ഹാസ്യനടനായും സ്വഭാവനടനായും മലയാളികളുടെ മനസു കീഴടക്കിയ താരമാണ് ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സുരാജ് വെഞ്ഞാറമൂട്. ജഗതി ശ്രീകുമാറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോമഡി ആർട്ടിസ്റ്റായാണ് സുരാജിനെ വിലയിരുത്തപ്പെടന്നത്. അവതരിപ്പിച്ച വേഷങ്ങളെല്ലാം ചിരിയുടെ പൂരമായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആക്ഷൻ ഹീറോ ബിജു, ഒരു യമണ്ടൻ പ്രേമ കഥ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നതായിരുന്നു. തിരുവനന്തപുരത്തെ വെഞ്ഞാറമൂട് ജനിച്ച്, തന്റെ നർമത്തിലൂടെ മലയാളക്കാരയെ സ്വന്തമാക്കിയ സുരാജിന്റെ വിശേഷങ്ങൾ

  • ചിരിയുടെ രസക്കൂട്ടുകൾ

കരയിപ്പിക്കാൻ എളുപ്പമാണ്, ഒരാളെ ചിരിപ്പിക്കാനാണ് പ്രയാസം. ചിരിയുടെ രസക്കൂട്ടുകൾ ഇതൊക്കെയായിരിക്കണം എന്നൊന്നും മുൻകൂട്ടി നിർവചിക്കാനാവില്ല. ഷൂട്ടിങ് സമയത്തും ഡബ്ബിങ് സമയത്തും തിയേറ്ററിൽ വൻ കൈയടി ലഭിക്കുമെന്നു കരുതിയ പല സീനുകളും വലിയ ചലനങ്ങൾ സൃഷ്ടിക്കാതെ ആവറേജ് ആയി കടന്നുപോകും. പലപ്പോഴും, നമ്മൾ പ്രതീക്ഷിക്കാത്ത സീനുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ആസ്വദിക്കുകയും ചെയ്യും. തിയേറ്ററുകളിൽ ജനം കൈയടിക്കുന്ന സീനുകൾ മുൻകൂട്ടി പ്രവചിക്കാനാവില്ലല്ലോ.
സിനിമയിൽ സിറ്റുവേഷനനുസരിച്ചാണ് കോമഡി ഉണ്ടാകുന്നത്. കോമഡിക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്താൽ ചിലപ്പോൾ അത് ഫലിക്കാതെ വരും അല്ലെങ്കിൽ ഹാസ്യം അസ്ഥാനത്തായിപ്പോകും. സ്‌റ്റേജ് ഷോയിലാണെങ്കിൽ അതിന്റെ റിസൽറ്റ് അപ്പോൾത്തന്നെ അറിയാം. സിനിമയിൽ അതു പറ്റില്ലല്ലോ. സ്‌റ്റേജിലായാലും സിനിമയിലായാലും ആർട്ടിസ്റ്റിന്റെ സംഭാവനകൾ ഉണ്ടാകും. എന്നെ സംബന്ധിച്ച് സ്‌ക്രിപ്റ്റിൽ ഇല്ലാത്തതൊക്കെ ഡയറക്ടറുടെ അനുവാദത്തോടെ ചിത്രീകരണ സമയത്തും ഡബ്ബിങ് സമയത്തും കൂട്ടിച്ചേർക്കാറുണ്ട്.
അറബിക്കഥ എന്ന സിനിമയിൽ അത്തരമൊരു സീനുണ്ട്. ഞാനും ശ്രീനിയേട്ടനും നോമ്പുതുറ സമയത്ത് ഒരു പള്ളിയിൽ എത്തുന്ന സീനുണ്ട്. ഞങ്ങൾ നോമ്പുപിടിച്ചവരല്ല കഥയിൽ. വിശപ്പാണ് പ്രശ്‌നം. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെയാണ് അവിടെ എത്തുന്നത്. വയറു നിറയെ കഴിച്ചതിനു ശേഷം കൈയിൽ കരുതിയിരുന്ന കവറിൽ പഴങ്ങൾ നിറച്ചുകൊണ്ടു പുറത്തേക്കിറങ്ങുന്നു. അപ്പോൾ പറയുന്ന, ”കവറു കൊണ്ടുവന്നത് മോശയാവോ ആവോ.. നാളെ മുതൽ ചാക്ക് എടുത്തോണ്ടു വരാം… ” എന്ന ഡയലോഗ് സ്‌ക്രിപ്റ്റിൽ ഇല്ലായിരുന്നു. ഡബ്ബിങ് സമയത്ത് കൈയിൽ നിന്നിട്ടതാണ്. തിയേറ്ററിൽ വലിയ കൈയടി കിട്ടിയ രംഗമായി മാറി.

