ഇരുപതു വര്‍ഷം പിന്നിടുന്ന ചലച്ചിത്രജീവിതത്തിലും ഞാന്‍ സ്വന്തമാക്കിയത് കളങ്കമില്ലാത്ത സൗഹൃദമാണ്. എന്‍റെ സമ്പാദ്യവും വില മതിക്കാനാവാത്ത, ഒരു ഉപാധികളുമില്ലാത്ത ഈ സൗഹൃദങ്ങളാണ്. മനക്കണക്കില്‍ ഒതുങ്ങാത്ത ഈ സൗഹൃദങ്ങളില്‍ ഒരാള്‍ അനുവാദമില്ലാതെ തന്നെ ഹൃദയാങ്കണവും കടന്ന് ആത്മലയമുണ്ടാക്കിയ അപൂര്‍വ്വ വ്യക്തിത്വമാണ്. ഗിന്നസ് പക്രു. തെളിവാര്‍ന്ന എന്‍റെ ഓര്‍മയില്‍ ആദ്യമായി കണ്ട് പരിചയപ്പെട്ട പക്രുവിന്‍റെ മുഖമോ സംഭവമോ പതിഞ്ഞിട്ടില്ല. പ്രകടമായ മേനിയഴകിന്‍റെ അഭാവം എന്നില്‍ സൃഷ്ടിച്ച മുന്‍വിധിയായിരിക്കാം അതിനു കാരണം. പിന്നീടുള്ള ഒരോ കണ്ടുമുട്ടലും പെരുമാറ്റവും സംസാരവുമെല്ലാം ആ യാഥാസ്ഥിതിക മുന്‍വിധികളെ തകര്‍ത്തു തരിപ്പണമാക്കി എന്നെ ശൂദ്ധീകരിച്ചത് പക്രു അറിഞ്ഞു കൊണ്ടായിരിക്കില്ല. തെളിഞ്ഞ ചിരിയും നിറഞ്ഞ പ്രസരിപ്പും തികഞ്ഞ സ്നേഹവുമുള്ള നല്ല ആത്മാവിന്‍റെ ഉടമയാണ് ഗിന്നസ് പക്രു. ഉടലിന്‍റെ പരിമിതിയെ കഴിവാക്കി മാറ്റി ശുദ്ധമായ ഹൃദയത്താല്‍ സത്യസന്ധമായ കര്‍മം ചെയ്തു തനിക്കു ലഭിച്ച അപൂര്‍വ ജന്മവും ജീവിതവും മറ്റുള്ളവര്‍ക്കാപ്പെം ആഘോഷമാക്കി ആസ്വദിച്ച് ശാന്തമായ വിജയപീഠത്തിലെത്തിയ മഹ്വത് വ്യക്തിത്വമാണ് പക്രു. എന്തിനാ ഇത്ര ആമുഖം അല്ലേ? പറയാം. കാലം അരികിലെത്തിച്ച അസുലഭ മുഹൂര്‍ത്തം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതിങ്ങനെയായിരുന്നു…