വെളുത്ത തൊപ്പിയും കറുത്ത കണ്ണടയും ക്രീം കളർ ഫുൾ സ്ലീവ് ഷർട്ടും തന്റെ പാർട്ടി പതാകയിലെ നിറങ്ങൾ കരയായ മുണ്ടും ധരിച്ച്, കൈയിൽ ഒരു കർച്ചീഫുമായി ആ മഹാപ്രതിഭ ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോവിലേക്കു കടന്നു വന്നു. എന്നെ കിടിലം കൊള്ളിച്ചുകൊണ്ട് അദ്ദേഹം കൺമുന്നിലൂടെ കടന്നുപോയി. ആ കാഴ്ച, 30 വർഷങ്ങൾക്ക് മുമ്പ് മനസിൽ നിറച്ച ആഹ്ലാദത്തിരകൾ ഇന്നും ഒടുങ്ങിയിട്ടില്ല.

അതെ, എം.ജി.ആർ. എന്ന അതുല്യ നടനെ ഓർക്കുമ്പോഴെല്ലാം ആ അനുഭവം എന്നിൽ അലതല്ലിയെത്താറുണ്ട്. ചെറുപ്പത്തിൽ കണ്ട എം.ജി.ആർ സിനിമകളിലെ തീപ്പൊരി ചിതറുന്ന ആക്ഷൻ രംഗങ്ങളും ആവേശം നിറയ്ക്കുന്ന സംഭാഷണങ്ങളും ദൃശ്യസുരഭിലമായ ഗാനരംഗങ്ങളുമാണ് ആ കാഴ്ച എന്നിൽ നിറച്ചത്. നടിമാരായ അംബിക-രാധ സഹോദരിമാർ ചേർന്ന് നിർമിച്ച്, ഞാൻ നായകനായി അഭിനയിച്ച ‘അയിത്തം’ എന്ന സിനിമയുടെ പൂജയ്ക്കായാണ് അനാരോഗ്യം പോലും വക വയ്ക്കാതെ എം.ജി.ആർ. അന്ന് അവിടെയെത്തിയത്. പൊതുപരിപാടികൾക്കോ സിനിമാസംബന്ധമായ ചടങ്ങുകൾക്കോ അദ്ദേഹം പങ്കെടുക്കുന്ന സമയമായിരുന്നില്ല അത്. അംബികയുടെയും രാധയുടെയും അമ്മ സരസമ്മയുമായുള്ള സ്‌നേഹബന്ധമാകാം ആ ചടങ്ങിന് ഭദ്രദീപം കൊളുത്താൻ എം.ജി.ആറിനെ പ്രേരിപ്പിച്ചത്.

