ചെറുകാറ്റിന്റെ വേഗതയിൽ കടന്നുപോയ ഒരു ദൃശ്യമാണ് സത്യൻ മാഷിനെക്കുറിച്ചുള്ള ആദ്യ ഓർമ. 11-ാം വയസിൽ, പ്രൈമറി സ്‌കൂൾ പഠനകാലത്തായിരുന്നു അത്. വെള്ള അംബാസിഡർ കാറിന്റെ പിൻസീറ്റിൽ കറുത്ത കണ്ണട ധരിച്ചിരിക്കുന്ന സത്യൻ മാഷ്. ആ കാർ കൺമുന്നിൽ മിന്നിമറയുന്ന ദൃശ്യം ഇന്നും മനസിൽ ആനന്ദം നിറയ്ക്കുന്നു.

‘ഓടയിൽ നിന്ന്’ എന്ന അനശ്വരകൃതിയുടെ സൃഷ്ടാവ് പി. കേശവദേവ് താമസിച്ചിരുന്നത് എന്റെ വീടിനടുത്താണ്. അദ്ദേഹത്തെ കാണാനായിരിക്കണം സത്യൻ മാഷ് ആ വഴി പോയത്. ആദ്യവും അവസാനവും മാഷിനെ നേരിൽ കാണുന്നത് അന്നാണ്. എന്റെ മനസിലെ സത്യൻമാഷിന് ‘ചെമ്മീനി’ലെ പളനിയുടെ രൂപമാണ്. അഞ്ചാം വയസിൽ അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പമാണ് ചെമ്മീൻ സിനിമ കണ്ടത്. തിരുവനന്തപുരം ശ്രീകുമാർ തിയറ്ററിൽ. പളനിയുടെ ഇൻട്രൊഡക് ഷൻ ഷോട്ട് മറക്കാനാകില്ല. വള്ളത്തിന്റെ അമരത്തുനിന്ന് വലിയ വീറോടെ തുഴഞ്ഞുവരുന്ന പളനി കടൽത്തിരകളെ ഓലക്കൊട്ടകയിലെ ആരവങ്ങളിലേക്ക് പടർത്തി. ചെമ്മീൻ അന്നും ഇന്നും എന്നും ക്ലാസിക് ചിത്രം തന്നെ.

കുട്ടിക്കാലത്ത് സത്യൻ മാഷിന്റെ പടങ്ങൾ അധികം കണ്ടതായി ഓർക്കുന്നില്ല. സിനിമകൾ പതിവായി കാണുന്ന കാലം വന്നപ്പോഴേക്കും മാഷ് ഓർമയായി. എന്റെ അഭ്രക്കാഴ്ചകളിലെ ആദ്യനായകന്മാർ നസീർ സാറും മധു സാറുമായിരുന്നു. പിൽക്കാലത്താണ് സത്യൻ മാഷിന്റെ ചിത്രങ്ങൾ നിരീക്ഷണകൗതുകത്തോടെ, ഒരു പഠിതാവിനെപ്പോലെ കണ്ടത്. സ്‌കൂൾ കാലത്ത് ഒറ്റയ്ക്ക് പോയി സിനിമ കണ്ടിട്ടില്ല. വീട്ടുകാരുമൊത്താണ് പോകാറുള്ളത്. ‘ചെമ്മീനും’ ‘അനുഭവങ്ങൾ പാളിച്ചകളു’മാണ് തിയറ്ററിൽ കണ്ട സത്യൻ മാഷിന്റെ ചിത്രങ്ങൾ. അനുഭവങ്ങൾ പാളിച്ചകൾ കണ്ടത് ശക്തി തിയറ്ററിൽ നിന്നാണ്. അതിൽ ചെല്ലപ്പൻ എന്ന കഥാപാത്രത്തെയാണ് മാഷ് അനശ്വരമാക്കിയത്. ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന രംഗം, മകളുടെ കുഴിമാടത്തിനരികിൽ നിന്ന് തേങ്ങുന്ന രംഗം, ‘അഗ്നി പർവതം പുകഞ്ഞു…’ എന്ന ഗാനരംഗം, ചെല്ലപ്പനെ തൂക്കിക്കൊല്ലുന്ന രംഗം. മാഷിന്റെ മറക്കാനാകാത്ത അഭിനയമുഹൂർത്തങ്ങൾ ആ സിനിമ എന്നിൽ മുദ്രിതമാക്കി.

ചിലപ്പോൾ അറിഞ്ഞും അറിയാതെയും സത്യൻ മാഷ് എന്നിൽ കടന്നുകൂടാറുണ്ട്. ചെല്ലപ്പനും ഗോപാലനും (പ്രേംനസീർ) ഷാപ്പിലേക്ക് കയറുമ്പോൾ വഴിമുടക്കിയ പട്ടിയെ ചെല്ലപ്പൻ കാലുമടക്കി തൊഴിക്കുന്ന രംഗം ഈയിടെ എന്റെ ജീവിതത്തിലും പുനർജ്ജനിച്ചു. ഒരു സെറ്റിൽ ഞാൻ സ്‌കൂട്ടറിൽ വരുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു. വഴിയിൽ ഒരു പട്ടി മുന്നിൽ പെട്ടു. ഒരു നിമിഷം, ഞാൻ സത്യൻ മാഷെ ഓർത്തു.. പട്ടിയെ കാലുമടക്കി അടിക്കട്ടെ എന്നു ചോദിച്ചു. പലർക്കും കാര്യം മനസിലായില്ല. പക്ഷേ, നടൻ സിദ്ദിഖ് അതു കേട്ട് പൊട്ടിച്ചിരിച്ചു. ആ നിമിഷം തന്നെ സിദ്ദിഖിന് അത് ക്ലിക് ചെയ്തു.

subscribe