗത്ത് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ ഇന്ത്യയിൽ പുതിയ ചലച്ചിത്ര സംസ്‌കാരത്തിനു തന്നെ വിത്തുപാകി. ഇക്കാരണം കൊണ്ടുതന്നെ കർണാഡ് ചലച്ചിത്രമേഖലയിൽ നവഭാവുകത്വത്തിന്റെ വക്താവായെന്നു പറഞ്ഞാലും അത് അതിശയോക്തിയാവില്ല.

കലയിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ ചോദ്യം ചെയ്യാനാകുമെന്നും ഗിരീഷ് കർണാഡ് സമൂഹത്തോടു വിളിച്ചു പറഞ്ഞു. 1938 മേയ് 19 ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ഗിരീഷ് കർണാഡ് ജനിച്ചത്. 1958-ൽ ബിരുദം നേടിയ അദ്ദേഹം 6063 കാലത്ത് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിൽ റോഡ്‌സ് സ്‌കോളറായിരുന്നു. തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാണ് അദ്ദേഹം ഓക്‌സ്ഫഡിൽ നിന്നു പോരുന്നത്. പത്മശ്രീയും പത്മവിഭൂഷണും ജ്ഞാനപീഠ പുരസ്‌കാരവും അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

നാടകവേദിയിലെ അതുല്യപ്രതിഭ
…………………………………

നാടോടി കലാസങ്കേതങ്ങളെ സമകാലിക ഇന്ത്യൻ ജീവിതങ്ങളുമായി ഇണക്കിച്ചേർത്ത് അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ കഴിവാണ് മുഖ്യധാരയിൽ നിന്ന് പുറത്തേക്കു പൊയ്‌ക്കൊണ്ടിരുന്ന നാടകത്തെ ജനകീയമാക്കിയത്. ചാർലി ചാപ്ലിനെയും ബ്രെതോൾഡ് ബ്രെഹ്ത്തിനെയും പോലുള്ളവർ മുന്നോട്ടുവച്ച ജീവിത ദർശനമാണ് കർണാഡിനെയും മുന്നോട്ടു നയിച്ചിരുന്നത്. ഇന്ത്യയിലെ പ്രമുഖരായ എല്ലാ സംവിധായകരും കർണാഡിന്റെ നാടകങ്ങളെ അരങ്ങിലെത്തിച്ചിട്ടുണ്ട്. ഇന്ത്യൻ നാടകത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇബ്രാഹിം അൽക്കാസിയാണ് അതിൽ പ്രധാനി.

യയാതി, തുഗ്ലക്ക്, ഹയവദന, നാഗമണ്ഡല എന്നിവയാണു കർണാഡിന്റെ പ്രധാന നാടകങ്ങൾ. പ്രാദേശികമായ വിഷയങ്ങളും ആഖ്യാനശൈലികളുമാണ് കന്നഡ സാഹിത്യത്തിന്റെ പ്രത്യേകതയായി എല്ലാക്കാലത്തും വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാൽ, കർണാഡിന്റെ നാടകങ്ങളിൽ കർണാടകത്തെ മാത്രം സ്പർശിക്കുന്ന വിഷയങ്ങളില്ല. ഒന്നാമത്തെ നാടകമായ യയാതി ഒരു പുരാണ കഥയുടെ പുനരാഖ്യാനമാണ്. മഹാഭാരതത്തിലെ ‘യയാതി’യെക്കുറിച്ചുള്ള നാടകം 1961 ലാണ് പുറത്തിറങ്ങുന്നത്. തന്റെ യൗവനകാലത്ത് ശുക്രാചാര്യന്റെ ശാപത്താൽ അകാല വാർധക്യം വരിക്കേണ്ടിവന്നയാളാണ് യയാതി. അരങ്ങിൽ വിജയം നേടിയ ആ നാടകം നിരവധി ഇന്ത്യൻ ഭാഷകളിൽ വേദിയിലെത്തി.

