ഇടുക്കി എന്ന പേരു കേൾക്കുമ്പോൾ, മനസിലേക്ക് ഒടിയെത്തുക കണ്ണിനു കുളിർമയേകുന്ന പച്ചപ്പും കോടമഞ്ഞിറങ്ങുന്ന താഴ്‌വാരങ്ങളും തേയിലച്ചെടികളും കാടും മേടും കുന്നും പുഴകളും കാട്ടരുവിയും അവയിൽ വിഹരിക്കുന്ന വന്യമൃഗങ്ങളുമൊക്കെയാണ്. ഇടുക്കിക്കു പെരുവിരൽ മുതൽ നെറുകു വരെ കാഴ്ചകൾ ആണ്. ദിനവും പുതിയ പുതിയ കാഴ്ചകളുമായി സഞ്ചാരികളെ അവൾ മാടിവിളിക്കും. ഇത്തവണ യാത്ര വണ്ണപ്പുറം അടുത്തുള്ള കോട്ടപ്പാറ എന്ന സ്ഥലത്തേക്കാണ്. വീട്ടിൽ നിന്ന് 13 കിലോമീറ്റർ ദൂരമേയൊള്ളൂ കോട്ടപ്പാറയ്ക്ക്. പലവട്ടം കോട്ടപ്പാറവഴി സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അത്ഭുതം അവിടെയുണ്ടായിരുന്നതായി അറിയില്ലായിരുന്നു. എന്തിന് ഏറെപ്പറയണം ആ നാട്ടുകാർക്ക് പോലും അതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

പിന്നെയെങ്ങനെ പുറംലോകം അറിഞ്ഞു എന്നതിനെക്കുറിച്ച് ഒരുപിടിയുമില്ല. പക്ഷേ കാട്ടുതീ പടരുന്നതിലും വേഗത്തിലാണ് ആ വാർത്ത പടർന്നതും സന്ദർശകരുടെ കുത്തൊഴുക്ക് തുടങ്ങിയതും. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് സീനിയറായി പഠിച്ച ഫെലിക്‌സ് ആണ് ആദ്യമായി ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത്. അവിടെ പോയതിന്റെ ചിത്രങ്ങൾ വാട്‌സ്ആപ് വഴി അയച്ചുതരുകയും ചെയ്തു. അവൻ അയച്ചു തന്ന ചിത്രങ്ങൾ കണ്ടപ്പോൾ ആദ്യം വിചാരിച്ചത് പറ്റിക്കുന്നതാണെന്നാണ്. കാരണം, മൂന്നാർ പോലെ വളരെ ഉയരത്തിലുള്ള ഇടങ്ങളിൽ മാത്രമാണ് ഈ കാഴ്ച കണ്ടിട്ടുള്ളൂ. വണ്ണപ്പുറം പോലെയുള്ള താഴ്ന്ന പ്രദേശത്തുള്ള കുന്നിൻ മുകളിൽ കയറിയാൽ മേഘങ്ങളെ കീഴടക്കാമെന്ന് സ്വപ്‌നത്തിൽ പോലും ആരും വിചാരിക്കില്ല. ആദ്യം ചിരിച്ചു തള്ളിയെങ്കിലും ഫെലിക്‌സ് എന്നെ വിടാൻ ലക്ഷണമില്ലായിരുന്നു. നീ ഒരു ബ്ലോഗ് ചെയ്യണം ഇത് പുറംലോകം അറിയണം എന്നൊക്കെയായിരുന്നു അവന്റെ ആഗ്രഹങ്ങൾ. ഫെലിക്‌സിനെ വിശ്വസിച്ച് ലീവ് എടുത്ത് തലേദിവസം രാത്രി വീട്ടിലെത്തി. രാവിലെ ആറുമണിക്ക് എത്തിയാലെ കാണുകയുള്ളൂ എട്ടുമണിയോടെ മേഘങ്ങൾ മാഞ്ഞുപോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പാറു വിട്ടീൽ ഇല്ലാത്തതുകൊണ്ട് തലേദിവസം നാട്ടിലെ ചാങ്കുകളെ കോട്ടപ്പാറയിലേക്ക് പോകുന്ന കാര്യം പറഞ്ഞ് വിളിച്ചെങ്കിലും രാവിലെ എഴുന്നേൽക്കുന്ന കാര്യമോർത്ത് എല്ലാവരും പിൻവാങ്ങി. എന്നാൽ അലക്‌സ് മാത്രം ഞാൻ ആയച്ചുകൊടുത്ത ഫോട്ടോസിൽ വീണു.

രാവിലെ 5.30-ന് കാർ സ്റ്റാർട്ട് ചെയ്യുന്നത് കണ്ട് അമ്മ വിചാരിച്ചു ഞാൻ രാവിലെ തന്നെ മുങ്ങുവായിരിക്കുമെന്ന്, പതിവ് അതായതുകൊണ്ട് അമ്മയെയും തെറ്റുപറയാൻ പറ്റില്ല. എങ്ങോട്ടു പോകാനാണെങ്കിലും ഫുഡ് കഴിച്ചിട്ട് പോയാൽ മതിയെന്നായി അമ്മ. ഫോട്ടോസ് കണിച്ചിട്ട് വണ്ണപ്പുറം വരെയൊള്ളൂ ഇപ്പം വരാം എന്നു പറഞ്ഞപ്പോൾ ഇത് മൂന്നാർ അല്ലേ അപ്പോൾ നീ മൂന്നാറിനാണോ പോകുന്നതെന്ന് അമ്മ. ഇതിനിടെ അലക്‌സിന്റെ കോൾ വന്നത് രക്ഷയായി. രാവിലെ തന്നെ വഴിയിൽ നല്ല മഞ്ഞുണ്ട്. റോഡിലൊന്നും ആരെയും കാണുന്നില്ല. സാധാരണ നടക്കാനും ഓടാനും ഒക്കെയായി ധാരളം ആളുകളെ കാണുന്നതാണ്. ഒരു പക്ഷേ തണുപ്പായതുകൊണ്ട് താമസിച്ചാകും എഴുന്നേൽക്കുന്നത്. വഴിയിൽ നിന്ന് അലക്‌സിനെയും കൂട്ടി കോട്ടപ്പാറക്ക് അടുത്ത ഗിയർ ഇട്ടു. ഫെലിക്‌സിനെ വിളിച്ചപ്പോൾ പുറകെയെത്തിക്കൊള്ളാമെന്ന് അറിയിച്ചു. പോകുന്ന വഴിയിലാണ് സുഹൃത്ത് ഫൈസലിന്റെ വീട്. വണ്ണപ്പുറത്ത് എത്തിയപ്പോൾ നേരെ ഫൈസലിന്റെ ഭാര്യ പാത്തുവിനെ വിളിച്ച് അവൻ വീട്ടിൽ ഉണ്ടോയെന്ന് തിരക്കി. ഇക്ക കടയിലേക്കു പോകുവാൻ റെഡിയായി നിൽക്കുവാന്ന് പാത്തു. ഫൈസലിനെ നേരിട്ടു വിളിച്ചാൽ മുങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് പാത്തുനെ വിളിച്ചത്. ഏതായാലും അവന് മുങ്ങുവാനുള്ള സമയം കൊടുക്കാതെ ഞങ്ങൾ അവനെ പൊക്കി.