പുതപ്പിനുള്ളിൽനിന്ന് തലയിട്ട് പുറത്തേക്കു നോക്കിയപ്പോൾ നേരംവെളുത്തിട്ടുണ്ട്. കൈ മൊബൈലിലേക്കു നീണ്ടു. സമയം 10 മണി. പതിയെ വാട്‌സ്ആപ് മെസേജ് നോക്കി. എല്ലാദിവസത്തേയും പോലെ കുറേ ഗുഡ്‌മോർണിങ് സന്ദേശങ്ങൾ. ഫോൺ തിരികെ വച്ച് വീണ്ടും ചുരുണ്ടുകൂടാൻ തുടങ്ങിയപ്പോഴാണ് ചങ്ക്‌ബ്രോ ബിൻസിന്റെ മെസേജ് വരുന്നത്. എടാ.. നാളെ അവളെയും മമ്മിയേയും കൂട്ടി പോകാൻ പറ്റിയ ഒരു സ്ഥലം പറഞ്ഞേ. മഴക്കാലമായതുകൊണ്ട് വെള്ളച്ചാട്ടങ്ങൾ എല്ലാം തന്നെ സജീവമാണ്. അതുകൊണ്ടുതന്നെ 30 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വെള്ളച്ചാട്ടങ്ങളുടെയും ലിസ്റ്റ് പറഞ്ഞുകൊടുത്തു. ലിസ്റ്റിൽ മാനത്തൂർ ഉള്ള പാമ്പനാൽ വെള്ളച്ചാട്ടം അവൻ പ്രത്യേകം നോട്ടുചെയ്തു. കാരണം, അങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ല. 2010-ൽ ഒരുവട്ടം പോയിട്ടുണ്ടെങ്കിലും വിശദമായ വിവരങ്ങൾ എന്റെ കൈയിലും ഇല്ലായിരുന്നു. ഓഫ് ഡേ ആയതുകൊണ്ട് ഇന്ന് അങ്ങോട്ടുതന്നെ യാത്രയെന്ന് ഉറപ്പിച്ച് പുതപ്പിനടിയിൽനിന്ന് എണീറ്റു. പാറുവിന് അവധിയില്ലാത്തതുകൊണ്ട് ബൈക്ക് എടുത്താണ് മാനത്തൂർക്ക് വച്ചുപിടിച്ചത്. കല്യാണം കഴിഞ്ഞ് പാറുവിനെ കൂട്ടാതെയുള്ള ആദ്യയാത്ര. പോകുംവഴി പാലായിൽനിന്ന് സുഹൃത്ത് വിഷ്ണുവും കൂടെക്കൂടി. ബൈക്ക് അവിടെ വച്ച് അവന്റെ കാറിലായി പിന്നീടങ്ങോട്ടു യാത്ര. ഇതിനിടെ പാറുവിന്റെ അനിയത്തി പ്രിയ വരുന്നുണ്ടെന്ന് പറഞ്ഞതോടെ പോകും വഴി അവളെയും കൂടെക്കൂട്ടി. പാലായിൽ നിന്ന് തൊടുപുഴ റോഡിൽ 12 കിലോമീറ്റർ സഞ്ചരിച്ച് മാനത്തൂർ കവലയിലെത്തി. മാനത്തൂർ സ്‌കൂളിന് എതിർവശമുള്ള മറ്റത്തിപ്പാറ-കരിങ്കുന്നം റോഡിലൂടെ കാർ കുന്നുകയറി. പണ്ട് മാനത്തൂർ കവലയിൽ പാമ്പനാൽ വെള്ളച്ചാട്ടമെന്ന് ബോർഡ് വച്ചിട്ടുണ്ടായിരുന്നു. പാലാ-തൊടുപുഴ റോഡ് വീതികൂട്ടിയപ്പോൾ അതു പിഴുതുമാറ്റപ്പെട്ടു.

