
അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എ.കെ. പുതിയങ്ങാടിയുടെ ‘പ്രഭാതം ചുവന്ന തെരുവില്‍’ എന്ന നാടകം കോഴിക്കോട് യുണൈറ്റഡ് ഡ്രാമാറ്റിക് അസോസിയേഷന് അരങ്ങിലെത്തിക്കുന്നത്. യു.ഡി.എയുടെ പത്താമത് നാടകമായിരുന്നു അത്. ആ ഘട്ടത്തിലാണ് മലബാര്‍ കേന്ദ്ര കലാസമിതി തൃശൂരില്‍ വച്ച് നടത്തിയ നാടകോത്സവത്തിലേക്ക് ‘പ്രഭാതം ചുവന്ന തെരുവില്‍’ തെരഞ്ഞെടുക്കപ്പെടുന്നത്. നാടകത്തിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ മാധവനെ ആര് അവതരിപ്പിക്കും എന്നത് വലിയൊരു ചര്‍ച്ചയായി. പ്രത്ഭരായ പല നടന്മാരുടെയും മുഖങ്ങള്‍ പുതിയങ്ങാടിയുടെ മനസിലൂടെ കടന്നുപോയി. ഒടുവില്‍ നറുക്കു വീണത് പി. ഭാസ്കര്‍ എന്ന നടന്. മലബാറിലെ അമേച്വര്‍ നാടകരംഗത്ത് നിറഞ്ഞുനിന്നിരുന്ന നടനായിരുന്നു പി. ഭാസ്കര്‍. യു.ഡി.എയുടെ സ്നേഹപൂര്‍വമായ ക്ഷണം സ്വീകരിച്ച് ‘പ്രഭാതം ചുവന്ന തെരുവിലെ’ മാധവനാകാന്‍ അയാളെത്തി. പക്ഷേ, നായികയായ ആമിനയെ അവതരിപ്പിക്കാന്‍ ഒരു നടിപോലുമില്ല. അക്കാലത്ത് മിക്കവാറും നാടകങ്ങളില്‍ നടന്മാര് തന്നെയായിരുന്നു സ്ത്രീവേഷം കെട്ടിയിരുന്നത്.
‘ഇനി എന്തു ചെയ്യും?’ എന്ന പുതിയങ്ങാടിയുടെ ചോദ്യത്തിനു മുമ്പില്‍ ഭാസ്കര്‍ പറഞ്ഞു: “എ.കെ.പി വിഷമിക്കേണ്ട, നടിയെ ഞാന്‍ കൊണ്ടുവരാം.” അടുത്ത ദിവസം രാവിലെ റിഹേഴ്സല്‍ ക്യാംപിലേക്ക് നായികയെയും കൊണ്ട് ഭാസ്കറെത്തി. ‘ഇതാരാ..?’ പുതിയങ്ങാടി ചോദിച്ചു. ‘ഇത് എന്റെ ജീവിത നായിക, സംശയമുണ്ടോ?’ ഭാസ്കറിന്റെ മറുപടി.
‘കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ’ പുതിയങ്ങാടി ചോദിച്ചു.
‘അതു പറഞ്ഞിട്ട് കാര്യമില്ലല്ലോ, മധുവിധു ആഘോഷിക്കാന്‍ പോയാല്‍ നാടകം നടക്കില്ല. നമുക്ക് റിഹേഴ്സല്‍ തുടങ്ങാം.’ ഭാസ്കറിന്റെ മറുപടി കേട്ട് യു.ഡി.എയുടെ പ്രവര്‍ത്തകര്‍ അമ്പരന്നു. രാപ്പകലുകള്‍ നീണ്ടുനിന്ന റിഹേഴ്സല്‍. നാടകം അരങ്ങിലെത്തി. മാധവനായി ഭാസ്കറും ആമിനയായി ഭാസ്കറിന്റെ ഭാര്യയും തകര്‍ത്തഭിനയിച്ചു. ഒടുവില്‍, നാടകത്തിന്റെ മത്സരഫലം പ്രഖ്യാപിക്കപ്പെട്ടു. മികച്ച നടന്: പി ഭാസ്കര്‍. പിന്നീട് പല നാടകങ്ങളിലും ഈ ദമ്പതികള്‍ വേഷമിട്ടു. പക്ഷേ, മലയാള നാടകചരിത്രത്തില്‍ പി. ഭാസ്കര്‍ എന്ന നടനെ നമുക്കു കണ്ടെത്താനാവില്ല. എന്നാല്‍, പില്ക്കാലത്ത് നെല്ലിക്കോട് ഭാസ്കരന് എന്നു പ്രശസ്തനായ നടനായിരുന്നു പി. ഭാസ്കര്‍ എന്നറിയുമ്പോള്‍ ആദരവുകൊണ്ട് നമ്മുടെ മനസ് നിറയും. അപ്പോഴും നാടകത്തില്‍ വളരെ സജീവമായ ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് നെല്ലിക്കോട് ഭാസ്കരന്റെ ഭാര്യ എവിടെയും പറഞ്ഞിട്ടില്ല. രേഖപ്പെടുത്തിയിട്ടുമില്ല. ശരിക്കും പ്രഭാതം ചുവന്ന തെരുവില്‍ എന്ന നാടകത്തോടെയാണ് ഒരു നടന് എന്ന നിലയില്‍ നെല്ലിക്കോട് ഭാസ്കരന് ഏറെ പ്രശസ്തനാകുന്നത്.