പിന്നീടു പുറത്തുവന്ന തുഗ്ലക്ക് എന്ന നാടകത്തിൽ മുഹമ്മദ് ബിൻ തുഗ്ലക്കായിരുന്നു കേന്ദ്രകഥാപാത്രം. പതിന്നാലാം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ച മുഹമ്മദ് ബിൻ തുഗ്ലക് എന്ന ചരിത്രനായകനെ അദ്ദേഹം വെറുതെ വേദിയിലെത്തിക്കുകയായിരുന്നില്ല. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ കാലത്തെ രാഷ്ട്രീയത്തെ വിമർശനാത്മകമായി സമീപിക്കുക കൂടിയായിരുന്നു അദ്ദേഹം ചെയ്തത്. രണ്ടാമത്തെ നാടകമായ തുഗ്ലക്കിലേക്കെത്തുമ്പോൾ അത് ചരിത്രാധിഷ്ഠിതമായ രചനയായി മാറുന്നു. രസകരമായ കാര്യം ഇവ രണ്ടും ആധുനിക നാടകങ്ങളുമാണെന്നതാണ്. അതായത്, വീക്ഷണത്തിലും ഭാവത്തിലും ആധുനികം. തുഗ്ലക് ഒരു മോഡേൺ ക്ലാസിക് ആയിട്ടാണ് നിരൂപകർ വാഴ്ത്തുന്നത്.

ഹയവദനയിലേക്കും നാഗമണ്ഡലത്തിലേക്കും വരുമ്പോൾ അദ്ദേഹം കന്നഡക്കാരനായെന്നു പറയുന്നതിൽ തെറ്റില്ല. കർണാടകയിലെ ഗ്രാമീണതയിൽ നിന്നും നാടോടി കഥകളിൽ നിന്നും സ്വാംശീകരിച്ചെടുത്ത അതിമനോഹരമായ നാടകീയ മുഹൂർത്തങ്ങളുടെ ധാരാളിത്തം ഈ നാടകങ്ങളിൽ കാണാനാവും. സംസ്‌കൃത ഭാഷയിലെ ഒരു പഴയ കഥാസമാഹാരമായ കഥാസരിത് സാഗരത്തിൽ നിന്നാണ് ഹയവദന രൂപപ്പെടുന്നതെന്നു പറയാമെങ്കിലും വിഖ്യാത ജർമൻ നോവലിസ്റ്റായ തോമസ് മന്നിന്റെ ‘മാറ്റിവച്ച തലകളു’ടെ വലിയ സ്വാധീനം ഹയവദനയിലുണ്ട്. യക്ഷഗാനമെന്ന കർണാടകയിലെ നാടോടികലാരൂപത്തെ നാടകത്തിലേക്കു സന്നിവേശിപ്പിച്ചിടത്താണ് ഹയവദന ശ്രദ്ധേയമാകുന്നത്. പാരമ്പര്യ ദൃശ്യകലാരൂപമായ യക്ഷഗാനം ഗിരീഷ് കർണാഡെന്ന കലാകാരനെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസിലാക്കാൻ ഹയവദന കണ്ടാൽ മതി.

പ്രാദേശിക നാടോടികലാരൂപങ്ങളോട് കർണാഡിനുണ്ടായിരുന്ന അഭിനിവേശത്തിന്റെ വ്യക്തമായ തെളിവാണ് ‘നാഗമണ്ഡല’ എന്ന നാടകം. ഷിക്കാഗോയിലെ മിന്നാപൊളീസ് ഗുത്രീ തിയറ്ററിലാണ് നാഗമണ്ഡല അവതരിപ്പിക്കപ്പെട്ടത്. ഗിരീഷ് കർണാഡ് നാടകരചനയിലേക്കെത്തുന്ന കാലത്ത് പുറത്തിറങ്ങിയ നാടകങ്ങളിലെല്ലാം നഗരജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയായിരുന്നു. കർണാഡിന്റെ സമകാലികരായിരുന്ന വിജയ് തെണ്ടുൽക്കറും മോഹൻ രാകേഷും ബാദൽ സർക്കാറുമൊക്കെ നാഗരികതയുടെ വളർച്ചയും നന്മതിൻമകളും പ്രമേയമാക്കിയപ്പോൾ കർണാഡ് ഗ്രാമങ്ങളിലേക്കാണ് പോയത്. ഗ്രാമീണമായ ജീവിതങ്ങളെ നാടകങ്ങളിലൂടെ അവതരിപ്പിക്കാൻ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നു.