അത്ഭുതാദരങ്ങളോടെ അന്ന് ഞാൻ എം.ജി.ആറിനെ നോക്കിക്കണ്ടു. അത്യാകർഷണീയമായ വേഷവും ആകാരവും. എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ദേഹത്ത് തട്ടി പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു, ‘മോഹൻലാലിനെ എനിക്കറിയാം’. സംസാരിക്കാൻ ഏറെ പ്രയാസമുള്ള അവസ്ഥയിലും അദ്ദേഹം എന്നോടു ചോദിച്ചു, ‘എപ്പം കല്യാണം?’ എനിയ്‌ക്കൊന്നും മനസിലായില്ല. സരസമ്മയാണ് പിന്നീട് വിശദീകരിച്ചു തന്നത്. നടൻ എന്നതിലപ്പുറം, ബാലാജിയുടെ മകളെ വിവാഹം കഴിക്കാൻ പോകുന്ന ആൾ എന്ന നിലയിൽ എം.ജി.ആർ. എന്നെ മനസിലാക്കിയിരുന്നു. അതാണ് എപ്പോഴാണ് കല്യാണം എന്നു ചോദിച്ചത്. പിരിയാൻ നേരം തൊഴുകൈകളോടെ ഏവർക്കും ആശംസകൾ നേർന്ന് കടന്നുപോയ ആ സാന്നിധ്യം പകർന്ന അനുഭൂതി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ആക്ടർ എന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ച ആളാണ് എം.ജി.ആർ. കുട്ടിക്കാലത്ത് തോന്നിയ ആ ഇഷ്ടം ഇന്നും എന്നിലുണ്ട്. ഫൈറ്റും ഡാൻസും പാട്ടുമൊക്കെയായി വളരെ കളർഫുൾ ആയ എന്റർടൈയ്‌നറുകളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ശിവാജി ഗണേശൻ സാറിന്റെ സിനിമകളേക്കാൾ കൂടുതൽ ഞാൻ കണ്ടിട്ടുള്ളത് എം.ജി.ആർ സിനിമകളാണ്. തിരുവനന്തപുരം ശക്തി, ശ്രീകുമാർ തിയേറ്ററുകളിൽ നിന്നും കണ്ട എം.ജി.ആർ ചിത്രങ്ങൾ എന്റെ ബാലമനസിലും തീപ്പൊരി വിതറി. ‘ഉലകം ചുറ്റും വാലിബൻ’, ‘റിക്ഷാക്കാരൻ’, ‘ഒളിവിളക്ക്’, ‘അടിമൈപ്പെൺ’, ‘ഇദയക്കനി’, ‘നാളെ നമതേ’, ‘മധുരൈ മീണ്ട സുന്ദര പാണ്ഡ്യൻ’, ‘നവരത്‌നം’, ‘പട്ടിക്കാട്ടു പൊന്നയ്യ’, ‘നേരും നെരിപ്പും’, ‘തലൈവൻ’, ‘മാട്ടുക്കാര വേലൻ’, ‘നാൻ ആണയിട്ടാൽ’, ‘തൊഴിലാളി’, ‘വേട്ടക്കാരൻ’, ‘വ്യവസായി’ തുടങ്ങി ഒട്ടനവധി എം.ജി.ആർ. ചിത്രങ്ങൾ ആ കാലത്തെ എന്റെ സിനിമാ സ്വപ്‌നങ്ങളെ ചൂടുപിടിപ്പിച്ചു. മാജിക്ക് കാണുന്നതുപോലെ ആസ്വദിക്കാൻ കഴിയുന്നവയായിരുന്നു ആ സിനിമകളെല്ലാം. ഒരിക്കലും മലയാളത്തിൽ കാണാൻ കഴിയാത്ത ആക്ഷൻ സീക്വൻസുകളും ഗാനചിത്രീകരണങ്ങളുമായിരുന്നു എം.ജി.ആർ സിനിമകൾ പകർന്നു നൽകിയത്. കമ്പ് വച്ചുള്ള അടിയും ഉശിരൻ വാൾപ്പയറ്റും തിയറ്ററുകളെ ഇളക്കിമറിച്ച ആ കാലം മനസിലിപ്പോഴും ആവേശം നിറയ്ക്കുന്നുണ്ട്.

എം.ജി.ആർ വളരെ അഡ്വാൻസ്ഡ് ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേക ഡ്രസുകളാണ് സിനിമയിൽ അദ്ദേഹം ഉപയോഗിച്ചിരുന്നത്. ചുവന്ന പാന്റും പച്ച ഷർട്ടുമൊക്കെ! ഇന്നത് ഫാഷനാണെങ്കിൽ വർഷങ്ങൾക്കുമുമ്പേ അതുപയോഗിച്ച നടനാണ് എം.ജി.ആർ. ഒരു സിനിമയിൽ വെറുതേ പോയി അഭിനയിക്കില്ല അദ്ദേഹം. കഥ കേട്ടശേഷം ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കും. പാട്ടിലും ഫൈറ്റിലുമെല്ലാം ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകും. വെള്ളത്തിനടിയിൽ ഗാനരംഗം ചിത്രീകരിക്കുക, ജപ്പാനിലും അമേരിക്കയിലും പോയി ഷൂട്ട് ചെയ്യുക. ഇങ്ങനെ വളരെ അഡ്വാൻസ്ഡ് ആയി ചിന്തിച്ചു അദ്ദേഹം.
ജീവിതത്തിലെ പരുക്കൻ അനുഭവങ്ങളെ സർഗാത്മകമായി മറികടക്കാനുള്ള സമരമായിരുന്നു എംജിആറിന്റെ ജീവിതം.

subscribe