
കൊടുങ്കാറ്റിന്റെ വേഗതയിലാണ് അയാള്‍ പ്രേക്ഷക മനസുകളിലേക്കു പടര്‍ന്നു കയറിയത്. ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ ചടുലസ്പന്ദനം. അമിതാഭ് ബച്ചന്; വെള്ളിത്തിരയുടെ സ്വന്തം’ബിഗ് ബി’. ആ രൂപം സ്ക്രീനില്‍ പ്രത്യക്ഷമാകുന്ന നിമിഷം മുതല്‍ കാഴ്ചക്കാരുടെ ഹൃദയത്തില്‍ ആരവങ്ങള്‍ മുഴങ്ങും. ഓരോ ചലനങ്ങളും ഇടിമുഴക്കം പോലെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കും. സംഭാഷണങ്ങള്‍ കസേരകളെ ഇളക്കിമറിക്കും. നാലുദശകങ്ങള്‍ പിന്നിട്ടിട്ടും ആവേശവും ആനന്ദലഹരിയും ഇന്നും പ്രേക്ഷകരില്‍ നിറയ്ക്കാന്‍ ആ സാന്നിധ്യത്തിനു കഴിയുന്നു.
കുട്ടിക്കാലം മുതലേ ഹൃദയത്തില്‍ കയറിക്കൂടിയ പേരാണത്. കടലുകാണുന്ന കുട്ടിയുടെ കൗതുകത്തോടെ ബച്ചനെ ഞാന്‍ കണ്ടു. ‘ഷോലെ’, ‘ഷാന്‍’, ‘സംജീര്’, ‘കാലാപത്തര്‍’… എല്ലാം തിയേറ്ററില്‍പോയി ആവേശത്തോടെ ആസ്വദിച്ചു. വികാരഭരിതമായ ആ ആരാധന, ബച്ചനെ അടുത്തറിഞ്ഞതോടെ നിറഞ്ഞ സ്നേഹമായി മാറി. ഗഗന സമാനമായ കഥാപാത്രങ്ങളുടെ ഗാംഭീര്യത്തേക്കാളുപരി, സ്നേഹത്തിന്റെയും നന്മയുടെയും മനുഷ്യഗോപുരമായാണ് എനിക്ക് അമിതാഭ് ബച്ചന് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
എന്തുമാത്രം സൗഭാഗ്യങ്ങളാണ് സിനിമ എനിക്കായി നീക്കിവച്ചതെന്ന് പലപ്പോഴും ഞാനാലോചിക്കാറുണ്ട്. ആ അനുഭവങ്ങള്‍ പലതും ഞാന്‍ എഴുതിയിട്ടുമുണ്ട്. പ്രേംനസീര്‍, മധു, കൊട്ടാരക്കര, തിക്കുറുശ്ശി, ശിവാജി ഗണേശന്, നാഗേശ്വരറാവു, കമല്ഹാസന് തുടങ്ങി എത്രയോ മഹാപ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാനും അവരുടെ സ്നേഹസൗരഭ്യം ആവോളം നുകരാനും എനിക്കായിട്ടുണ്ട്. ഈ പട്ടികയില്‍ ചേര്‍ക്കപ്പെടേണ്ട ഒരു പേരാണ് ബച്ചന്റെയും. കുട്ടിക്കാലം മുതല്‍ അത്ഭുതമായി മനസില്‍ കൊണ്ടുനടന്ന ഒരു മഹാനടനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് തീര്‍ച്ചയായും മഹാഭാഗ്യം തന്നെയാണ്.
സിനിമകളിലൂടെ മാത്രമറിഞ്ഞിരുന്ന ബച്ചനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് ഏഷ്യാനെറ്റിന്റെ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ്. സിനിമകളിലൂടെ അദ്ദേഹത്തിന് ഞാനും പരിചിതനായിരുന്നു. നേരിട്ടുള്ള പരിചയപ്പെടല്‍ തികച്ചും യാദൃച്ഛികമായിരുന്നു. ഒരപൂര്‍വത കൂടിയുണ്ടായിരുന്നു ആ സമാഗമത്തില്‍. ബച്ചന്റെ ആദ്യ സിനിമയായ ‘സാത്ത് ഹിന്ദുസ്ഥാനി’യില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അഭിനയിച്ചത് നമ്മുടെ സ്വന്തം മധു സാറായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി സിനിമയുമായിരുന്നു അത്. ബച്ചന് സാറും മധു സാറും തമ്മില്‍ പിന്നീട് അധികം കൂടിക്കാഴ്ചകളൊന്നും ഉണ്ടായിട്ടില്ലത്രേ. മധു സാറിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അത്ഭുതം വിടര്‍ന്നു. അദ്ദേഹം ചോദിച്ചു, ‘മധു സാര്‍ ഇപ്പോളെവിടെയുണ്ട് ലാല്‍?’ ‘സാറിനെ ഫോണില്‍ വിളിച്ചു തരാം’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. മധു സാറിനെ വിളിച്ച് ഫോണ്‍ ഞാന്‍ കൈമാറി. അവര്‍ തമ്മില്‍ ഏറെനേരം സംസാരിച്ചു. നേരില്‍ കണ്ടില്ലെങ്കിലും ശബ്ദത്തിലൂടെ സാധ്യമായ ആ സംഗമം ഒരു കാലഘട്ടത്തിന്റെ മടങ്ങിവരവുകൂടിയായി എനിക്ക് അനുഭവപ്പെട്ടു. മധു സാറിനൊപ്പം അഭിനയത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് ബച്ചന് സാര്‍ എന്നോടു പറഞ്ഞു.
