‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രം കണ്ടിറങ്ങിയവര്‍ ബേബിമോളെ മറക്കില്ല. നിരവധി ജനപ്രിയ ഹിറ്റുകള്‍ സമ്മാനിച്ച ബെന്നി പി. നായരമ്പലത്തിന്‍റെ മകള്‍ അന്ന ബെന്‍ ആണ് വെള്ളിത്തിരിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. പഞ്ച് ഡയലോഗുകളിലൂടെ അന്ന തിയേറ്ററില്‍ കൈയടുകയും പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തു. അന്നയുടെ വിശേഷങ്ങള്‍ * കുമ്പളങ്ങി നൈറ്റ്സ് ഓര്‍മവച്ച കാലം മുതല്‍ സിനിമ ഇഷ്ടമാണ്. പപ്പയുടെ കൂടെ ലൊക്കേഷനുകളില്‍ പോകാറുണ്ടായിരുന്നു. ബെന്നിയുടെ മകള്‍ എന്ന പരിഗണനകൊണ്ട് സിനിമയില്‍ എന്‍ട്രി എളുപ്പം ആകുമായിരുന്നിരിക്കാം. പക്ഷേ, എനിക്കെന്‍റെ കഴിവില്‍ വിശ്വാസം പോരായിരുന്നു. പ്ലസ് ടു കഴിഞ്ഞ് ബംഗളൂരുവില്‍ ഫാഷന്‍ ടെക്നോളജി പഠിക്കുമ്പോഴും ഉള്ളില്‍ എവിടെയോ സിനിമ ആയിരുന്നു. പിന്നീട്, ഒരു വര്‍ഷം അവിടെ ജോലി ചെയ്തു. ഹയര്‍ സ്റ്റഡീസിന് ചേരാം എന്നു കരുതി നാട്ടില്‍ വന്ന സമയത്ത്, ആഷിഖ് അബു ചേട്ടന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഓഡിഷനുള്ള ക്ഷണം കണ്ട് വെറുതെ ഫോട്ടോ അയച്ചുനോക്കി. കിട്ടുമെന്ന് ഉറപ്പില്ലാതിരുന്നതു കാരണം വീട്ടില്‍ പറഞ്ഞില്ല. നാല് ഓഡിഷനുകള്‍ ഉണ്ടായിരുന്നു. സെലക്ടഡ് ആയെന്ന വാര്‍ത്ത എന്നെ ശരിക്കും ഞെട്ടിച്ചു. പിന്നെ ധൈര്യമായിട്ട് ബെന്നി പി. നായരമ്പലത്തിന്‍റെ മകളാണെന്ന് പറഞ്ഞു. അങ്ങനെ ദിലീഷേട്ടനാണ് (ദിലീഷ് പോത്തന്‍) പപ്പയെവിളിച്ച് കാര്യങ്ങള്‍ പറയുന്നത്. ഞാന്‍ സിനിമയുടെ ഭാഗമാകുമെന്ന് പപ്പയ്ക്ക് മുമ്പേ തോന്നിയിരുന്നു. ചെറുതായി എഴുതാറുള്ളതുകൊണ്ട്, എഴുത്തുകാരി എന്ന നിലയില്‍ ആയിരിക്കുമോ അഭിനേത്രി എന്ന നിലയ്ക്കാകുമോ എന്‍ട്രി എന്നായിരുന്നു സംശയം. * അരങ്ങേറ്റം മികച്ച ടീമിനൊപ്പം എത്ര മികച്ച ആക്ടിങ് സ്കൂളില്‍ ചേര്‍ന്നാലും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം പാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല. നമുക്കു പൂര്‍ണ സ്വാതന്ത്ര്യം തന്നുകൊണ്ട് മനസില്‍ കണ്ട ബേബിമോളെ അവതരിപ്പിക്കാാന്‍ മധു ചേട്ടന്‍ (മധു സി. നാരായണന്‍) സഹായിച്ചു. കാണുന്ന രംഗങ്ങളെ അസാധാരണ ഭംഗിയോടെ ഒപ്പിയെടുത്തിരിക്കുകയാണ് ഛായാഗ്രാഹകനായ ഷൈജു ഖാലിദ്. സമീറ ചേച്ചി (സമീറ സനീഷ്) കഥാപാത്രങ്ങള്‍ക്ക് ഏറ്റവും ഉചിതമായ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നതും ഞാന്‍ നോക്കി പഠിക്കാന്‍ ശ്രമിച്ചു. കഥാപാത്രങ്ങളെ അതേ രീതിയില്‍ പകര്‍ത്താന്‍ ശ്യാം ചേട്ടന്‍റെ (ശ്യാം പുഷ്കരന്‍) ഓരോ ഡയലോഗിനൂം കഴിഞ്ഞു. ചുറ്റുമുള്ള എല്ലാവരും സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുമ്പോള്‍, വെറുതെ ഡയലോഗ് പറയേണ്ട കാര്യമേ ഉള്ളു. ഉദ്ദേശിക്കുന്ന ഫീല്‍ തനിയേ വരും. തുടക്കക്കാരിയായ എന്നെ സംബന്ധിച്ചത് അതു മഹാഭാഗ്യമാണ്.