കർമം ചെയ്യുക. അത് നൂറു ശതമാനം ആത്മാർത്ഥതയോടെ ആസ്വദിച്ച് ചെയ്യുക. എന്തു കിട്ടുമെന്ന വേവലാതി വേണ്ട. ആവശ്യമുള്ളതു കിട്ടും. കിട്ടുന്നതു കൊണ്ടു സംതൃപ്തിപ്പെടുക. ഇനി കിട്ടാത്തത് അർഹതയില്ലാത്തതു കൊണ്ടാണ്. പരാതിപ്പേടേണ്ട. ഈ ഋഷി വചനം എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി സന്തോഷത്തോടെ കഴിയുകയാണ് ഞാൻ. പി.ആർ.ഒ ആയി കർമരംഗത്തെത്തിയ നാളുകൾ മുതൽ കുറേ വർഷങ്ങളോളം ഒരു പ്രമുഖ പ്രസിദ്ധീകരണം എന്റെ വാർത്തകൾ ഉപയോഗിച്ചിരുന്നില്ല. അതിനു പ്രത്യേക കാരണമൊന്നുമില്ല. എന്നാലും ഒരു മടിയും കൂടാതെ വാർത്തകൾ അയച്ച് ഞാൻ എന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു. അതിൽ വാർത്തകൾ വാരാത്തത് എന്റെ കഴിവുകേടായി ആരും വിശേഷിപ്പിച്ചില്ല. മനസും ശരീരവും കൂടുതൽ ഊർജസ്വലമായി. ക്ഷമ എനിക്കൊരു അലങ്കാരമായിരുന്നു. ഒടുവിൽ കാലം മുന്നിൻ തെളിഞ്ഞ് എന്നെ വെളിപ്പെടുത്തി. ഇപ്പോൾ എന്റെ കുടുതൽ
വാർത്തകൾ വരുന്നത് ആ പ്രസിദ്ധീകരണത്തിലാണ്. ഒരു പി.ആർ.ഒ എന്ന നിലയിൽ ഇന്ന് ഞാൻ അംഗീകരിക്കപ്പെടുപ്പോൾ ആ പ്രസിദ്ധീകരണത്തിനും സ്ഥാനമുണ്ട്. കർമനിരതരാവു… ഫലം ഇച്ഛിക്കേണ്ട. കാലത്തിന്റെ കുലുക്കിക്കുത്തിൽ കാലിടറില്ല… ഉറപ്പ്!

മാന്യനും ശാന്തനും സൗമ്യനുമായ ഒരു ഹിറ്റ് ചിത്രത്തിന്റെ നിർമാതാവ് ഒരിക്കൽ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ എന്നെ ഫോണിൽ വിളിച്ചു ചോദിച്ചു.
‘ഒരു പടത്തിന് എത്രയാ പ്രതിഫലം വാങ്ങുന്നത്? ‘
‘അങ്ങനെ ഒരു തുക ഇതു വരെ ചോദിച്ചു വാങ്ങിയിട്ടില്ല. തരുന്നത് വാങ്ങും. ഒരു പരാതിയും ഇതു വരെ ആരോടും പറഞ്ഞിട്ടില്ല. ആവശ്യത്തിൽ കൂടതലാണെങ്കിൽ വേണ്ടയെന്ന് പറയാൻ തയാറാണെങ്കിലും അതിനു ഭാഗ്യവുമുണ്ടായിട്ടില്ല’ -ഞാൻ പറഞ്ഞു.
എന്നെ വെറുതെ അങ്ങനെ വിടാൻ ഭാവമില്ലെന്ന് മനസ്സസിലായി. ഉടൻ അടുത്ത ചോദ്യം വന്നു.
‘ഏറ്റവും കൂടതലായി എത്ര രൂപയാണ് മേടിച്ചത്?
‘അത് പറയില്ല. സാറിന് ഇഷ്ടമുള്ളതു തരുക. തരുന്നത് സന്തോഷത്തോടെ തരുക. അതിന്റെ പേരിൽ ഒരു വിരോധവുണ്ടാവില്ലെ’ – ഞാൻ പറഞ്ഞു.
അദ്ദേഹം തിരിച്ചും മറിച്ചും ചോദിച്ചുവെങ്കിലും ഞാൻ വിട്ടു പറഞ്ഞില്ല. ഗതികെട്ട് ഞാൻ കാര്യം തിരക്കി. സ്‌നേഹപൂർവം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.