‘സാത്ത് ഹിന്ദുസ്ഥാനി’യില്‍ തുടങ്ങിയ ബച്ചന്റെ അഭിനയജീവിതം ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്നുപോകുന്നത് ഏറെ അഭിമാനത്തോടെയാണ് കണ്ടിരുന്നത് എന്ന് മധു സാറും പില്ക്കാലത്ത് എന്നോട് പറയുകയുണ്ടായി. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം നീണ്ട ആ കൂടിക്കാഴ്ചക്കുള്ളില് ഞങ്ങളില്‍ രൂപപ്പെട്ട സൗഹൃദം മുജ്ജന്മ സുകൃതം പോലെ ഹൃദയഹാരിയായിത്തീര്ന്നു. രാത്രിയില്‍ വിടപറയവേ ബച്ചന്‍സാര്‍ പറഞ്ഞു, ‘നന്ദി ലാല്‍… വീണ്ടും കാണാം.’
കൂടിക്കാഴ്ചയുടെ ഇടവേള അധികം നീണ്ടില്ല. കാലം ചിലതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. അതിലേക്കു നമ്മള് അറിഞ്ഞോ അറിയാതെയോ എത്തിച്ചേരുകയാണ്. രാംഗോപാല്‍ വര്‍മയുടെ ‘ആഗ്’ എന്ന സിനിമയ്ക്കുവേണ്ടി ബച്ചന് സാറും ഞാനും വീണ്ടും സംഗമിച്ചു. ഇന്ത്യന്‍ സിനിമയുടെ ബൈബിള്‍ എന്നു പറയാവുന്ന ‘ഷോലെ’ പുതിയ രൂപത്തില്‍ ‘ആഗ്’ എന്ന പേരില്‍ ചിത്രീകരിക്കാനൊരുങ്ങുകയായിരുന്നു രാംഗോപാല്‍ വര്‍മ. എനിക്ക് ആ മഹാനടനൊപ്പം നടിക്കാനുള്ള അവസരം കൂടിയായി അതുമാറി. ‘ആഗി’ന്റെ ഷൂട്ടിങ് വേളയില്‍ ഞങ്ങള്‍ ഏറെ അടുത്തു. എന്റെ പല സിനിമകളും കണ്ടിട്ടുള്ള അനുഭവം അദ്ദേഹം പങ്കുവച്ചു.
അമിതാഭ് ബച്ചന് എന്ന അഭിനേതാവിന്റെ മഹത്വത്തെക്കുറിച്ച് ഏറെ അറിയാന്‍ കഴിഞ്ഞത് ‘ആഗി’ന്റെ ചിത്രീകരണകാലത്താണ്. ജോലിയോടുള്ള ആത്മാര്‍ത്ഥമായ സമീപനം അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഇന്ത്യന്‍ സിനിമയുടെ നെടുംതൂണുകളിലൊരാളാണ് താനെന്ന ഭാവം ഒട്ടുമേയില്ല. ഡയറക്ടര്‍ മുതല്‍ ലൈറ്റ് ബോയ് വരെ എല്ലാവരോടും വിനയത്തോടെ മാത്രം സംസാരിച്ചു. ഓരോ വാക്കുകളും സ്നേഹത്തില്‍ ചാലിച്ച് മാത്രം ഉരുവിടാനാകുന്ന ഘനഗംഭീര ശബ്ദം. സിനിമയ്ക്കപ്പുറവും ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കുന്നതിനുള്ള പാണ്ഡിത്യവും അദ്ദേഹത്തിനുണ്ട്. ഹിന്ദിയിലെ പ്രശസ്ത കവി ഹരിവംശറായിയുടെ മകന് ഈ സ്വഭാവമഹിമ പാരമ്പര്യമായി ലഭിച്ചതാണെന്ന കാര്യത്തില്‍ സംശയമില്ല. ഭാരതത്തിന്റെ മഹത്തായ സംസ്കാരം തന്നെയാണ് ഒരര്‍ത്ഥത്തില്‍ അമിതാഭ് ബച്ചന്.
‘ആഗി’ന്റെ ചിത്രീകരണവും തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ‘ഷോലെ’ പോലെ…
