
നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ സജീവമാണ് രോഹിണി. ഇടയ്ക്ക് ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ മാത്രമേ സിനിമയോട് മടുപ്പു തോന്നാറുള്ളു. അപ്പോഴൊക്കെ സിനിമയില്‍ വരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകും. ചെന്നൈയിലെ വീട്ടില്‍ രോഹിണിയിപ്പോള്‍ തനിച്ചാണ്. ഏക മകന് ഋഷി ഇറ്റലിയില്‍ മെഡിസിന് പഠിക്കുന്നു. രോഹിണിയുടെ വിശേഷങ്ങളിലേക്ക്.
* മലയാളം എനിക്കിഷ്ടം
ബാലതാരമായി സിനിമയിലെത്തി. തുടര്‍ന്ന്, സിനിമ എന്ന വലിയലോകത്തെ അനുഭവങ്ങള്‍. കയ്ക്കുന്നതും മധുരിക്കുന്നതും.. അങ്ങനെ ഒരുപാട്. മലയാളം സിനിമയോട് എനിക്കെപ്പോഴും സ്നേഹമാണ്. എന്നെ അഭിനയം പഠിപ്പിച്ചത് മലയാളം സിനിമയാണ്. ജീവിതത്തിലെ മറക്കാനാവാത്ത കാര്യങ്ങള്‍ സമ്മാനിച്ചതും മലയാളം തന്നെ. എണ്പതുകളിലൊക്കെ മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. നല്ല സംവിധായകരുടെയും അഭിനേതാക്കളുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. 90-കളുടെ തുടക്കം വരെ വല്ലാത്ത ഒരു കാലഘട്ടമായിരുന്നു. ഞങ്ങള്‍ ചെയ്തിരുന്നതൊക്കെ ശുദ്ധ സിനിമകളാണ്.
അന്ന്, രാത്രിയോ പകലോയില്ലാതെ ചിത്രീകരണം നടക്കും. ഭരതന്റെ ഒഴിവുകാലം എന്ന പടം തീര്‍ത്തത് 18 ദിവസം കൊണ്ടാണ്. അന്ന് പക്കാ സ്ക്രിപ്റ്റും തെളിഞ്ഞ ചിന്തകളുമുള്ള സംവിധായകരായിരുന്നു.
* മലയാളം അറിയാത്തത് നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തടസം
അങ്ങനെ തോന്നയിട്ടുണ്ട്. മലയാളം അറിയാത്തതുകൊണ്ട് പല കഥാപാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അടൂര്‍ സാറിന്റെ കൂടെയും അരവിന്ദന് സാറിന്റെ കൂടെയുമൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. ആ കാലത്തൊക്കെ ടീനേജായ കുസൃതി കഥാപാത്രങ്ങളാണ് എന്നെ തേടി വന്നിട്ടുള്ളത്. അതൊന്നും അത്ര ഗൗരവമുള്ളതായിരുന്നില്ല.
ജലജയും മേനകയും ചെയ്തിരുന്നത് ഗംഭീര വേഷങ്ങളായിരുന്നു. പ്രധാനമായും ജലജ. ജലജയ്ക്ക് അത്തരം വേഷങ്ങള്‍ കിട്ടിയത് അവര്‍ മലയാളിയായതിന്റെ പരിഗണന കൊണ്ടായിരിക്കും. ഞാന്‍ തെലുങ്കത്തിയല്ലേ. എന്നാലും, കാണാന്‍ ഞാന്‍ മലയാളിയെ പോലെയാണ്. പക്ഷേ, എനിക്കന്ന് മലയാളം ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞില്ല. രോഹിണിക്ക് മലയാളം അറിയില്ലെന്നു പലരും വിചാരിച്ചുകാണും.
* അടൂരിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ മോഹം
അടൂരിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അടൂര്‍ സാറിനോടു പലവട്ടം ചാന്‍സ് ചോദിച്ചിട്ടുണ്ട്. സാര്‍, എനിക്ക് ഒരു അവസരം തരുമോ എന്ന്. പക്ഷേ പറ്റിയ കഥാപാത്രങ്ങള്‍ വേണ്ടേ എന്നായിരുന്നു മറുചോദ്യം. അദ്ദേഹം നാലു പെണ്ണുങ്ങള് എടുക്കുന്ന സമയത്ത് ഞാന്‍ വീണ്ടും അവസരം ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഞാന്‍ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്ന്. നിര്‍ഭാഗ്യത്തിന് എനിക്കന്ന് ഷോര്‍ട് മുടി ആയിപ്പോയി. ആ അവസരം നഷ്ടമായി.
