മഹീന്ദ്ര മറാസോ മൾട്ടി പർപ്പസ് വാഹനം ഉപഭോക്താക്കളുടെ മനം കീഴടക്കി. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളിൽ ഓൾ-ന്യൂ മഹീന്ദ്ര മറാസോ എംപിവി ലഭിക്കുക. 9.99 ലക്ഷം രൂപ മുതൽ 13.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില. മഹീന്ദ്രയുടെ പൂർണമായും പുതിയ മോഡലാണ് മറാസോ. മഹീന്ദ്രയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലും ഇനി മറാസോ തന്നെ. എംപിവി സെഗ്‌മെന്റിൽ ലീഡറായി വിലസുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്‌സ എന്നിവയാണ് മഹീന്ദ്ര മറാസോയുടെ എതിരാളികൾ. മാരുതി സുസുകി എർട്ടിഗയും ഒന്നു കരുതിയിരിക്കുന്നത് നന്ന്.

പുതിയ 1.5 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എൻജിനാണ് മഹീന്ദ്ര മറാസോ മൾട്ടി പർപ്പസ് വാഹനത്തിന് കരുത്തേകുന്നത്. 120 ബിഎച്ച്പി പരമാവധി പവറും 300 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും വിധം എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നു. എൻജിനുമായി 6 സ്പീഡ് മാന്വൽ ഗിയർബോക്‌സ് ചേർത്തുവച്ചു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനെക്കുറിച്ച് തത്ക്കാലം മഹീന്ദ്ര ഒന്നും പറയുന്നില്ല. മറാസോയുടെ പെട്രോൾ എൻജിൻ വേർഷന്റെ പണിപ്പുരയിലാണ് മഹീന്ദ്ര. പിന്നീട് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

മഹീന്ദ്ര വാഹനങ്ങളിൽ ഏറ്റവുമധികം ഫൂട്ട്പ്രിന്റുള്ള മോഡലാണ് മറാസോ. വലിയ അളവുകളും അഗ്രസീവ് സ്‌റ്റൈലിംഗുമാണ് മറാസോയുടെ പ്രത്യേകത. സ്രാവിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് മഹീന്ദ്ര മറാസോയുടെ സ്റ്റൈലിങ്. സ്റ്റൈലിഷ് എന്ന് വിശേഷിപ്പിക്കാവുന്ന ക്രോം ടൂത്ത് ഗ്രിൽ, പൈലറ്റ് ലൈറ്റുകൾ സഹിതം ഡബിൾ ബാരൽ ഹെഡ്‌ലാംപുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, കണ്ണിന്റെ ആകൃതിയുള്ള ഫോഗ് ലാംപുകൾ എന്നിവ മൾട്ടി പർപ്പസ് വാഹനത്തിന്റെ വിശേഷങ്ങളാണ്. 17 ഇഞ്ച് അലോയ് വീലുകൾ, വലിയ പുറം കണ്ണാടികൾ, സ്രാവിന്റെ വാലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ടെയ്ൽലാംപുകൾ, ടെയ്ൽലാംപുകളെ ബന്ധിപ്പിച്ച് തടിച്ച ക്രോം സ്ലാറ്റ് എന്നിവയും ഫീച്ചറുകൾ തന്നെ.

subscribe