* വിഷു വിഷുദിനങ്ങള്‍ കണിക്കൊന്ന പൂക്കളുടെ കാലമാണ്. കണിക്കൊന്നകള്‍ പൂത്തുനില്‍ക്കുന്നതു കാണുന്നതുതന്നെ മനസിനു കുളിര്‍മയാണ്. കണിക്കൊന്ന ഐശ്വര്യത്തിന്‍റെ പ്രതീകമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂവും കണിക്കൊന്നയാണ്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എന്‍റെ വിഷു ഓര്‍മകള്‍ അയല്‍ക്കാരുടെ ആഘോഷങ്ങളാണ്. അവരുടെ വീട്ടില്‍ പോകും. സദ്യയും പായസുമെല്ലാം കഴിക്കും. ഹിന്ദു കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോള്‍, അവിടെ വിഷുക്കണി ഒരുക്കിവച്ചിരിക്കുന്നതു കാണുമ്പോള്‍ ഉള്ളില്‍ ഒരു പോസിറ്റീവ് എനര്‍ജി തോന്നും. കുട്ടിക്കാലത്ത് ചാച്ചന്‍ വിഷുക്കൈനീട്ടം തരുമായിരുന്നു. നാട്ടുശീലങ്ങളില്‍ കണ്ടിട്ടാകാം, ചാച്ചനും ഞങ്ങള്‍ കുട്ടികള്‍ക്ക് കൈനീട്ടം തരും. വിഷു, ഓണം, ക്രിസ്മസ് പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളൊക്കെ വരുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടും. അതെല്ലാം സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും വലിയ കൂടിച്ചേരലുകളാണ്. ഇപ്പോള്‍, ആഘോഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലാണല്ലോ. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. പഴമയെയും പാരമ്പര്യങ്ങളെയും വിട്ടുകളയരുതെന്നാണ് എന്‍റെ അഭിപ്രായം. * സോഷ്യല്‍ മീഡിയ സോഷ്യല്‍ മീഡിയയുടെ അതിരുകടന്ന ഉപയോഗം കുടുംബാംഗങ്ങള്‍ക്കിടയില്‍ പോലും അകല്‍ച്ച ഉണ്ടാക്കുന്നുണ്ട്. ഇക്കാലത്ത് എല്ലാവരും ഉറക്കമുണരുന്നതേ സോഷ്യല്‍ മീഡിയയിലേക്കാണ്. അകലെയിരിക്കുന്നവര്‍ക്ക് ഗുഡ്മോണിങ് വിഷസ് അയയ്ക്കുന്നതൊക്കെ തെറ്റില്ല. പക്ഷേ, വീട്ടിലുള്ള അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും ഗുഡ്മോണിങ് പറയാതെ മറ്റുള്ളവരോടു ചാറ്റ് ചെയ്തിട്ട് എന്തു കിട്ടാന്‍. റസ്റ്റോറന്‍റില്‍ ഒരു ഫാമിലി ഭക്ഷണം കഴിക്കാന്‍ വന്നാല്‍ മാതാപിതാക്കളുടെ മക്കളുടെയും കൈയില്‍ കാണും ഫോണ്‍. കുടുംബാംഗങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന്, പരസ്പരം മിണ്ടാതെ സോഷ്യല്‍ മീഡിയ നോക്കിയിരിക്കുന്നത് എന്തു കഷ്ടമാണ്. ആളുകളില്‍ നിന്ന് സ്നേഹവും ആത്മാര്‍ത്ഥതയുമെല്ലാം അകന്നുപോയിരിക്കുന്നു. ഇക്കാലത്തെ ആളുകള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതായി തോന്നും. * പുതിയ ചിത്രങ്ങള്‍ ഈ വര്‍ഷം നാലു ചിത്രങ്ങളാണ് കമ്മിറ്റ് ചെയ്തിട്ടുള്ളത്. നാലിന്‍റെയും ഷൂട്ടിങ് പുരോഗമിക്കുന്നു. ദിലീപേട്ടന്‍ നായകനാകുന്ന ‘ശുഭരാത്രി’. അതില്‍ ഡോക്ടറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഡോക്ടറുടെ പേര് ഷീല എബ്രഹാം എന്നാണ്. എന്‍റെ പേരുമായി സാമ്യമുള്ള പേര്. നല്ല ക്യാരക്ടര്‍ ആണിത്. ഞാന്‍ ചെയ്ത മറ്റു സിനികളിലെപ്പോലെ നല്ല കഥാപാത്രം. ദിലീപേട്ടനൊപ്പം സിദ്ധീഖ് ഇക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളതു ഭാഗ്യമായി കാണുന്നു. മറ്റൊരു ചിത്രം, ‘പട്ടാഭിരാമന്‍’. ജയറാമേട്ടനാണ് ചിത്രത്തിലെ നായകന്‍. ഞാന്‍ രണ്ടാമത്തെ പ്രാവശ്യമാണ് ജയറാമേട്ടന്‍റെ നായികയാകുന്നത്. ആടുപുലിയാട്ടത്തില്‍ ജയറാമേട്ടന്‍റെ ജോഡിയായി അഭിനയിച്ചിരുന്നു. ആടുപുലിയാട്ടത്തിന്‍റെ ടീമാണ് പട്ടാഭിരാമനില്‍. കോമഡിക്കു പ്രധാന്യമുള്ള സിനിമയാണ്. നല്ലൊരു മേസേജ് ഉള്ള സിനിമയായിരിക്കും പട്ടാഭിരാമന്‍. നമ്മുടെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന വിഷയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘അല്‍ മല്ലു’ എന്ന ചിത്രത്തില്‍ വേഷമിട്ടു. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പ്രവാസജീവിതവുമായി ബന്ധപ്പെട്ട സ്റ്റോറിയാണ് ‘അല്‍ മല്ലു ‘ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. നാലാമത്തെ ചിത്രമാണ് ‘അമിഗോസ്’. ശബരീഷും കൃഷ്ണശങ്കറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മീരാ തമ്പി ഐ.പി.എസ് എന്ന പോലീസ് ഓഫിസറെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. * കുറച്ചു ചിത്രങ്ങള്‍, നല്ല കഥാപാത്രങ്ങള്‍ കുറച്ചു ചിത്രങ്ങളാണു ചെയ്തിട്ടുള്ളത്. അതില്‍ കിട്ടിയതെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനൊന്നും ഒരുപാടു കഥാപാത്രങ്ങള്‍ എനിക്കു കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. ഒരു കഥ കേള്‍ക്കുമ്പോള്‍ നമുക്കെന്താണ് ചെയ്യാന്‍ പറ്റുന്നതെന്നു നോക്കും. അതാണു ഞാന്‍ ശ്രദ്ധിക്കുക. * സിനിമാ നിര്‍മാതാവും പ്രമുഖ ബിസിനസുകാരനുമാണ് ഭര്‍ത്താവ് എബ്രഹാം മാത്യു. സ്വന്തം പ്രൊഡക്ഷനില്‍ മാത്രമാണോ അഭിനയം സ്വന്തം പ്രൊഡക്ഷനില്‍ (അബാം മൂവീസ്) മാത്രമാണ് അഭിനയിക്കുക എന്നതു മറ്റുള്ളവരുടെ തെറ്റായ ധാരണയാണ്. ആടുപുലിയാട്ടം അബാം മൂവീസ് നിര്‍മിച്ചതല്ല. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന അല്‍ മല്ലു, അമിഗോസ് ഇതെല്ലാം പുറത്തെ സിനിമകളാണ്. അങ്ങനെയൊരു ധാരണ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, അതെല്ലാം മാറിവരുന്നു. പ്രേക്ഷകരുടെ അംഗീകാരം മാത്രം പോരാ, സിനിമയിലുള്ളവരാണ് വേഷങ്ങള്‍ തരേണ്ടത്.