
വിഷുത്തലേന്നുള്ള രാത്രി, കിടക്കുന്നതിനു മുമ്പായി അമ്മ തേച്ചുകഴുകി വൃത്തിയാക്കിവച്ച പിച്ചളത്താലം. വാല്‍ക്കണ്ണാടിയും വെള്ളരിക്കയും അലക്കിയ മുണ്ടും സ്വര്‍ണമാലയും പഴങ്ങളും ഗ്രന്ഥവും നിറഞ്ഞ ഉരുളിയ്ക്കരുകില് കൊന്നപ്പൂക്കള്ക്കൊണ്ടലങ്കരിച്ച ബാലഗോപാലന്റെ പ്രതിമ. അഞ്ചുതിരിയിട്ടു കത്തിച്ചുവച്ച നിലവിളക്കിന്റെ സ്വര്‍ണപ്രഭ. ‘പുത്തന്‍വരിഷത്തില്‍ പുലരിക്കണി കാണാന്‍’ അമ്മ മക്കളെ വിളിച്ചുണര്‍ത്തും. കാലും മുഖവും കഴുകിച്ച്, ഭസ്മം തൊടുവിച്ച്, കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തും. ശുഭപ്രതീക്ഷയോടെ അമ്മ ഒരുക്കിയ വിഷുക്കണി കണ്ടശേഷം മക്കള്‍ക്ക് അഞ്ചുപേര്‍ക്കും അച്ഛന്റെ വിഷുക്കൈനീട്ടം – അതൊരു കാലം.
ഞാന്‍ തനി നാട്ടുമ്പുറത്തുകാരനാണ്. നെടുമുടിക്കാരന്‍. വള്ളവും വെള്ളവും വയലുകളും നിറഞ്ഞ കുട്ടനാടന്‍ ഗ്രാമഭൂമികയില്‍ നിന്നു സിനിമയുടെ ലോകത്തേക്കു കടന്നുവന്ന എനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ആഘോഷം വിഷുവാണ്. ലൊക്കേഷനില്‍ നിന്നും ലോക്കേഷനിലേക്കുള്ള യാത്രക്കിടയിലും വിഷുവാഘോഷം അദ്ദേഹം മാറ്റിനിര്‍ത്താറില്ല. കൊന്ന ഇപ്പോള്‍ നേരത്തെ പൂക്കുന്നുണ്ടല്ലേ? കൊന്നപ്പൂക്കള്‍ കാണുമ്പോള്‍ത്തന്നെ മനസിനു വല്ലാത്തൊരു കുളിര്‍മയാണ്. കടുത്ത വേനലിനിടയിലും ഹൃദയഹാരിയായ ഒരു വിഷുക്കണിപോലെയാണത്. ഓണവും വിഷുവും ബക്രീദും ക്രിസ്തുമസുമെല്ലാം എനിക്കു പ്രിയപ്പെട്ട ആഘോഷങ്ങളാണ്. എങ്കിലും വിഷുവിനോടാണ് കൂടുതല്‍ ഇഷ്ടം. അത് എന്റെ കുട്ടിക്കാലത്തു തുടങ്ങിയതാണ്. പരീക്ഷ കഴിഞ്ഞ് സ്കൂള്‍ അടച്ചശേഷമുള്ള ഒരു ശ്വാസം വിടലാണത്. മാമ്പൂക്കളുടെ ഗന്ധവും കൊന്നപ്പൂവിന്റെ സുവര്ണസ്മിതവും വിഷുപ്പക്ഷിയുടെ പാട്ടും എല്ലാം ചേര്‍ന്ന് ഒരു പുതിയലോകത്തായിരിക്കും. ഇന്നതിന്റെ ശോഭയ്ക്ക് അല്‍പ്പം മങ്ങലേറ്റോ എന്ന് ഞാനും സംശയിക്കുന്നു. എങ്കിലും വിഷു ഇന്നും നമുക്ക് മാറ്റിനിര്‍ത്താനാകാത്ത ആഘോഷമാണ്.
ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ക്കിടയിലും വിഷു എന്നെ വീട്ടിലെത്തിച്ചിരിക്കും. നമ്മുടെ പൂര്‍വികന്മാരാല്‍ ആചരിച്ചുപോരുന്ന പല ആഘോഷങ്ങളുമുണ്ടെങ്കിലും അവ പലതും ചിട്ടപ്പടി ആഘോഷിക്കാന്‍ പറ്റാറില്ലെന്നുമാത്രം എങ്കിലും കണികാണലും കൈനീട്ടം നല്കലുമൊക്കെ ഞാനും തുടര്‍ന്നുപോരുന്നുണ്ട്.