  • കോംപിനേഷനുകൾ

ചില ആർട്ടിസ്റ്റുകളോടൊത്തുള്ള കോംപിനേഷനുകൾ ഇംപ്രവൈസേഷൻ ഉണ്ടാക്കും. അതു സിനിമയ്ക്കു ഗുണം ചെയ്യും. ദിലീപ്, ഹരിശ്രീ അശോകൻ, സലിംകുമാർ തുടങ്ങിയവരോടൊപ്പമുള്ള സീനുകൾ ഇംപ്രവൈസേഷനിലൂടെ കൂടുതൽ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത റിസൽറ്റ് സീനിനുണ്ടാകും. കാര്യസ്ഥൻ, മിസ്റ്റർ മരുമകൻ, ലൈഫ് ഓഫ് ജോസൂട്ടി, ടു കൺട്രീസ്, ഏഴു സുന്ദര രാത്രികൾ അങ്ങനെ പേരെടുത്തു പറഞ്ഞാൽ ഒരുപാടു ചിത്രങ്ങളുണ്ട് ദിലീപേട്ടനോടൊപ്പം. ടൈമിങ്ങും കൗണ്ടറും കറക്ടാകുമ്പോൾ കോമഡി വർക്കൗട്ട് ആകും. എന്നെ സംബന്ധിച്ചടത്തോളം നന്നായി പെർഫോം ചെയ്യാൻ പറ്റും. എക്‌സ്പീരിയൻസ് ആയ ആർട്ടിസ്റ്റുകളോടൊപ്പം അഭിനയിക്കുമ്പോൾ കോമഡി രംഗങ്ങൾ മാത്രമല്ല, സിനിമയുടെ ടോട്ടാലിറ്റിയും നന്നാകും.

  • ഇഷ്ടം കോമഡി

കോമഡി ചെയ്യാനാണ് എന്നും ഇഷ്ടം. ഒരു സിറ്റുവേഷൻ കിട്ടിയാൽ, എങ്ങനെയെല്ലാം ഇംപ്രവൈസ് ചെയ്യാം. എന്തെല്ലാം കൂട്ടിച്ചേർക്കാം അങ്ങനെയുള്ള ശ്രമങ്ങൾ ചെയ്യാറുണ്ട്. അതിനർത്ഥം, ക്യാരക്ടർ റോളുകൾ ചെയ്യില്ല എന്നല്ല. മികച്ച വേഷങ്ങൾ ചെയ്യാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. കുറേക്കാലം കോമഡി വേഷങ്ങൾ ചെയ്ത്, എന്തെങ്കിലും ഒരു ചെയ്ഞ്ച് വേണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ‘പേരറിയാത്തവർ’ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് (2013) ലഭിച്ചു. നിരവിധ ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു.
ഒരാളെ ചിരിപ്പിക്കാനാണ് ഏറ്റവും പ്രയാസം. നമ്മുടെ ജീവിത സാഹചര്യങ്ങൾ മാറിയിരിക്കുന്നു. ഫാസ്റ്റ് ലൈഫ് കാലമാണിത്. ഇതിനിടയിൽ സിനിമ കാണാനോ, മറ്റ് കലാരൂപങ്ങൾ കാണാനോ അധികനേരം ആർക്കും കിട്ടിയെന്നു വരില്ല. എല്ലാവരുടെയും പ്രശ്‌നം അതിയായ തിരക്കുകളും സ്ട്രസുമാണ്. ആളുകളെ അതിൽ നിന്ന് റിലീസ് ചെയ്യിപ്പിക്കണമെങ്കിൽ വലിയ പ്രയത്‌നം ആവശ്യമാണ്. തിയേറ്ററുകളിൽ എത്തുന്നവരാണെങ്കിലും വൈകിട്ട് ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ടി.വി കാണാനിരിക്കുന്നവരാണെങ്കിലും അവർക്കിടയിലേക്ക് കോമഡിയുമായി ഇറങ്ങിച്ചെല്ലുമ്പോൾ നമ്മൾ നന്നായി വർക്ക് ചെയ്യേണ്ടതുണ്ട്. ഒരു വിഷയം കൊണ്ടുവരിക, അതിനുള്ള സിറ്റുവേഷൻ കൊണ്ടുവരിക, സ്‌കിറ്റ് ആക്കുക അതെല്ലാം വളരെ പ്രയാസമേറിയതാണ്. പ്രേക്ഷകരുടെ ഇഷ്ടം കൂടി നാം കണക്കിലെടുക്കണം. പ്രേക്ഷകൻ എല്ലാം മറന്നു ചിരിച്ചാൽ അതു ഒരു കൊമേഡിയന്റെ വിജയമാണ്.

subscribe