ഒരു പൊട്ടിപെണ്ണാണ് സ്‌നേഹലത. ഒട്ടും പക്വതയില്ല. പിടിവാശിയുള്ള, പെട്ടെന്നു സന്തോഷവും സങ്കടവും ദേഷ്യവുമൊക്കെ വരുന്നൊരു കഥാപാത്രം. കൈരളിയിലെ ഉള്ളതുപറഞ്ഞാൽ എന്ന സീരിയലിലെ സ്‌നേഹലതയായി എത്തുന്നത് അപ്‌സരയാണ്. ‘ ഞാനും സ്‌നേഹലതയെപ്പോലെയാണെന്നാ എല്ലാരും പറയുന്നത്. ഒട്ടും പക്വതയില്ല. ഇനിയെങ്കിലും കുറച്ചുപക്വതയൊക്കെ വേണമെന്നു വിചാരിച്ച് കുറച്ചുദിവസം മസിലുപിടിച്ചിരിക്കും. പിന്നീട് വീണ്ടും പഴയ പോലാവും. വാങ്ങാൻ പറ്റുമായിരുന്നെങ്കിൽ കുറച്ചു പക്വത വാങ്ങാമായിരുന്നു ചേട്ടാ…’ കണ്ണുകളിലും കവിളുകളിലും കുസൃതി ഒളിപ്പിച്ച് അപ്‌സര പൊട്ടിച്ചിരിച്ചു. നാൽപ്പത്തിയൊൻപത് തവണ പി.എസ്.സി പരീക്ഷ എഴുതി പരാജയപ്പെട്ട സ്‌നേഹലതയെ തേടി ഒടുവിൽ ഒരു അവാർഡ് എത്തി. മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്. സ്‌നേഹലതയെപ്പോലെ അപ്‌സര ബോധം കെട്ടുവീണില്ലെന്നേയുള്ളൂ. അപ്പോൾ ബഡായി പറച്ചിലാണ് അപ്‌സരയുടെ ജോലി. അതെ, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിൽ പുതിയ വാടകക്കാരിയാണ് അപ്‌സര.

  • ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ

പ്ലസ് ടു കഴിഞ്ഞ് വെറുതെ നിൽക്കുന്ന സമയത്താണ് ഫോട്ടോഗ്രാഫർ ഗിരീഷ് അമ്പാടി സാർ എന്നെ കാണുന്നതും കുറച്ചുഫോട്ടോകളെടുക്കുന്നതും. ഒരു പ്രസിദ്ധീകരണത്തിൽ അത് കവറായി. അതായിരുന്നു തുടക്കം. പിന്നീടാണ് സീരിയലിൽ അവസരം കിട്ടിയത്. ആദ്യ സീരിയൽ അമ്മ. ആദിത്യൻ സാർ ആയിരുന്നു ഡയറക്ടർ. അതിൽ ശ്രുതി എന്നൊരു കഥാപാത്രമാണ് ചെയ്തത്. ക്യാമറയ്ക്കു മുന്നിൽ എങ്ങനെയാണ് നിൽക്കേണ്ടത്. ഡയലോഗ് പ്രസന്റ് ചെയ്യേണ്ടത് എങ്ങനെയാണ് എന്നൊന്നും അറിയില്ല. കുമരകം രഘുനാഥ് അങ്കിൾ, ബീന ആന്റണി ചേച്ചി അങ്ങനെ മറ്റുള്ളവരെല്ലാം സീനിയർ ആർട്ടിസ്റ്റുകളാണ്. എനിക്കു ഭയങ്കര ടെൻഷനായിരുന്നു. ഫസ്റ്റ് ഷോട്ട് കുമരകം രഘുനാഥ് അങ്കിളിനൊപ്പമായിരുന്നു. ഞാൻ റോഡ് ക്രോസ് ചെയ്യുമ്പോൾ പുള്ളിയുടെ കാർ എന്നെ ഇടിക്കുന്നതാണ് സീൻ. ഞാൻ റോഡിൽ വീഴുമ്പോൾ അങ്കിൾ വന്നെന്നെ പിടിച്ചെഴുന്നേൽപ്പിക്കും. കാർ ശരിക്കും ഇടിക്കുമോ, വീഴുന്നത് ശരിയാവുമോ. അങ്ങനെ പല ടെൻഷനായിരുന്നു. ചെയ്തുകഴിഞ്ഞപ്പോൾ, മോൾ നന്നായിട്ട് ചെയ്തു, ഐശ്യര്യമുള്ള തുടക്കമാവും, ഉയരങ്ങൾ എത്തും എന്നൊക്കെ രഘു അങ്കിൾ പറഞ്ഞു.

subscribe