എ.കെ.ജിയുടെ അഭിനന്ദനം
മലബാറിലെ നാടകവേദി ജനകീയ പ്രസ്ഥാനങ്ങള്‍ക്കു മുമ്പില്‍ ദീപശിഖയേന്തിയ കാലത്താണ് നെല്ലിക്കോട് ഭാസ്കരന് എന്ന കലാകാരന്റെ പിറവി. നാടകമെന്നത് ജീവിതത്തിന്റെ തുടര്‍ച്ചയാണെന്ന് കരുതപ്പെട്ടിരുന്ന സുവര്‍ണകാലം കൂടിയായിരുന്നു അത്. നാടകം കളിച്ച് പ്രതിഫലവും വാങ്ങി വീടുകളിലേക്കു പോകുകയായിരുന്നില്ല നാടക കലാകാരന്മാര്. തങ്ങളുടെ കലാപ്രവര്‍ത്തനങ്ങള്‍ ജനകീയ വിപ്ലവങ്ങളുടെ വളര്‍ച്ചയ്ക്കു നല്കുന്ന പങ്കിനെക്കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. മലബാറിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു നാടകവും നടന്മാരും നാടകകൃത്തുക്കളുമൊക്കെ വഹിച്ച പങ്ക് ആര്‍ക്കും മറക്കാന്‍ കഴിയില്ല. ജീവിതമുന്നേറ്റത്തിന്റെ സന്ദേശങ്ങള്‍ പകര്‍ന്നു നല്കിയ ആ കാലഘട്ടത്തിന്റെ നോവും വേവും അനുഭവിച്ചറിഞ്ഞുകൊണ്ടാണ് ചുണ്ടേപ്പുനത്തില്‍ രാമന്‍നായരുടെയും പീടികപ്പുറത്ത് നാരായണിയമ്മയുടെയും മകനായി ജനിച്ച പി. ഭാസ്കര മേനോന് നെല്ലിക്കോട് ഭാസ്കരനായി വളര്‍ന്നത്. ആ ജീവിതത്തിനു പിറകില്‍ ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും നീണ്ട കഥകള്‍ ഉണ്ട്. വീട്ടിലെ ദാരിദ്ര്യം മൂലം നാലാം തരത്തില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. പിന്നെ ജീവിതനാടകത്തില്‍ എന്തെല്ലാം വേഷങ്ങള്‍. നെയ്ത്തുതൊഴിലാളി, കൈനോട്ടക്കാരന്, തയ്യല്ക്കാരന്, തെങ്ങുകയറ്റക്കാരന്, ഫോട്ടോഗ്രാഫര്‍, പൊറാട്ടുനാടകങ്ങളിലെ നടന്, മജീഷ്യന്‍… വീട്ടിലെ അടുപ്പു പുകയാന്‍ ഭാസ്കരന് കെട്ടിയാടാത്ത വേഷങ്ങളില്ല. അപ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടി വേദികളിലെ ഗായകനായിരുന്നു അയാള്‍. 1944 ല്‍ മുതലക്കുളം മൈതാനത്തു നടന്ന അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ഭാസ്കരന് പാടി. ‘ഭാരതമിനിയും പരന്റെ കീഴില്‍ ചങ്ങലയണിയാനോ..’ ആ പാട്ടിന് ജനസാഗരം നല്കിയ പിന്തുണ നിറഞ്ഞ കൈയടിയായിരുന്നു. എകെജി, ഇ.എം.എസ്, ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന് നായര്‍, പി.സി. ജോഷി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത പാര്‍ട്ടി റാലികളിലും ഭാസ്കരന് പാടി: ‘കേള്‍ക്കണം ഞാനന്നൊരുനാള് വോട്ടിനായിപ്പോയന്ന്…., ഇനി ഞമ്മളെ വോട്ടിക്കോഗ്രസിന് കൊടുക്കൂലാ…’ ഈ പാട്ടുകേട്ട് എ.കെ.ജി ഭാസ്കരനെ ആലിംഗനം ചെയ്തുതകൊണ്ടാണ് അഭിനന്ദിച്ചത്.
