ഒരു വ്യക്തിയുടെ ജീവിതം, അതു സ്ത്രീയായാലും പുരുഷനായാലും അവരുടെ ദിനചര്യകളെ ആശ്രയിച്ചിരിക്കും. ശാരീരിക, മാനസിക പിന്നെ സാമൂഹികവുമായ സന്തുലിതാവസ്ഥ, അതാണല്ലോ ആരോഗ്യം. ഇതിനെല്ലാം ഭംഗം വരുമ്പോഴാണ് ജീവിത ശൈലി രോഗങ്ങൾ ഉണ്ടാകുന്നത്. നിസാരവും വ്യാപകവുമായി കാണപ്പെടുന്ന അമിതവണ്ണത്തിൽ തുടങ്ങി പ്രമേഹം (DIABETES), രക്തസമ്മർദം (BP), ഹൃദ്രോഗങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ എന്നിവയിലൂടെ അർബുദം വരെ എത്തിക്കാൻ കഴിവുള്ള ഒരു കൂട്ടം രോഗങ്ങളാണിത്. ഈ രോഗാവസ്ഥകളെ നമുക്ക് ‘ജീവിതശൈലി രോഗങ്ങൾ’ എന്നു വിളിക്കാം.

ഒരു സമൂഹത്തിന്റെ എല്ലാ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും സ്ത്രീ വളരെയേറെ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ട്, ഇന്നത്തെ ആരോഗ്യ സംവിധാനത്തെത്തന്നെ വെല്ലുവിളിക്കുന്ന ഈ വിഭാഗം രോഗങ്ങളെക്കുറിച്ചു തികഞ്ഞ അവബോധവും അറിവും ഉണ്ടാകേണ്ടത് സ്ത്രീകൾക്കു പ്രത്യേകിച്ച് അനിവാര്യമാണ്. വളരെ ലളിതമായി പറഞ്ഞാൽ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇവയ്ക്കു കാരണം. അടുക്കളത്തോട്ടം മുതൽ അടുപ്പിൽ വരെ വന്ന പരിഷ്‌കാരങ്ങൾ തീൻമേശയിൽ എത്തിയപ്പോൾ അറിഞ്ഞോ അറിയാതെയോ വരുമാനത്തിന്റെ നല്ല ഒരു പങ്ക് ഇൻഷുറൻസ് പോളിസികൾക്കും പതിവ് ലാബ് പരിശോധനകൾക്കുമായി മാറ്റപ്പെട്ടത് എന്തോ നാം മനഃപൂർവം ശ്രദ്ധിക്കാതെ പോയി.

ഏതായാലും, തിരിഞ്ഞുനോട്ടം നടത്തി കാരണങ്ങൾ കണ്ടെത്തി ഒരു അവലോകനത്തിനു വിധേയമാക്കാം. ആദ്യം തന്നെ ‘YOU ARE WHAT YOU EAT’ എന്ന ചൊല്ല് മനസിലാക്കിയിട്ടു തുടങ്ങാം. നമ്മുടെ ഭക്ഷണരീതി, അതായത് അമിതവും അനാരോഗ്യകരവുമായിരിക്കുന്നു. ഫ്രിഡ്ജിൽ വച്ച ഭക്ഷണം അനാരോഗ്യകരമാണ്. ഹോട്ടലുകളിലെ ഭക്ഷണം പൂർണമായിട്ടല്ലെങ്കിലും കുറെയൊക്കെ ഒഴിവാക്കാറുണ്ടാകും. പക്ഷേ, പലപ്പോഴും ഹോട്ടൽ ഫുഡിന്റെ രുചിയെ വെല്ലാനായി അമിതമായ കൊഴുപ്പും ടേസ്റ്റ്‌മേക്കേഴ്‌സും ഉപയോഗിക്കുന്നില്ലേ? ഒഴിവുകഴിവ് സമർത്ഥമായി കണ്ടെത്താൻ കഴിവുള്ളവർ ആയതുകൊണ്ടു സ്ഥിരം പല്ലവി കേൾക്കാം, ‘കുട്ടികൾ അതേ കഴിക്കൂ…’ ഇത്തരം ശീലങ്ങൾ കുട്ടികളിൽ വരുത്തിതീർത്തത് അമ്മയല്ലാതെ മറ്റാരാണ്.

subscribe