‘ആത്മാർത്ഥതയോടെ ദിനേശ് ചെയ്യുന്ന ജോലി എനിക്കിഷ്ടമായി. അതു കൊണ്ട് ഏറ്റവും കൂടുതൽ കിട്ടിയ തുകയുടെ 25 ശതമാനം കൂടതൽ താരാൻ വേണ്ടിയാണ് ചോദിച്ചത്’.
അപ്പോഴും ഞാൻ പറഞ്ഞു, അതൊന്നും നോക്കണ്ട. ഇഷ്ടമുള്ളത് തന്നാൽ മതിയെന്ന്. സന്തോഷത്തോടെ ശരിയെന്ന് പറഞ്ഞാണ് സംസാരം നിർത്തിയത്. അദ്ദേഹത്തിന്റെ ആ സിനിമ വമ്പൻ പരാജയമായിരുന്നു. അദ്ദേഹത്തിന്റെ ആ വലിയ ആഗ്രഹം നടക്കാതെ പോയതിൽ ഇപ്പോഴും എനിക്ക് ഒത്തിരി വിഷമമുണ്ട്.

പള്ളുരുത്തിയിലെ ഞാൻ ജനിച്ച് പഠിച്ച് വളർന്ന വീട് ഓർമകളുടെ ചുവരുകൾക്കുള്ളിൽ അകപ്പെട്ട് ക്രമേണ മങ്ങിയ വെളിച്ചത്തിലേക്കു മറയുകയാണ്.
പ്രാചീനതയുടെ മഹത്ത്വമുണ്ടായിരുന്ന തറവാടിന്റെ മുൻഭാഗം 35 വർഷങ്ങൾക്കു മുമ്പ് പുതുക്കി പണിതു. കാലപ്പഴക്കം കൊണ്ട് അവശയായ ഈ വീടിന് മോക്ഷം. പകരം പുതിയ ചെറിയ വീട് വരും. അകക്കണ്ണിൽ തറവാടിന്റെ അകത്തളത്തിലേക്ക് ഉളിഞ്ഞു നോക്കി. മഹാഭാരത കഥ പോലെ വിശാലമാണത്.
ഒരു നിമിഷം! ആരോ പിന്നോട്ട് വലിക്കുന്നു. ഓർമകള്ളുടെ ആഴങ്ങളിൽ ആണിയടിച്ച് മുറിവേറ്റ് തിളങ്ങി നിൽക്കുന്നു ‘ അമ്മ’. ഓർക്കാൻ പോലും അർഹനല്ല ഞാൻ. കണ്ണീർ നിറഞ്ഞ് ഒഴുകുയാണ്, ഞാനറിയാതെ. കുറേ പേരുണ്ടായിട്ടും ഒടുവിൽ ഒറ്റപ്പെട്ട് മറ്റുള്ളവരാൽ അവഗണിക്കപ്പെട്ട് തളർന്ന് കിടപ്പിലായി യാത്ര പറയുമ്പോൾ മുഖം ശാന്തമായിരുന്നു. മൂത്ത മകന്റെ ഭാര്യയായി നിറ ദീപത്താൽ തറവാട്ടിലെത്തി, ശേഷം ബന്ധുക്കൾക്കായി കാലിത്തൊഴുത്തിലും വിശാലമായ അടുക്കളയിലും പണിയെടുത്ത് അടിഞ്ഞുകൂടി, പരാതിയും പരിഭവവുമില്ലാതെ. അപ്പോൾ ഞാൻ എവിടെയായിരുന്നുവെന്ന ചോദ്യം വരുന്നു അല്ലേ? അത് മറ്റൊരു പർവമാണ്. ഓർമകൾ എല്ലാം മായും. പക്ഷേ, കണ്ണീരിലെ വിശുദ്ധിയും സഹനത്തിന്റെ മാധുര്യവും സഹജീവികളോടുള്ള പ്രേമവും വിശ്വാസത്തിന്റെ സംതൃപ്തിയും കാലത്തോടൊപ്പം നിലനിൽക്കും. മാപ്പ് പറയുന്നില്ല. അമ്മയെ ഓർക്കുമ്പോൾ മഹാനായ ശ്രീയേശുവിന്റെ തിരുമുഖമാണ് മുന്നിൽ. വ്യാഖ്യാനിക്കാൻ കഴിയില്ല, അതാണ് അമ്മ!!! എന്റേതു മാത്രമല്ല, നിങ്ങളുടേതും…