ഉയരെ കണ്ടു. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമയ്ക്ക് നിർബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു. മനു അശോകൻ ഒരു വലിയ പ്രതീക്ഷയാണ്…’
സംവിധായകൻ സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചതാണിത്. പാർവതിയും ആസിഫലിയും ടൊവിനോയും മുഖ്യവേഷത്തിലെത്തിയ ‘ഉയരെ’ ഉയരങ്ങൾ കീഴടക്കുമ്പോൾ സംവിധായകൻ മനു അശോകൻ സംസാരിക്കുന്നു.

  • സിനിമ എന്ന സ്വപ്നം

പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് സിനിമ സ്വപ്‌നമായി മനസിൽ കയറിയത്. എങ്ങനെയും സിനിമയിൽ എത്തണമെന്ന ചിന്തയായിരുന്നു. ഒരിക്കൽ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദിനെ പരിചയപ്പെട്ടു. സിനിമാമോഹം അദ്ദേഹത്തെ അറിയിച്ചു. വിഷ്വൽ മീഡിയയെപ്പറ്റി പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അങ്ങനെയാണ് കാക്കനാട്ടെ സ്‌കൂൾ ഒഫ് വിഷ്വൽ സ്റ്റഡീസിൽ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ ചെയ്തത്. പിന്നീട് കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് തിയേറ്ററിൽ ബിരുദാനന്തരബിരുദവും നേടി.

  • നാടകം നൽകിയ കോൺഫിഡൻസ്

പഠനകാലത്ത് കലാപ്രവർത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. തെരുവുനാടകങ്ങളിലൂടെയാണ് ഞാൻ കലാരംഗത്തേക്കുവരുന്നത്. നാടകം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ കോഴിക്കോട്ടുകാരനാണ്. നാടകത്തെ പിന്തുണക്കുന്ന നാടാണ് കോഴിക്കോട്. അന്നത്തെ കലാപ്രവർത്തനങ്ങളാണ് എന്റെ കൈമുതലും ആത്മവിശ്വാസവും. ആക്ഷനും കട്ടും പറയൽ മാത്രമല്ല സിനിമാസംവിധാനം. നിരവധി പേരെ ഒരുമിപ്പിച്ചുനിർത്തുകയാണ് സംവിധായകൻ എന്ന നിലയിൽ എന്റെ പ്രധാന വെല്ലുവിളി. അതിനുള്ള ആത്മവിശ്വാസം ലഭിച്ചത് നാടകത്തിൽ നിന്നാണ്.

  • എന്നെ സിനിമയിലെടുത്തു

2007 ൽ അന്തിപ്പൊൻവെട്ടം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. സിനിമ പഠിക്കുക മാത്രമായിരുന്നു ലക്ഷ്യം. പിന്നീടാണ് ദിലീഷ് പോത്തനെ പരിചയപ്പെട്ടത്. സംവിധായകൻ നന്ദകുമാർ കാവിലിനൊപ്പവും പ്രവർത്തിച്ചു. അങ്ങനെ ഒരുപാടുനാളത്തെ അലച്ചിലിനൊടുവിൽ ഞാൻ എന്റെ റൂട്ടിൽ എത്തി. രാജേഷ് പിള്ളയുടെ സംവിധാനസഹായിയായി എത്തിയതാണ് വഴിത്തിരിവായത്. ഇരുപതോളം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

subscribe