*ആദ്യത്തെ വിഷുക്കൈനീട്ടം
അച്ഛന്റെ കൈയില്‍ നിന്നാണ് വിഷുക്കൈനീട്ടം ആദ്യം കിട്ടിയത്. കുട്ടിക്കാലത്ത് എല്ലാ വിഷുവിനും അച്ഛന് മുടങ്ങാതെ തരാറുള്ള നാണയം ശരിക്കും ഒരു ദക്ഷിണയാണ്. ഇന്ന് ഞാനതെന്റെ മക്കള്‍ക്കു കൊടുക്കുന്നു. ഷൂട്ടിങ് സ്ഥലത്താണ് വിഷു ആഘോഷിക്കേണ്ടിവരുന്നതെങ്കില് എന്നേക്കാള്‍ ഇളപ്പമുള്ളവര്‍ക്ക് ഞാന്‍ വിഷുക്കൈനീട്ടം നല്‍കാറുണ്ട്. അതു പലരും സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. പഴയ തലമുറയ്ക്ക് ഓട്ടക്കാലണയും അരയണയും ഒരണയുമൊക്കെയായി നിറഞ്ഞ മനസോടെ കാരണവന്മാര് നല്‍കിയിരുന്ന വിഷുക്കൈനീട്ടം ഇന്ന് വന്‍തുക പോക്കറ്റ് മണിയായി നല്കുന്നതു വരെയെത്തി. പക്ഷേ, അതിലൊന്നും അത്ഭുതപ്പെടാനില്ല. വാഴയിലയില്‍ ഊണുകഴിക്കണമെന്നായിരുന്നു പണ്ടത്തെ ചിട്ട. ഇന്നത് പേപ്പര്വാഴയിലവരെയെത്തിയില്ലേ? കാലം ഫാസ്റ്റാവുകയാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതരീതിയിലും ആഘോഷങ്ങളിലുമെല്ലാം ഉണ്ടാവും. അതില്‍ വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവുമില്ല. എങ്കിലും ഇത്തരം ആഘോഷങ്ങളില്‍ പുത്തനണിയാനും ഓര്മ പുതുക്കാനും വീട്ടില്‍ വിഷുക്കണിയൊരുക്കാനും മറക്കാത്തവര്‍ ഉണ്ടാകുന്നതുതന്നെ വലിയൊരു ആശ്വാസമാണ്. അവരുടെ മനസിലെങ്കിലും ഇത്തിരി കൊന്നപ്പൂവും ഗ്രാമത്തിന് മണവും മമതയും അവശേഷിക്കുന്നുണ്ടല്ലോ?
അമ്മയുണ്ടാക്കിയ സദ്യയുടെ രുചി ഇപ്പോഴും നാവില്‍ തുമ്പിലുണ്ട്. കണിവയ്ക്കുന്നതും സദ്യയുണ്ടാക്കുന്നതുമെല്ലാം അമ്മയായിരുന്നു. ഞങ്ങള്‍ അഞ്ച് ആണ്മക്കളായതുകൊണ്ട് എല്ലാവരുടെയും പ്രായപരിധിയില്‍പ്പെട്ട സുഹൃത്തുക്കള്‍ എപ്പോഴും വീട്ടിലുണ്ടാകും. അവരൊക്കെ അമ്മയുടെ കൈപ്പുണ്യം അറിഞ്ഞവരാണ്. സമയം കിട്ടുമ്പോഴൊക്കെ അമ്മയെ പോയിക്കാണാറുണ്ടായിരുന്നു. ഇപ്പോള്‍ നെടുമുടിയിലെത്താന്‍ ഒട്ടും പ്രയാസമില്ലല്ലോ. പണ്ടങ്ങനെയായിരുന്നില്ല. ബോട്ടിലും വള്ളത്തിലുമൊക്കെയായി ഒരു പാടു ദൂരം കാല്‍നടയായി യാത്ര ചെയ്തുവേണം നെടുമുടിയിലെത്താന്‍. അന്ന് നെടുമുടിക്കാരെയെല്ലാവരെയും നന്നായി അറിയാം. വീട്ടിലെത്തും മുമ്പ് എത്ര പേരോടാണ് സംസാരിക്കേണ്ടിവരിക. ഇന്ന് വീടിന്റെ മുറ്റംവരെ വാഹനമെത്തും. എന്റെ പല കഥാപാത്രങ്ങളുടെയും സ്വാഭാവിക രീതികളും മറ്റും എനിക്കു ഗ്രാമത്തില്‍ നിന്നും കിട്ടിയതാണ്. നെടുമുടിയില്‍ നിന്നും തിരുവനന്തപുരത്തെ ‘തമ്പി’ ലെത്തുമ്പോഴും നെടുമുടിക്കാരനായ എന്റെ ജീവിതരീതികളിലൊന്നും ഒരു മാറ്റവുമില്ല. ഒരു തനി ഗ്രാമീണമനസ് എപ്പോഴും സൂക്ഷിക്കുന്നു.