മറ്റത്തിപ്പാറ-കരിങ്കുന്നം റോഡിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്ന റോഡ് ഒരു കാറിന് കഷ്ടി കടന്നു പോകാൻ മാത്രം വീതിയുള്ളാണ്. ടാറും കോൺക്രീറ്റും ഇട്ട റോഡിനെ മുറിച്ച് പലയിടത്തും ചെറു അരുവികൾ കടന്നുപോയി. ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് മണ്ണിട്ട പാത തുടങ്ങുകയാണ്. ഇവിടെവരെ മാത്രമേ വാഹനങ്ങൾ പോകുകയുള്ളൂ. ഞങ്ങൾ കാർ പാർക്ക് ചെയ്തു നടപ്പാരംഭിച്ചു. അര കിലോമീറ്റർ നടന്നുവേണം വെള്ളച്ചാട്ടത്തിലെത്താൻ (ഇരുചക്രവാഹനങ്ങൾ വെള്ളച്ചാട്ടംവരെ പോകും). മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. അതിൽ ഒരണ്ണത്തിന്റെ അടുത്തുവരെ റോഡുണ്ട്. റബർ തോട്ടങ്ങളും പൈനാപ്പിൾ തോട്ടങ്ങളും കടന്നുവേണം വെള്ളച്ചാട്ടത്തിന് അരികിൽ എത്താൻ. മൺപാതകൾ പലയിടത്തും വഴിപിരിഞ്ഞ് പോകുന്നത് പലപ്പോഴും കൺഫ്യൂഷൻ ഉണ്ടാക്കി. 20 മിനിറ്റ് നടപ്പിന് അവസാനം ഒന്നാമത്തെ വെള്ളച്ചാട്ടത്തിന് അടി ഭാഗത്തെത്തി. ഇവയെക്കുറിച്ച് പുറംലോകത്തിന് അറിയാത്തതുകൊണ്ട് ഈ പ്രദേശത്തുതന്നെയുള്ള കുറച്ച് കുട്ടികൾ അല്ലാതെ സഞ്ചാരികളായി ആരും തന്നെയില്ല. ചെരിഞ്ഞു കിടക്കുന്ന വലിയൊരു പാറക്കല്ലിലൂടെ ജലകണങ്ങൾ ഒഴുകി താഴേക്ക് പോകുന്ന നയനമനോഹര ദൃശ്യമാണിവിടെ. ശാന്തമായി പതിക്കുന്ന വെള്ളച്ചാട്ടത്തിന് കുറുകേ കല്ലുപാളികൾ കൊണ്ട് പാലം നിർമിച്ചിട്ടുണ്ട്. ഇതിന് അടിയിലൂടെ ജലം രണ്ടാമത്തെ വെള്ളച്ചാട്ടത്തിലെത്തി അർത്തിരമ്പുന്ന ജലകണങ്ങളായി താഴേക്കു പതിക്കുന്നു. ഇവിടെ നിന്ന് രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി തപ്പിയെങ്കിലും കണ്ടെത്താനായില്ല. അവസാനം കാടുകയറി നശിച്ച വാഴത്തോട്ടത്തിലൂടെ താഴേക്കിറങ്ങാൻ തീരുമാനിച്ചു. കൈയിൽ ഇരുന്ന കാലൻകുടകൊണ്ട് വിഷ്ണു പുതിയവഴികൾ വെട്ടി. തട്ടുതട്ടായി കിടന്ന കൃഷിയിടങ്ങളിലൂടെ താഴേക്കിറങ്ങി. ഒരാൾപൊക്കത്തിൽ ഭീകരരൂപത്തിൽ കുറ്റിക്കാടുകൾ പലപ്പോഴും വഴിയെ തടസപ്പെടുത്തിനിന്നു. പാമ്പ് ഉണ്ടാകുമോ എന്ന പേടിമാത്രമായിരുന്നു ഞങ്ങളുടെ മനസിൽ അപ്പോഴും.

subscribe