പുത്തൻ ചലച്ചിത്ര സംസ്‌കാരം
………………………………..

വിഖ്യാത നോവലിസ്റ്റ് യു.ആർ. അനന്തമൂർത്തിയുടെ പ്രശസ്ത നോവൽ ‘സംസ്‌കാര’ യുടെ തിരക്കഥ തയാറാക്കുകയും പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്തു കൊണ്ടാണ് ഗിരീഷ് കർണാഡ് വെള്ളിത്തിരയിൽ അരങ്ങേറിയത്. രാഷ്ട്രപതിയുടെ പുരസ്‌കാരവും ആ സിനിമയ്ക്കായിരുന്നു. നടനായും തിരക്കഥാകൃത്തായും അരങ്ങേറിയ ഗിരീഷ് കർണാഡ് സംവിധായകന്റെ മേലങ്കിയും തനിക്കു നന്നായി ചേരുമെന്ന് തെളിയിച്ചു. സംവിധാനം ചെയ്യാനായി അദ്ദേഹം തെരഞ്ഞെടുത്തത് എസ്.എൽ. ബൈരപ്പയുടെ വംശവൃക്ഷ എന്ന നോവലായിരുന്നു. ആദ്യ ചിത്രമായ സംസ്‌കാര മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ് കർണാഡിന് സമ്മാനിച്ചതെങ്കിൽ വംശവൃക്ഷ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം നേടിക്കൊടുത്തു. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ബി.വി. കാരന്തിനൊപ്പമാണ് അദ്ദേഹം നേടിയത്. വിഖ്യതമായ നോവലുകൾ ദൃശ്യവത്കരിക്കുന്നതിൽ കഴിവുള്ളയാളായിരുന്നു കർണാഡ്. ശ്രീകൃഷ്ണ ആലനഹള്ളിയുടെ പ്രശസ്ത നോവൽ ‘കാടും’ കർണാഡിന്റെ സംവിധാനത്തിൽ പുറത്തുവന്നു.

ശൂദ്രകന്റെ മൃച്ഛഘടികം എന്ന നാടകത്തെ അടിസ്ഥാനമാക്കി അദ്ദേഹം സംവിധാനം ചെയ്ത ഉത്സവ്, നിഷാന്ത് (1975), കലിയുഗ് (1980) എന്നിവയും അദ്ദേഹത്തിലെ ചലച്ചിത്രകാരന്റെ കൈയൊപ്പുപതിഞ്ഞവയാണ്. ആർ.കെ. നാരായണന്റെ മാൽഗുഡി ഡെയ്‌സ് പരമ്പരയിൽ കേന്ദ്രകഥാപാത്രമായ സ്വാമിയുടെ പിതാവിനെ അവതരിപ്പിച്ചതും കർണാടാണ്. ശങ്കർ നാഗും കവിത ലങ്കേഷുമായിരുന്നു മാൽ ഗുഡി ഡെയ്‌സിന്റെ സംവിധായകർ.

പൂന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടറായിരുന്നു കർണാഡ്. സംഗീത നാടക അക്കാദമി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജോൺപോളിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ദ പ്രിൻസ് എന്ന ചിത്രത്തിലും അദ്ദേഹം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.